മർകസ് മഹല്ല് കോൺഫറൻസ് സമാപിച്ചു

0
735
മർകസിൽ നടന്ന മഹല്ല് അലയൻസ് കോൺഫറൻസ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്: മർകസിന് കീഴിൽ  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പള്ളികളുടെ ഭാരവാഹികളുടെ സംസ്ഥാന തല മഹല്ല് കോൺഫറൻസ് സമാപിച്ചു. മർകസ് മസ്ജിദ് അലയൻസ് വിഭാഗം സംഘടിപ്പിച്ച സമ്മേളനം മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. പള്ളികൾ ഓരോ നാട്ടിലെയും ഇസ്ലാമിക സംസ്‌കാരത്തെ തനിമയോടെ നിലനിറുത്തുന്ന കേന്ദ്രങ്ങളാണെന്നും പള്ളികളുടെ നടത്തിപ്പും, ആത്മീയമായി വിശ്വാസികളെ സജീവമാക്കുന്ന മഹല്ല് സംവിധാനവും സുഗമമായി മുന്നോട്ടുപോവണം. ഓരോ മഹല്ലിന്റെയും ആദ്ധ്യാത്മികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനു മുന്നിൽ നിൽക്കാൻ മഹല്ല് ഭാരവാഹികൾക്ക് സാധിക്കണം: കാന്തപുരം പറഞ്ഞു. നിയമപരമായ എല്ലാ രേഖകളും വഖഫ് നിയമാവലികളും പൂർണ്ണമായി പാലിച്ചാണ് മർകസ് നിർമിച്ച പള്ളികളുടെ നടത്തിപ്പ്. കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങളെ സജീവമാക്കാൻ മർകസിന്റെ കീഴിൽ നിർമിച്ച പള്ളികളിലൂടെ സാധിച്ചുവെന്നും  അദ്ദേഹം പറഞ്ഞു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മർകസ് വൈസ് പ്രസിഡന്റ് കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി, വി എം കോയ മാസ്റ്റർ, മർസൂഖ് സഅദി പാപ്പിനിശ്ശേരി പ്രസംഗിച്ചു. പി.ടി.സി മുഹമ്മദലി മാസ്റ്റർ സ്വാഗതവും ശിഹാബുദ്ധീൻ സഖാഫി പെരുമ്പിലാവ് നന്ദിയും പറഞ്ഞു.