രാജ്യത്തെ നൂറു ഗ്രാമങ്ങളെ മർകസ് ഏറ്റെടുക്കുന്നു: മർകസ് ഡേ യിൽ ആരംഭമാവുന്നത് വിദ്യാഭ്യാസരംഗത്തെ നൂതന പദ്ധതികൾക്ക്

0
2799
SHARE THE NEWS

കോഴിക്കോട്: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ സയ്യിദ് മുഹമ്മദ് അലവി മാലികി മക്ക 1978 ഏപ്രിൽ 18നു  ശിലാസ്ഥാപനം നടത്തിയ മർകസ് നാൽപത് വർഷം പിന്നിടുമ്പോൾ വൈജ്ഞാനിക സേവന സാമൂഹിക ശാക്തീകരണ മുന്നേറ്റത്തിൽ രാജ്യത്താകെ അതുല്യമായ മാതൃകകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ മർകസ് സ്ഥാപക ദിനം നാളെ നടക്കുന്നതിന്റെ ഭാഗമായി രാജ്യത്തു  മുഴുവൻ ചലനങ്ങൾ സൃഷ്ടിക്കുന്ന പുതിയ പദ്ധതികളാണ് മർകസ് അവതരിപ്പിക്കുന്നത്.
       മർകസ് ഡേയിൽ നടക്കുന്ന മുഖപദ്ധതിയാണ് മിഷൻ സ്മാർട്ട് വില്ലേജ് പദ്ധതി. രാജ്യത്തെ നൂറു വില്ലേജുകൾ ഏറ്റെടുത്തു സമഗ്ര വികസനത്തിന്റെ പാതയിലേക്ക് ആ ഗ്രാമനിവാസികളെ പരിവർത്തിപ്പിച്ചെടുക്കുയാണ് ഇതിലൂടെ മർകസ് ചെയ്യുന്നത്. 
      മർകസ് ഡേയിൽ പത്തു ലക്ഷം നോട്ടുബുക്കുകൾ രാജ്യത്താകെ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിക്കും. വൈജ്ഞാനികമായി അവസരങ്ങൾ കുറഞ്ഞ, വീട്ടിലെ ദാരിദ്ര്യത്തിന്റെ അസ്വസ്ഥകൾ ഉള്ള കുട്ടികളെ തെരെഞ്ഞെടുത്തു അടുത്ത അക്കാദമിക വർഷത്തിൽ അനിവാര്യമായ നോട്ടുബുക്കുകൾ, പേന, പെൻസിൽ,ബാഗ്, കുട പോലുള്ള സാമഗ്രികളും വിതരണം ചെയ്യും.  
        നാല് മുഖ്യപദ്ധതികൾ നടപ്പിലാക്കിയാണ് നൂറു വില്ലേജുകളെ  പുതിയ വെളിച്ചം നൽകി ഏറ്റെടുക്കുന്ന മിഷൻ സ്മാർട്ട് വില്ലേജ്  . വിദ്യാഭ്യസ പദ്ധതികൾ അവതരിപ്പിച്ചു നടപ്പിലാക്കുന്നതാണ് ഇതിൽ ആദ്യത്തേത് . വിവിധ വിദ്യാഭ്യാസ ഉപകരണങ്ങൾ ഈ പദ്ധതിയിലൂടെ പ്രസ്തുത വില്ലേജുകളിലും വൈജ്ഞാനികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചും വിതരണം ചെയ്യും. അതോടൊപ്പം ഗ്രാമീണ  സ്‌കൂളുകളുടെ ശാക്തീകരണം റൂറൽ സ്‌കൂൾ പ്രോജക്ട് എന്ന പദ്ധതി വഴി സാധ്യമാക്കും. 
      ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന രണ്ടാമത്തെ പദ്ധതി സാമൂഹിക സാമ്പത്തിക അവിവൃദ്ധിക്കുള്ള പ്രത്യേക പ്രൊജെക്ടുകളാണ്. വീടുകൾ നിർമിച്ചു നൽകൽ, കുടിവെള്ള പദ്ധതികൾ ഉണ്ടാക്കൽ, ദിനേനയുള്ള ജീവിതത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ വരുമാനം കണ്ടെത്താനുള്ള വിവിധ തൊഴിലുകൾക്ക് അവസരം നൽകലും തൊഴിലുപകരണങ്ങൾ വാങ്ങി നൽകലും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 
     വിവിധ സമൂഹങ്ങളെ മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് ഉയർത്താൻ മൂന്നാമതായി നടപ്പിലാക്കുന്നത് കമ്മ്യൂണിറ്റി സർവീസസ് ആൻഡ് വെൽഫെയർ ആക്ടിവിറ്റീസ്  എന്ന പദ്ധതിയാണ്. ആതുര ശുശ്രൂഷ രംഗത്തു മാതൃകയായി അവശത അനുഭവിക്കുന്ന ചെറുതും വലുതുമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ മെഡിക്കൽ ഉപകാരങ്ങളും മരുന്നും നൽകി സഹായിക്കുക, അനാഥകളെ ഏറ്റെടുത്തു സമ്പൂർണ്ണമായി അവരുടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുകയും