മർകസ് നോളജ് സിറ്റിയിൽ ബ്രെയിൻ റിസേർച് സെന്റർ ആരംഭിക്കുന്നു

0
1257
SHARE THE NEWS

യൂറോപ്പിലെ പ്രധാന ബ്രയിൻ ഗവേഷക യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതിയാരംഭിക്കുന്നത് 

കോഴിക്കോട്: യൂറോപ്പിലെ ഏറ്റവും വലിയ  രണ്ടാമത്തെ ബ്രെയിൻ ഗവേഷക കേന്ദ്രമായ ഉസ്‌കുദാർ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു മർകസ് നോളജ് സിറ്റിയിൽ  ബ്രെയിൻ റിസേർച് സെന്റർ ആരംഭിക്കുന്നു. ഇന്നലെ മർകസ് നോളജ് സിറ്റിയിൽ  നടന്ന  ഉസ്‌കുദാർ യൂണിവേഴ്‌സിറ്റിയുമായുള്ള  തമ്മിലുള്ള അക്കാദമിക ചർച്ചയിലാണ് അത്യാധുനിക ബ്രെയിൻ വിജ്ഞാന ശാഖകളിൽ ഗവേഷണ പഠനം സാധ്യമാക്കുന്ന ബ്രെയിൻ ഗവേഷക കേന്ദ്രം ആരംഭിക്കാൻ തീരുമാനമായത്. 

ഉസ്‌കുദാർ യൂണിവേഴ്‌സിറ്റി മർകസുമായി സഹകരിച്ചു സംഘടിപ്പിച്ച ‘മസ്തിഷ്‌ക പഠനം: പുതിയ രീതികളും പഠന ശാഖകളും’ എന്ന വിഷയത്തിൽ അന്താരാഷ്‌ട്ര സെമിനാർ  മർകസ് നോളജ് സിറ്റിയിൽ നടന്നു. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നും മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള 200 ഡോക്ടർമാരും വിദ്യാർത്ഥികളും സംബന്ധിച്ച സെമിനാർ  ലോകത്തെ പ്രശസ്ത ന്യൂറോ ശാസ്ത്രജ്ഞനായ ഡോ. നവസത് ടെഹ്‌റാൻ ഉദ്‌ഘാടനം ചെയ്‌തു. ശാരീരികമായ രോഗങ്ങളെക്കാൾ മാരകമാണ് മാനസികമായ പ്രശ്‌നങ്ങളെന്നും  ഏറ്റവും പുതിയ ടെക്‌നോളജികൾ ഉപയോഗിച്ചു മസ്‌തിഷ്‌കത്തിന്റെ സാധ്യതകൾ വികസിപ്പിക്കുകയും, പരിമിതികൾ  പരിഹരിക്കുകയും ചെയ്യുന്ന രീതി ഇന്ത്യയിലിനിയും വികസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മസ്തിഷ്‌ക ഗവേഷണം ലോകത്ത്  അതിദ്രുത ഗതിയിൽ വളർന്നു വരുന്ന പഠന ശാഖയാണെന്നും, ഇന്ത്യയിൽ നിന്ന് പ്രതിഭകളായ വിദ്യാർത്ഥികളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് തങ്ങളുടെ ഉപകേന്ദ്രം നോളജ് സിറ്റിയിൽ ആരംഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.  

ഉസ്കുദാർ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് ഡോ. മെഹ്‌മേത് സൽക മുഖ്യപ്രഭാഷണം നടത്തി. ‘കൃത്രിമ ബുദ്ധിയും ന്യൂറോ സയൻസും’ എന്ന വിഷയത്തിൽ ഡോ.തുർകുർ തേകിൻ, ‘ തുർക്കി ഭാഷാ പഠനവും യൂറോപ്പിലെ പഠനാവസരങ്ങളും’ എന്ന വിഷയത്തിൽ ഡോ.സെൽകുക് സമാൻ എന്നിവർ പ്രഭാഷണം നടത്തി.  മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ യൂറോപ്യൻ അക്കാദമിക സംഘവുമായുള്ള ചർച്ചയും നടന്നു. മർകസുമായി ഉസ്‌കുദാർ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ തുർക്കിയിൽ അന്താരാഷ്ട്ര യുനാനി പഠന കേന്ദ്രം ആരംഭിക്കാൻ ചർച്ചയിൽ ധാരണയായി.   മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി,  മർകസ് വൈസ് ചാൻസലർ ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, മർകസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടർ ഡോ അബ്ദുസ്സലാം, മർകസ് അക്കാദമിക പ്രോജക്ട് ഡയറക്ടർ കെ.വി ഉമറുൽ ഫാറൂഖ്, അമീർ ഹസൻ, ഉനൈസ് മുഹമ്മദ്  എന്നിവർ സെമിനാറിൽ പ്രസംഗിച്ചു. 


SHARE THE NEWS