രചനാത്മക വിപ്ലവം : വി.പി.എം ഫൈസി വില്ല്യാപ്പള്ളി

0
1858
SHARE THE NEWS

മര്‍കസിനൊപ്പം യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഈ സ്ഥാപനത്തിന്റെ തുടക്കം മുതല്‍ക്കുതന്നെ കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിത ഭാഗങ്ങളിലെ അനര്‍ഘാധ്യായമാണ്. അഹ്‌ലുസ്സുന്നയുടെ വിചാര പഥങ്ങളെയും ആശയ ആദര്‍ശത്തെയും സമകാലിക സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച് സമുദായത്തിന്റെ അസ്തിത്വം വീണ്ടെടുക്കാന്‍ കഴിഞ്ഞു എന്നിടത്താണ്

 മര്‍കസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ വിജയവും നേട്ടവും.
നാലുപതിറ്റാണ്ടിന്റെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മര്‍കസ് സൃഷ്ടിച്ചെടുത്ത വൈജ്ഞാനിക വിപ്ലവവും ആദര്‍ശ നവോത്ഥാനവും നിസ്തുലമാണ്. സുന്നി പ്രസ്ഥാനത്തിന്റെ സംഘടിത മുന്നേറ്റത്തിനും പണ്ഡിത സമൂഹത്തിന്റെ ആത്മാഭിമാന ജീവിതത്തിനും മര്‍കസിന്റെ സാന്നിധ്യവും അതിന്റെ ശില്‍പിയുടെ നേതൃത്വവും അര്‍പ്പിച്ച സംഭാവനകളും അനിര്‍വചനീയമാണ്.
ഇസ്‌ലാമികാശയങ്ങളുടെ നീതിനിഷ്ഠമാര്‍ന്ന ഒരു ഭൂമികയെ ശാസ്ത്രീപരവും പ്രാമാണിക യോഗ്യവുമായി മര്‍കസ് വിതാനിച്ചതോടെ ഉല്‍പതിഷ്ണുത്വത്തിന്റെ നവോത്ഥാനത്തിനു നടുവൊടിയുന്ന കാഴ്ചയാണ് കേരളീയ സമൂഹം കണ്ടതും ഇന്നും കണ്ടു കൊണ്ടിരിക്കുന്നതും.
മുസ്‌ലിം ഉമ്മത്തിന്റെ ചിന്താമണ്ഡലത്തെ ‘നവീന വാദം’ കൊണ്ട് ഉറക്കി കിടത്താന്‍ എക്കാലത്തും സുന്ന്യേതര വിഭാഗത്തിനു സാധിക്കില്ലെന്ന ചരിത്രപരമായ പാഠം നല്‍കാന്‍ സുന്നി സമൂഹത്തിന് ആര്‍ജവം ലഭിച്ചത് മര്‍കസിലൂടെയാണെന്നു പറഞ്ഞാല്‍ തെറ്റില്ല.
മര്‍കസ് രൂപപ്പെടുത്തിയ നയവും നിലപാടും നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളും മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരികവും മതപരവുമായ പുരോഗതിക്ക് ഏറെ നിമത്തവും നിദാനവുമായിത്തീര്‍ന്നിട്ടുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം മത പണ്ഡിതന്മാര്‍ക്ക് ലഭിച്ച ആത്മ വിശ്വാസവും അവബോധവുമായിരുന്നു. പണ്ഡിതന്മാര്‍ ആരാണെന്നും അവരുടെ ദൗത്യം എന്താണെന്നും സമൂഹത്തെയും സമുദായത്തെയും ബോധ്യപ്പെടുത്തുന്നതിലും പണ്ഡിതന്മാരെ പൊതു മണ്ഡലത്തിന്റെ ഭാഗമാക്കി പരിവര്‍ത്തിപ്പിക്കുന്നതിലും മര്‍കസ് പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാധിച്ചു. മതപരവും ഭൗതികപരവുമായ സര്‍വ സ്രോതസുകളില്‍ നിന്നും വിജ്ഞാനാര്‍ജനം നടത്താനും വിജ്ഞാനത്തിന്റെ വൈവിധ്യ തലങ്ങളില്‍ അവഗാഹം നേടി പ്രബുദ്ധമായൊരു പാണ്ഡിത്യ പാത പണിതെടുക്കാനും മര്കസ് സംവിധാനങ്ങള്‍ വഴി കഴിഞ്ഞത് പണ്ഡിത സമൂഹത്തിന് ലഭിച്ച സൗഭാഗ്യമായിരുന്നു.
