മർകസ് ക്വീൻസ് ലാൻഡിൽ അദവിയ്യ ഹോസ്റ്റൽ ഉദ്‌ഘാടനം വെള്ളിയാഴ്ച

0
2389
SHARE THE NEWS

കോഴിക്കോട്: പെൺകുട്ടികൾക്ക് മാത്രമായി അത്യാധുനിക വൈജ്ഞാനിക പദ്ധതികളോടെ മർകസ് നോളജ് സിറ്റിയിൽ ഒരുക്കുന്ന വിശാലമായ ജ്ഞാന സമുച്ചയമായ ക്വീൻസ് ലാൻഡിൽ നവീനവും മികവുറ്റതുമായ സൗകര്യങ്ങളോടെ നിർമിച്ച അദവിയ്യ ഹോസ്റ്റൽ ഉദ്‌ഘാടനം വെള്ളിയാഴ്ച നടക്കും. പ്രമുഖർ സംബന്ധിക്കും.

മുപ്പത് ഏക്കറിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവും അക്കാദമികവുമായ വിവിധ പഠന ശാഖകളിൽ പെൺകുട്ടികൾക്ക് ആഴമുള്ള വിജ്ഞാനം നേടാൻ ആവശ്യമായ കാമ്പസുകളാണ് ക്വീൻസ് ലാൻഡിൽ രൂപംകൊള്ളുന്നത്. അദവിയ്യ എന്ന് നാമകരണം ചെയ്യപ്പെട്ട സ്ഥാപനത്തിൽ 246 വിദ്യാർഥിനികൾക്ക് താമസിച്ചു പഠിക്കാനുള്ള സർവ്വ സജ്ജീകരണങ്ങളുമുള്ള കെട്ടിടത്തിൽ 62 മുറികളാണ് ഉള്ളത്.

പ്രവിശാലമായ നടുത്തളം, ഇംഗ്ലീഷ്, അറബി, ഉറുദു, മലയാളം ഭാഷകളിലുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി, കമ്പ്യൂട്ടർ, ആരോഗ്യ പരിപാലനത്തിനുള്ള പരിശീലന സൗകര്യം, ഡൈനിങ് ഹാളും കിച്ചണും, ഇൻഡോർ ഗെയിംസ് , പഠനത്തിനായി സജ്ജീകരിച്ച റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന കെട്ടിടമാണ് ഇത്.

നേരത്തെ ക്വീൻസ് ലാൻഡിൽ നിർമിച്ച സഅദിയ്യ ഹോസ്റ്റലിൽ 200 വിദ്യാർത്ഥിനികൾ നിലവിൽ പഠിച്ചു വരുന്നു. യുനാനി മെഡിക്കൽ പഠനം, നിയമ പഠനം, എഞ്ചിനീറിങ് , ഇസ്‌ലാമിക ജ്ഞാന ശാസ്ത്രം എന്നിവയിൽ നോളജ് സിറ്റിക്ക് കീഴിൽ പഠനം നടത്തുന്ന വിദ്യാർത്ഥിനികൾക്ക് രാഷ്ട്രാന്തര തലത്തിൽ ലഭ്യമായ സൗകര്യങ്ങൾ ഇനി പുതിയ ഹോസ്റ്റലിൽ നിന്ന് അനുഭവിക്കാനാവും.

ശരീഅക്ക് പ്രാധാന്യം നൽകി ഇസ്‌ലാമിക വിജ്ഞാനത്തിൽ ഉന്നത പഠനം നടത്തുന്നവർക്കുള്ള കോഴ്‌സായ ഇന്റെഗ്രെറ്റഡ് പ്രോഗ്രാം ഇൻ ശരീഅ ആൻഡ് ഹ്യൂമാനിറ്റിസിലെ വിദ്യാർഥിനികൾക്ക് ഈ കാമ്പസിൽ പ്രത്യേക അക്കാദമിയുമുണ്ട്. ഹോം സയൻസ്, മനശാസ്ത്ര പഠനം, എഴുത്ത്-അധ്യാപന പരിശീലനം, അക്കാദമിക രചനാൾക്കുള്ള പരിശീലനം തുടങ്ങി വിവിധ സൗകര്യങ്ങളും പഠിതാക്കൾക്ക് ലഭ്യമാക്കും. മൂന്നു നിലകളിൽ 32266 സ്‌ക്വയർ ഫീറ്റിൽ നിർമിക്കുന്ന കെട്ടിടം പത്തുമാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

പെൺകുട്ടികളുടെ മതവും സംസ്കാരവും സംരക്ഷിച്ചു ഉന്നത വിദ്യാഭ്യാസത്തിന്റെ നാനോന്മുഖ വികാസവും സർവ്വപുരോഗതികളും സാധ്യമാക്കുന്ന കാമ്പസുകളാണ് ക്വീൻസ് ലാൻഡിൽ നിർമിച്ചുകൊണ്ടിരിക്കുന്നതെന്നും അദവിയ്യ ഹോസ്റ്റലിന്റെ നാമകരണം ഇസ്‌ലാമിക ചരിത്രത്തിലെ ആധ്യാത്മിക സാന്നിധ്യമായ റാബിഅത്തുൽ അദവിയ്യയെ അനുസ്‌മരിച്ചാണെന്നും നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.


SHARE THE NEWS