മർകസ് യു എ ഇ ദേശീയ ദിനാഘോഷങ്ങൾക്ക് ഉജ്വല സമാപനം

0
788
ദുബൈ: ദുബൈ മർകസിന്റെ ആഭിമുഖ്യത്തിൽ 46-മത് യു എ ഇ ദേശീയ ദിനം വൈവിധ്യമാര്‍ന്ന ചടങ്ങുളോടെ ആഘോഷിച്ചു. അൽ വാസൽ ക്ലബ്ബിൽ നടന്ന ആഘോഷ പരിപാടികളിൽ സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ സംബന്ധിച്ചു. സഹവര്‍ത്തിത്വത്തിന്റെയും പുരോഗതിയുടേയും പാതയിലേക്ക് ലോകത്തിന് തന്നെ മാതൃകയായി രാജ്യത്തെ നയിക്കുന്ന യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനും മലയാളി സമൂഹത്തിന്റെ അഭിനന്ദനം അറിയിച്ചു കൊണ്ടും രാജ്യത്തിന്റെ ആഘോഷത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഡ്യവുമായാണു ആഘോഷ പരിപാടികൾ ഒരുക്കിയത്.
ദേശീയ ദിനാഘോഷ സമ്മേളനം മുസ്തഫ ദാരിമി വിളയൂരിന്റെ അധ്യക്ഷതയിൽ ദുബൈ പോലീസ് അസിസ്റ്റന്റ് ഡയറക്ടറും അക്കാദമിക് വിഭാഗം തലവനുമായ ബ്രിഗേഡിയർ ജനറൽ ഡോ. മുഹമ്മദ്  അൽ ശാംസി ഉദ്ഘാടനം ചെയ്തു. മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ദേശീയ ദിന സന്ദേശം നൽകി. ജബൽ അലി പോലീസ് സ്റ്റേഷൻ ഡയറക്ടർ ഡോ. ആദിൽ മുഹമ്മദ് അബ്ദുൽ അസീസ്, കേരള മുസ്ലിം ജമാ അത്ത് ജനറൽ സെക്രട്ടറിയും മഅദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി എന്നിവർ പ്രസംഗിച്ചു.  അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ മർകസ് ചാൻസലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി.  രാഷ്ട്രപിതാവ് മഹാനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അടിത്തറ പാകിയ യു.എ.ഇ  വിവേകം, ക്ഷമ, സന്മനോഭാവം, ജീവിത നന്മ, ഉത്തരവാദിത്ത നിര്‍വഹണത്തിലെ ആത്മാര്‍ത്ഥ, അര്‍പ്പണബോധം തുടങ്ങിയ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച് ലോകത്തിനു മാതൃകയായി മാറിയെന്ന് കാന്തപുരം പറഞ്ഞു. യു എ ഇ യോട് വിദേശീ സമൂഹം വലിയ രീതിയിൽ കടപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്തോട് കൂറും പ്രതിബന്ധതയും പുലർത്തിയും നിയമങ്ങൾ അനുസരിച്ചും വസിക്കണമെന്നും അദ്ദേഹം ഉണർത്തി
ഭരണ സാംസ്കാരിക വാണിജ്യ രംഗങ്ങളിലെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. മർകസ് മദ്രസയിലെ വിദ്യാര്‍ഥികളും കലാലയം നാഷണൽ  സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിച്ച വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സദസ്സ്യരുടെ മനം കവർന്നു.
സമാപനമായി നടന്ന മർകസ് റൂബി ജൂബിലി ഐക്യദാർഡ്യ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാരുടെ അധ്യക്ഷതയിൽ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, മർകസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ ആശംസകൾ അർപ്പിച്ചു.  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമാപന സന്ദേശത്തിനും പ്രാർഥനക്കും നേതൃത്വം നൽകി.
എ കെ അബൂബക്കർ മൗലവി കട്ടിപ്പാറ, മമ്പാട് അബ്ദുൽ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, അബൂബക്കർ കേളോത്ത്, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് പ്രസംഗിച്ചു.
ഐ സി എഫ് വെൽഫെയർ സമിതിയുടെ സേവന സന്നദ്ധ വിഭാഗമായ സ്വഫ്‌വ ടീമിനെ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ സമർപ്പിച്ചു. നഗരിയിൽ ഹാദിയ വിമൻസ് അക്കാദമിയുടെ കീഴിൽ “യു.എ.ഇ ചിത്രം ചരിത്രം” കളറിംഗ് മത്സരവും  പെൺകുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. ദുബൈ പോലീസുമായി സഹകരിച്ചു നേരത്തേ നടന്ന പരിപാടിയിൽ ട്രാഫിക് വിഭാഗത്തിലെ ഉമർ മുസല്ലം ഉസ്മാൻ ട്രാഫിക് സുരക്ഷാ ബോധവത്കരണം നടത്തി.