ലണ്ടന്‍: മര്‍കസ് റൂബി ജൂബിലി ആഘോഷത്തിന്റെ യൂറോപ്യന്‍ പ്രചരണ ഭാഗമായി മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നടത്തുന്ന യു.കെ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. നാലു ദിവസം നീണ്ടു നില്ക്കുന്ന പര്യടനത്തില്‍ ബ്രിട്ടണിലെ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളായ കാംബ്രിഡ്ജ് മുസ്ലിം കോളജ്, കരീമിയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് നോട്ടിങ്ഹാം, സുല്‍ത്താന്‍ ബാഹു സെന്റര്‍ ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുകയും അക്കാദമിക് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. ഈ സ്ഥാപനങ്ങളിലെ ഡയറക്ടര്‍, പ്രിന്‍സിപ്പാള്‍ എന്നിവരുമായി വിദ്യാഭ്യാസ ചര്‍ച്ചകളും നടത്തും.
നാളെ(ശനി) നോട്ടിങ്ഹാമിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഇ.എം.എം.എ സംഘടിപ്പിക്കുന്ന ഫാമിലി ഗെറ്റ്ടുഗതറില് ഡോ. ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ലണ്ടനില്‍ ഗവേഷണം ചെയ്യുന്ന മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും. ഞായറാഴ്ച വൈകുന്നേരം ലണ്ടനില്‍ നടക്കുന്ന അല്‍ ഇഹ്സാന്‍ സ്പിരിച്ച്വല്‍ കോണ്‍ഫറന്‍സില്‍ ഡോ. അസ്ഹരി മുഖ്യകാര്‍മികത്വം വഹിക്കും.
മര്‍കസ് പ്രതിനിധാനം ചെയ്യുന്ന വൈജ്ഞാനിക സംസ്കാരത്തിന്റെയും അക്കാദമിക മികവിന്റെയും തലങ്ങളെ ബ്രിട്ടണിലെ വിവിധ യൂണിവേഴ്സിറ്റി, സ്ഥാപന മേധാവികള്‍ക്ക് പരിചയപ്പെടുത്താനും തുടര്‍ന്ന് അക്കാദമിക സഹരണങ്ങള്‍ ശക്തമാക്കാനുമാണ് റൂബി ജൂബിലിയുടെ ഭാഗമായി ചതുര്‍ദിന ബ്രിട്ടണ് സന്ദര്‍ശനം നടത്തുന്നതെന്ന് ഡോ. അസ്ഹരി പറഞ്ഞു.
ഇന്നലെ വൈകുന്നേരം യു.കെയിലെ കരീമിയ ഇൻസ്റ്റിറ്റിയൂട്ടിൽ എത്തിയ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരിയെ സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ മുഷറഫ് ഹുസൈൻ സ്വീകരിച്ചു.തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് മുസ്ലിംകളുടെ അക്കാദമികവും മതകീയവുമായ ജീവിത വ്യവസ്ഥകളും ഇന്ത്യൻ മുസ്ലിംകളുടെ വൈജ്ഞാനിക മുന്നേറ്റത്തിൽ മർകസ് വഹിച്ച പങ്കും ച്ഛർച്ച ചെയ്തു.കരീമിയ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു ഇന്ന് നടക്കുന്ന ചർച്ചയിൽ ‘ഇസ്ലാമിക ജ്ഞാന വ്യവസ്ഥ: യൂറോപ്പിലും ഇന്ത്യയിയിലും’ എന്ന വിഷയത്തിൽ ഡോ അസ്ഹരി പേപ്പർ അവതരിപ്പിക്കും. ബ്രിട്ടനിലെ മർകസ് കമ്മറ്റി പ്രവർത്തകരായ ഷാഹുൽ , അബ്ദുൽ അസീസ് എന്നിവർ ഡോ. അസ്ഹരിയെ യാത്രയിൽ അനുഗമിക്കുന്നുണ്ട്.