അവർക്കും മാതാവിനും ജീവിച്ചു പോകാന് ആവശ്യമായ സാമ്പത്തിക പിന്തുണകളും അതിജീവനത്തിനു വൈജ്ഞാനിക അവസരങ്ങൾക്കുമുള്ള ഗൈഡൻസും നൽകുകയും ചെയ്യുക, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി പരിശീലനം നേടിയ അധ്യാപകരിലൂടെ അവരുടെ വ്യത്യസ്തമായ കഴിവുകൾ പുറത്തുകൊണ്ടുവന്നു ആരോഗ്യകരവും സമ്പതൃപ്തിദായകവുമായ ഭാവി സമ്മാനിക്കുകയും അവർക്കാവശ്യമായ മുഴുവൻ പിന്തുണകളും നൽകുക  എന്നിവയാണ് ഇത് വഴി നടപ്പിലാക്കുന്നത്.
       കാർഷിക മേഖലയെ ശാക്തീകരിച്ചു ഗ്രാമീണ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലും വിഷമയമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചു ഗ്രാമീണ ജനതയുടെ ആരോഗ്യ ജീവിതം സാധ്യമാക്കുകയുമാണ് നാലാമതായി ഗ്രാമ ശാക്തീകരണ ഭാഗമായി ചെയ്യുന്ന പദ്ധതി. കാർഷിക മേഖലയിൽ പ്രകൃതി സൗഹൃദപരമായി ഇടപെടാനുള്ള പരിശീലനവും ആവശ്യമുള്ള വിവിധ ഭക്ഷ്യ വസ്തുക്കളുടെ വിത്തുകളും ചെടികളും നൽകുക, കന്നുകാലികളെ നൽകി കാര്ഷിക ജീവിതം സമൃദ്ധമാക്കുകയും നിത്യ വൃത്തി സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്. 
      സ്ത്രീ ശാക്തീകരണം സാധ്യമാക്കാൻ വ്യത്യസ്ത പദ്ധതികളും മർകസ് ഏറ്റെടുക്കുന്ന ഗ്രാമങ്ങളിൽ നടപ്പാക്കും. ടൈലർ മെഷീൻ ഷോപ്പുകൾ, കമ്പ്യൂട്ടർ ഷോപ്പുകൾ എന്നിവ വനിതകൾക്ക് മാത്രമായി നിർമിച്ചു നൽകും. സ്ത്രീകളുടെ സുരക്ഷിതത്വം കൂടി പരിഗണിച്ചുള്ള വിദ്യാഭ്യാസ പദ്ധതികൾ അവതരിപ്പിക്കും. വീട്ടിൽ നിന്ന് ചെയ്യാവുന്ന സ്വയം തൊഴിൽ പദ്ധതികൾക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങി നൽകി പരിശീലനം നൽകും. 
   ഇന്ത്യയിലാകെ മർകസ് ഓർഫൻ കെയർ വഴി ഏറ്റെടുത്തു പരിപാലിക്കുന്ന വിദ്യാർത്ഥികളുടെ സംഗമവും ഫണ്ട് വിതരണവും  മർകസ് ഡേയിൽ നടക്കും. നിലവിൽ അയ്യായിരത്തോളം കുട്ടികളെയാണ് ഈ തരത്തിൽ മർകസ് ഏറ്റെടുത്തു പരിപാലിക്കുന്നത്. ഈ കുട്ടികളുടെ മാനസിക വൈജ്ഞാനിക മുന്നേറ്റത്തിന് ആവശ്യമായ പ്രത്യേക ക്ളാസുകളും നാളെ  നടക്കും. മർകസ് ഖിദ്മ-യിൽ അംഗങ്ങളായ വരുടെ കുടുംബ സംഗമവും അവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും പരിപാടിയിൽ നടക്കും. മർകസിന്റെ അക്കാദമിക മുന്നേറ്റം അന്താരാഷ്ട്ര തലത്തിൽ സാധ്യമാക്കാൻ നിദാനമായ ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും മർകസ് കുല്ലിയ്യ കോളേജ് സ്ഥാപകനുമായ സയ്യിദ് ഉമർ മാലികി മക്കയുടെ അനുസ്മരണവും പരിപാടിയിൽ നടക്കും. 
      നാളെ രാവിലെ  10 മണിക്ക്  മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന പരിപാടിക്ക്   മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.  ഫലസ്തീൻ ഇന്ത്യ മിഷൻ ഡെപ്യൂട്ടി ചീഫ് ഡോ വാലി അൽ ബത്രഹകി ഉദ്‌ഘാടനം ചെയ്യും.  സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും.  സി മുഹമ്മദ് ഫൈസി , ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും  മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പങ്കെടുക്കും. 

SHARE THE NEWS