മർകസ് മിഷൻ സ്മാർട്ട് വില്ലേജ്: റീജ്യണൽ തല ഉദ്‌ഘാടനം ഇന്ന്

0
968
കോഴിക്കോട്: രാജ്യത്തെ നൂറു ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന പദ്ധതി പുരോഗമിക്കുന്നു. മുസ്‌ലിംകൾ അടക്കമുള്ള പിന്നാക്കവിഭാഗക്കാർ സാമൂഹികമായും സമാപത്തികമായും അവശതയനുഭവിക്കുന്ന ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുത്ത ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി പുരോഗമിക്കുന്നത്. കുടിവെള്ള സൗകര്യങ്ങൾ, വിദ്യാലയ നിർമാണം, അനാഥകളെ ഏറ്റെടുക്കൽ, സ്വയം തൊഴിൽ സംരംഭങ്ങൾ തയ്യാറാക്കിനൽകൽ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായോപകരണ വിതരണം തുടങ്ങി വ്യത്യസ്ത പദ്ധതികളാണ് നൂറുകണക്കിന് സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ മർകസ് നടത്തിക്കൊണ്ടിരിക്കുന്നത്.  കർണ്ണാടക, ഡൽഹി,രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാൾ, ഗുജറാത്ത്  തുടങ്ങിയ ഒരോ സംസ്ഥാങ്ങളിലും ദീര്ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ മർകസിന്റെ പ്രത്യേക സംഘം പ്രവർത്തിക്കുന്നു.  ഉത്തരേന്ത്യൻ ജനതയുടെ പരിതാവസ്ഥ പരിഗണിച്ചാണ്  ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന കൂടുതൽ പദ്ധതികൾ ആ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നത്.
     മിഷൻ സ്മാർട്ട് വില്ലേജിന്റെ കീഴിൽ ദക്ഷിണേന്ത്യയിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ രണ്ടാം ഘട്ട വിതരണം   ഇന്ന് (ബുധൻ) ഉച്ചക്ക് മൂന്നു മണിക്ക് പരപ്പനങ്ങാടി ഒട്ടുങ്ങൽ ബീച്ചിൽ സി മുഹമ്മദ് ഫൈസി നിർവ്വഹിക്കും.  കേരളത്തിലെ സാമൂഹിക പിന്നാക്കം നിൽക്കുന്ന കടലോര മേഖലകളും കോളനികളും കേന്ദ്രീകരിച്ചാണ്  ഈ പദ്ധതി നടപ്പിലാക്കുന്നത്.  നേരത്തെ പാലക്കാട് ജില്ലയിലെ ദാരിദ്യമനുഭവിക്കുന്ന കുഗ്രാമങ്ങളുടെ മുന്നേറ്റത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. 
       ഇന്ന് നടക്കുന്ന ചടങ്ങിൽ  വിവിധ തൊഴിൽ ഉപകരണങ്ങളും ജീവിത ശാക്തീകരണ സംരംഭങ്ങളും  തെരഞ്ഞെടുക്കപ്പെട്ടവർക്ക് വിതരണം ചെയ്യും.  രണ്ടു കുടുംബങ്ങൾക്ക് നിത്യവൃത്തി കഴിഞ്ഞുപോകാൻ ബോട്ട്, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ടൈലറിംഗ് മെഷീനുകൾ, ഗ്രാമീണമുന്നേറ്റം സാധ്യമാക്കാൻ കർഷക കുടുംബത്തിന് പശു, ശാരീരിക അവശത്തായുള്ളവർക്ക് മുച്ചക്ര വാഹനം എന്നിവയുടെ വിതരണമാണ് ഇന്ന്  നടക്കുന്നത്.
       ആർ.സി.എഫ്.ഐ റീജിണൽ മാനേജർ റഷീദ് പുന്നശ്ശേരി, പ്രോജക്ട് കോഡിനേറ്റർ  യൂസഫ് നൂറാനി, പരപ്പനങ്ങാടി മുൻസിപ്പൽ വൈസ് ചെയർമാൻ ഹനീഫ,  സ്റ്റാന്റിംഗ് കമ്മറ്റി  ചെയർമാൻ ഹനീഫ, ദേവൻ ആലുങ്ങൽ, കെപിഎം കോയ, ഷിഫാ അഷ്‌റഫ്, കെ സി അലി, സയ്യിദ് ജസീൽ  ഇർഫാനി, സയ്യിദ് മുഹ്‌സിൻ തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.