മർകസ് നോളേജ് സിറ്റിയിൽ പൗരാണിക ഗ്രന്ഥശേഖരം ഒരുക്കുന്നു

0
4786
മർകസ് നോളജ് സിറ്റിയിൽ ഒരുങ്ങുന്ന ഗ്രന്ഥ ശേഖരത്തിന്റെ ഉദ്‌ഘാടനം കുറിച്ച് നടന്ന ചടങ്ങിൽ തന്റെ 75 അറബി പുസ്തകങ്ങൾ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് വി.പി.എം ഫൈസി വില്യാപ്പള്ളി കൈമാറുന്നു
മർകസ് നോളജ് സിറ്റിയിൽ ഒരുങ്ങുന്ന ഗ്രന്ഥ ശേഖരത്തിന്റെ ഉദ്‌ഘാടനം കുറിച്ച് നടന്ന ചടങ്ങിൽ തന്റെ 75 അറബി പുസ്തകങ്ങൾ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് വി.പി.എം ഫൈസി വില്യാപ്പള്ളി കൈമാറുന്നു
SHARE THE NEWS

കോഴിക്കോട്: പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ പൗരാണിക ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം മർകസ് നോളേജ് സിറ്റിയിൽ തയ്യാറാക്കുന്നു. നഷ്ടപ്പെടുന്ന ഇസ്‌ലാമിക പൈതൃകം സംരക്ഷിക്കാനും ചരിത്ര പഠിതാക്കൾക്കും ഗവേഷകർക്കും ഉപകാരപ്പെടുന്ന വിധത്തിൽ കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തിലെ വ്യത്യസ്ത സ്രോതസുകൾ ,ലഭ്യമാക്കാനും  ഉദ്ദേശിച്ചാണ് ഈ പദ്ധതി. 
        വിവിധ നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട കയ്യെഴുത്തു പ്രതികൾ, ഇസ്‌ലാമിക വിജ്ഞാന ശാഖയിലെ വ്യത്യസ്ത കൃതികൾ, അറബി മലയാളത്തിൽ പുറത്തു വന്ന പദ്യ, ഗദ്യ സമാഹാരങ്ങൾ, മാപ്പിള മുസ്ലിം ജീവിത സംസ്കാരവുമായി ബന്ധപ്പെട്ടു പുറത്തുവന്ന പ്രകാശിതവും അപ്രകാശിതവുമായ ഗ്രന്ഥങ്ങൾ, ഇസ്‌ലാമിക പഠനത്തിൽ പുതുതായി ലോകത്ത് പ്രസിദ്ധീകരിച്ച  അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലെ അക്കാദമിക ഗ്രന്ഥങ്ങൾ തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമായി  മർകസ് നോളേജ് സിറ്റി ലൈബ്രറിയിൽ ശേഖരിക്കും. കൂടാതെ, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരണത്തിലേക്ക് ആധുനികവും പുതിയതുമായ ഗ്രന്ഥങ്ങളും സ്വീകരിക്കുന്നുണ്ട്. ഗ്രന്ഥശേഖരണത്തിൽ പങ്കാളികളാവാൻ താൽപര്യമുള്ളവർക്ക്  നോളേജ് സിറ്റി പ്രത്യേക സ്കീമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 
       ലോകത്തു അറിവിന്റെ വിവിധ സഞ്ചയങ്ങളെ ഉൽപാദിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട് ഇസ്ലാമികമായ രചനകളെന്ന് മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. വിവിധ ഭാഷകളിൽ രചിക്കപ്പെട്ട പഴയതും പുതിയതുമായ ഗ്രന്ഥങ്ങൾ നോളേജ് സിറ്റിയിലെ ശരീഅ സിറ്റി, യൂനാനി മെഡിക്കൽ കോളേജ്, ക്വീൻസ് ലാൻഡ്, ലോ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഡിഗ്രി, പി.ജി , ഗവേഷക വിദ്യാർത്ഥികളുടെ പഠന മുന്നേറ്റത്തിന് സഹായകമാവും വിധം സജ്ജീകരിക്കും. പഴക്കം ചെന്ന കിതാബുകൾ ആധുനിക ശാസ്ത്രീയ  സംവിധാനങ്ങൾ ഉപയോഗിച്ച് പരിഷ്കരിച്ചു പാരായണ യോഗ്യമാക്കും. ചരിത്രത്തെ നിർവ്വചിക്കുകയും, അതോടൊപ്പം ഭാവിയിലേക്ക് ധൈഷണിക സഞ്ചാരം നടത്താൻ പഠിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യന്ന പുസ്തക ശേഖരമാണ് നോളേജ് സിറ്റിയിൽ ഉയർന്നു വരുന്നെതെന്നും അദ്ദേഹം പറഞ്ഞു. 
         ഗ്രന്ഥ ശേഖരത്തിന്റെ ഉദ്‌ഘാടനം മർകസിൽ നടന്ന ചടങ്ങിൽ നടന്നു. സമസ്‌ത മുശാവറ അംഗം വി.പി.എം ഫൈസി വില്ല്യാപ്പള്ളി തന്റെ 75 അറബി പൗരാണിക കൃതികൾ മർകസിനു നൽകി നിർവ്വഹിച്ചു. മർകസ് ചാൻസലർ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി. ഇസ്‌ലാമിക കർമശാസ്ത്രം, ചരിത്രം, ആധ്യാത്മികത തുടങ്ങിയ വിഭാഗങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് അച്ചടിക്കപ്പെട്ട പുസ്തകങ്ങളാണ് വി.പി.എം ഫൈസി മർകസ് നോളജ് സിറ്റിക്ക് കൈമാറിയത്. ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. സി മുഹമ്മദ് ഫൈസി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. പുസ്തകങ്ങൾ മർകസ് നോളേജ് സിറ്റിക്ക് നൽകാൻ താല്പര്യമുള്ളവർക്ക് പദ്ധതിയുടെ വിശദാംശം അറിയാൻ 9995260392 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 

SHARE THE NEWS