മർകസ് തകാഫുൽ സംസ്ഥാന കുടുംബ സംഗമം സമാപിച്ചു

0
1002
മര്‍കസില്‍ നടന്ന തകാഫുല്‍ കുടുംബ സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
മര്‍കസില്‍ നടന്ന തകാഫുല്‍ കുടുംബ സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: മർകസിന്റെ ചാരിറ്റി വിഭാഗമായ തകാഫുൽ സംസ്ഥാന കുടുംബ സംഗമം സമാപിച്ചു. മർകസ് നടത്തുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളോട് സഹകരിച്ചു വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ജ്ഞാനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന കേരളത്തിലെ ആയിരത്തിലധികം തകാഫുൽ അംഗങ്ങൾ സമ്മേളനത്തിൽ സംബന്ധിച്ചു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർമുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ നാൽപത്തിയൊന്ന് വർഷങ്ങൾ കൊണ്ട് ഇന്ത്യയിലെ 22 സംസ്ഥങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും നിരാലബരും അശരണരുമായ വിദ്യാർത്ഥികൾക്ക് ഉന്നതമായ വിജ്ഞാനം നൽകാൻ സാധിക്കുകയും ചെയ്‌തത്‌ സമൂഹത്തിൽ നിന്ന് ലഭിക്കുന്ന നിറഞ്ഞ പിന്തുണ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം കൊണ്ടു മാത്രമേ സമൂഹത്തിൽ ക്രിയാത്മകമായ മാറ്റം സാധ്യമാവുകയുള്ളൂ. സാമ്പത്തികമായും സാമൂഹികമായും ഭദ്രമായ സാഹചര്യങ്ങളിൽ ഉള്ളവർക്ക് ലഭിക്കുന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം പാവപ്പെട്ടവർക്കും ലഭിക്കണം. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിൽ എത്തിച്ചതിൽ മർകസിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. മർകസ് പദ്ധതികളുമായി സഹകരിക്കുന്നവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനക്കും കാന്തപുരം നേതൃത്വം നൽകി. മർകസ് വൈസ് പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു . മർകസ് അസിസ്റ്റന്റ് മാനേജർ സി.പി ഉബൈദുല്ല സഖാഫി ആമുഖം അവതരിപ്പിച്ചു. മർസൂഖ് സഅദി കണ്ണൂർ സ്വാഗതവും ശിഹാബുദ്ധീൻ സഖാഫി പെരുമ്പിലാവ് നന്ദിയും പറഞ്ഞു.


SHARE THE NEWS