സഖാഫികള്‍, കേവലം മതപഠനമല്ല മര്‍കസില്‍ നിന്നും സ്വായത്തമാക്കുന്നത്. വിവിധ ഭാഷകള്‍, ഭൗതിക ബിരുദപഠനം, സാഹിത്യ പരമായ സര്‍ഗാത്മക പഠനങ്ങള്‍ നേതൃത്വപരിശീലനം, വ്യക്തിത്വ വികസനം, പ്രഭാഷണം, എഴുത്ത്, ദഅ്‌വത്ത് തുടങ്ങി സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹ്യപരവും മതപരവുമായ ഉന്നമനത്തിനും പുരോഗതിക്കും ആവശ്യമായ സര്‍വ്വ വിജ്ഞാനങ്ങളും പരിശീലനവും മര്‍കസ് ഓരോ വിദ്യാര്‍ത്ഥിക്കും പകര്‍ന്നു കൊടുക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവ അതാതു സ്രോതസുകളില്‍ നിന്നും പഠിച്ചെടുക്കുന്നു. നാല്‍പത് വര്‍ഷം മര്‍കസ് നടത്തിയത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് മതത്തിന്റെ അധ്യാപനങ്ങളിലൂന്നി നിന്നുകൊണ്ടുതന്നെ സമകാലിക സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാനുള്ള കഴിവും സ്വയം പര്യാപ്തതയും മര്‍കസിന്റെ ക്ലാസ് മുറികള്‍ സചേതനങ്ങളാവുന്നത് ഇക്കാരണം കൊണ്ടാണ്.
പ്രബുദ്ധമായൊരു പണ്ഡിത സമൂഹത്തെയാണ് മര്‍കസിന്ന് പ്രതിനിധാനം ചെയ്യുന്നത്. പ്രത്യുല്‍പന്നമതികളായ പണ്ഡിതന്മാരെ വേണ്ടവിധത്തില്‍ മര്‍കസിന്റെ വിജ്ഞാന പാഠശാലകളില്‍ വാര്‍ത്തെടുത്താണ് മര്‍കസ് രചനാത്മക വിപ്ലവം സാധ്യമാക്കിയത്. സര്‍വ വിജ്ഞാനങ്ങളുടേയും ആധാര ശിലകള്‍ പാകിയത് മുസ്‌ലിം പണ്ഡിതന്മാരായിരുന്നല്ലോ? സയന്‍സും മതവും ഗവേഷണവും വൈദ്യശാസ്ത്രവും തുടങ്ങി സര്‍വജ്ഞാന സമൃധമായൊരു കാലവും ചരിത്രവും വഴിത്താരയും മുസ്‌ലിംകളുടേതും ഇസ്‌ലാമിന്റെയുമായിരുന്നു. ഈ പൈതൃക വഴിയിലേക്കും ചരിത്രത്തിലേക്കുമുള്ള തിരിച്ചുനടത്തവും തിരിച്ചു പിടുത്തവുമാണ് നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മര്‍കസിപ്പോള്‍ ആഗ്രഹിക്കുന്നത്. ‘പര്യവേക്ഷണം വൈജ്ഞാനിക മികവിന്’ എന്ന സമകാലിക വിഷയം പ്രമേയമാക്കിയതും അതു കൊണ്ടാണ്.
നാല്‍പത്തി ഒന്നിലേക്ക് പാദമൂന്നുമ്പോള്‍ മര്‍കസ് രചിച്ചെടുക്കുന്ന പുതിയൊരു വിജ്ഞാന പാതയിലേക്കുള്ള സന്ദേശമാണ് പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന പ്രമേയം.
തീര്‍ച്ചയായും ഈ പദ്ധതിയും മര്‍കസിന് ക്രിയാത്മകമായി നടപ്പില്‍ വരുത്താന്‍ കഴിയും. കാന്തപുരം ഉസ്താദിന്റെ കരങ്ങള്‍ക്ക് ശക്തിപകരുന്ന സ്‌നേഹഹൃദയങ്ങള്‍ ഉള്ള കാലത്തോളം മര്‍കസ് ചരിത്രം സൃഷ്ടിച്ചുകൊണ്ടേയിരിക്കും നമുക്ക് പ്രാര്‍ത്ഥിക്കാം.

SHARE THE NEWS