മർകസ് ശരീഅ സിറ്റി ഡീനായി പൊന്മള അബ്ദുല്‍ ഖാദിർ മുസ്‌ലിയാർ ചുമതലയേറ്റു

0
4710
കോഴിക്കോട്: മർകസ് നോളേജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ശരീഅ സിറ്റിയുടെ പ്രഥമ ഡീനായി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ചുമതലയേറ്റു. ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ ഡിഗ്രിയോ തത്തുല്യ ബിരുദമോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സടക്കം ആഴത്തിലുള്ള ഇസ്ലാമിക പഠനം വളരെ ആധുനികമായി സംവിധാനിക്കുന്ന നാല് കോഴ്സുകളാണ് ശരീഅ സിറ്റിയിൽ ആരംഭിക്കുന്നത്. ഈ കോഴ്സുകളടക്കമുള്ള മർകസ് നോളജ് സിറ്റിയിലെ ശരീഅഃ പഠനങ്ങളുടെയും ശരീഅഃ ഗവേഷണങ്ങളുടെയും നേതൃത്വമായിരിക്കും ഡീനിനു കീഴിൽ വരിക.
നാല്പത്തി രണ്ടു വർഷത്തെഔദ്യോഗിക ദർസീ അധ്യാപന പരിചയമുള്ള പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ കേരളത്തിനകത്തും പുറത്തും അറിയപ്പെട്ട ധാരാളം പണ്ഡിതന്മാരുടെ ഗുരുവാണ്.  സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി, സമസ്ത ഫിഖ്ഹ് കൗൺസിൽ കൺവീനർ, സമസ്ത ഫത്വാ കമ്മിറ്റി അംഗം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്, ജാമിഅ ഹികമിയ്യ പ്രിൻസിപ്പൽ തുടങ്ങിയ ചുമതലകൾ അദ്ദേഹം  വഹിക്കുന്നു. തഹ് ഖീഖുൽ മത്വലബ് എന്ന അദ്ദേഹത്തിന്റെ  അറബി ഗവേഷണ ഗ്രന്ഥം ലേകശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥമാണ്. കൂടാതെ, അൽ ഫതാവാ അദ്ദഹബിയ്യ, അൽ മിൻഹാജു സ്വഹീഹ് തുടങ്ങിയ അറബി ഗ്രന്ഥങ്ങളും ശാഫിഈ മദ്ഹബ്, ത്വരീഖത്ത്, മൂന്നു വാള്യങ്ങളുള്ള ഫതാവാ തുടങ്ങിയ  മലയാള ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ജ്ഞാനപരമായ സംഭാവനകൾക്ക് പത്തു  അവാർഡുകൾ ലഭിച്ചിട്ടുണ്ട്.