മർകസ് ശരീഅഃ സിറ്റി പ്രഖ്യാപനം നവംബർ 15 ന്

0
848
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിക്കു കീഴിൽ പുതുതായി ആരംഭിച്ച മർകസ് ശരീഅ സിറ്റി(മദീനത്തു മആരിഫിൽ ഇസ്ലാമിയ്യ) യുടെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 15 ന്  ഉച്ചക്കു രണ്ടു മണിക്ക് മർകസ് നോളജ് സിറ്റിയിൽ വെച്ച്  നടക്കും. മർകസ് യൂനാനി മെഡിക്കൽ കോളജ്, മർകസ് ലോ കോളജ് തുടങ്ങിയ സംരംഭങ്ങൾക്ക് ശേഷം മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന  മൂന്നാമത്തെ വിദ്യാഭ്യാസ സംരംഭമാണിത്. അക്കാഡമിക് സ്വഭാവത്തോടെയുള്ള ഗവേഷണ സാംസ്‌കാരത്തെ വളർത്തിയെടുക്കാനും ഉന്നത നിലവാരമുള്ള അക്കാഡമിക് ഗവേഷണങ്ങൾക്ക് സൗകര്യമൊരുക്കാനും ശരീഅ സിറ്റിക്കു കീഴിൽ സ്ഥാപിതമാകുന്ന മലൈബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മിയാസ്) ന്റെ ഔദ്യോഗിക പ്രഖ്യാപനവും നവംബർ 15 നു തന്നെ നടക്കും.

മർകസ് നോളജ് സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ശരീഅഃ പഠനം നൽകുന്നതോടൊപ്പം തൽപരരായ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടു കൂടി ഇൻറെൻസിവ് ഇസ്ലാമിക്  ശരീഅഃ  കോഴ്സ് കൂടിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്  . ഡിപ്ലോമ ഇൻ ഇസ്ലാമിക് ജൂറിസ്പ്രുഡൻസ് ആൻഡ് ലീഗൽ സ്റ്റഡീസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പ്രോഫറ്റിക് മെഡിസിൻ ആൻഡ് ഇസ്ലാമിക ഹീലിംഗ് മെതേഡ്സ് തുടങ്ങിയ കോഴ്സുകളും ഉടൻ ശരീഅ സിറ്റിയിൽ ആരംഭിക്കും. ഉന്നത മത പഠനത്തോടൊപ്പം നോളജ് സിറ്റിയിലെ മെഡിക്കൽ-ലോ കോഴ്സുകളാഗ്രഹിക്കുന്ന ദഅവാ വിദ്യാർത്ഥികൾക്ക് അഡ്വാൻസ്ഡ് റെസിഡൻഷ്യൽ ശരീഅ കോഴ്സുകളും മുതിര്‍ന്ന ദഅവാവിദ്യാർത്ഥികൾക്ക്  പോസ്റ്റ് ഗ്രാജുവേഷൻ ഇൻ ശരീഅ ആൻഡ്തിയോളോജി  റെസിഡൻഷ്യൽ  കോഴ്സും ഈ വർഷമാരംഭിക്കും. കൂടാതെ വിദേശ വിദ്യാർത്ഥികള്‍ക്കുള്ള ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ശരീഅഃ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസും ശരീഅ സിറ്റിയിൽ തന്നെ ആരംഭിക്കുന്നുണ്ട്.  ആഗോള രംഗത്ത് പ്രശസ്തമായ വ്യത്യസ്ത യൂണിവേഴ്സിറ്റി കളുമായി സഹകരിച്ചാണ് ശരീഅ സിറ്റിയിൽ കോഴ്സുകൾ സംഘടിപ്പിക്കുന്നത്.

പ്രഖ്യാപന ചടങ്ങിൽ മർകസ് നോളജ് സിറ്റി വിദ്യാർത്ഥികൾക്ക് പുറമെ രജിസ്റ്റർ ചെയ്ത ദഅവ കോളജുകളിലെ വിദ്യാർത്ഥികൾക്കു കൂടി പങ്കെടുക്കാം. ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷ ഈ വർഷമെഴുതുന്ന വിദ്യാർത്ഥികൾക്കും ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതുന്ന / ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. www.markazknowledgecity.com എന്ന വെബ്സൈറ്റ് മുഖേന അതതു സ്ഥാപന മേലധികാരികളാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിദ്യാർത്ഥികൾക്ക് പുറമെ സ്ഥാപന മേലധികാരികൾക്കോ ഒരു അദ്ധ്യാപകനോ പരിപാടിയിൽ പങ്കെടുക്കാം. നവംബർ ഒന്നു വരെ രജിസ്ട്രേഷൻ സ്വീകരിക്കും.


SHARE THE NEWS