രാജ്യത്തെ ഏറ്റവും വലിയ ഹോളിസ്റ്റിക് വെൽനെസ്സ് സെന്റർ ‘ടൈഗ്രിസ് വാലി’ ലോഞ്ചിങ് മർകസ് നോളജ് സിറ്റിയിൽ നടന്നു

0
1124
മർകസ് നോളജ് സിറ്റിയിൽ നിലവിൽ വന്ന ടൈഗ്രിസ് വാലി വെൽനെസ് സെന്റർ പത്‌മശ്രീ എം.എ യൂസുഫലി ഉദ്‌ഘാടനം ചെയ്യുന്നു. നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സമീപം

കോഴിക്കോട്:  രാജ്യത്തെ ഏറ്റവും വലിയ  ഹോളിസ്റ്റിക് വെൽനെസ്സ്  സെന്റർ  ടൈഗ്രിസ് വാലി ലോഞ്ചിങ്  മർകസ് നോളജ് സിറ്റിയിൽ  നടന്നു. ഹോർത്തൂസ് മലബാറിക്കസിൽ വിവരിച്ച 500 തരം ഔഷധചെടികൾ വളർത്തുന്ന  ഹെർബൽ ഗാർഡൻ ഉൾക്കൊള്ളുന്ന  ടൈഗ്രീസ് വാലിയിൽ  യൂനാനി, ആയുർവ്വേദം, നാച്ചുറോപതി, സിദ്ധ ചികിത്സാ രീതികൾ  സമന്വയിപ്പിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രമാണ്.  ടൈഗ്രിസ് വാലി  സോഫ്റ്റ് ലോഞ്ചിംഗ് പത്മശ്രീ ഡോ. എം എ യൂസുഫലി  നിർവ്വഹിച്ചു. മർകസ്  നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

മാറുന്ന കാലത്തിനനുസരിച്ചു വിദ്യാഭ്യാസപരമായും സാമൂഹികമായും ഇന്ത്യൻ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന പണ്ഡിതനാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെന്നും, നോളജ് സിറ്റിയെന്ന അറിവിന്റെയും സംസ്‌കാരത്തിന്റെയും നഗരം ആഗോള സമൂഹത്തെ കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ അതുല്യമായ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ടൈഗ്രിസ് വാലി പേര് സൂചിപ്പിക്കുന്ന പോലെ വിവിധ നാഗരികതകളിൽ ജീവിക്കുന്നവർക്ക് നല്ല ആരോഗ്യം നൽകാനുള്ള കേന്ദ്രമാവുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കായികശേഷി പുഷ്ടിപ്പെടുത്താനായി തന്റെ കീഴിൽ സ്‌പോർട്സ് കോംപ്ലക്‌സ്‌ നിര്മിച്ചുനൽകുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. 

ഇന്ത്യയിലെ മുൻനിര  ആരോഗ്യ സംരക്ഷണ സെൻ്ററുകളിൽ ഒന്നായി മാറാൻ പോകുന്ന  ടൈഗ്രീസ് വാലി വെൽനസ് സെൻ്ററിൽ സ്വദേശികളെയും വിദേശികളെയും ഒരു പോലെ പ്രവേശിപ്പിക്കാൻ ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

160,000 സ്‌ക്വയർ ഫീറ്റിൽ  എട്ടു നിലകളിലായി പണിത ടൈഗ്രീസ് വാലിയിൽ  വെൽനസ് ചികിത്സകൾക്ക് പുറമെ മെഡിറ്റേഷൻ ഹാൾ, ഫിറ്റ്നസ് സെൻ്റർ, സ്വിമ്മിംഗ് പൂൾ, കളരിക്കളം, വെജിറ്റബിൾ ഗാർഡൻ, ഫ്രൂട്ട്സ് ഗാർഡൻ, പ്ളേ ഗ്രൗണ്ട്, ജോഗിംഗ് ട്രാക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. 

മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. അജ്മീർ ദർഗ പ്രസിഡന്റ് അമീൻ പത്താൻ, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദു സലാം, ഇംതിബിഷ് ഹെൽത്ത് ഗ്രൂപ്പ് ഡയറക്ടർമാരായ ഡോ: ഹാഫിസ്  യു കെ മുഹമ്മദ് ശരീഫ്, ഡോ: എ പി ഷാഹുൽ ഹമീദ് എന്നിവർ  പ്രസംഗിച്ചു.