രാജ്യത്ത് മുസ്‌ലിംകൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടിയെടുക്കണം: കാന്തപുരം

0
1958
ഇമാം അഹ്‌മദ്‌ റസാ ഖാൻ ബറേൽവിയുടെ നൂറാം ഉറൂസിന്റെ ഭാഗമായി നാഗ്പൂരിൽ നടന്ന ത്രിദിന ലോക സുന്നി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു
ഇമാം അഹ്‌മദ്‌ റസാ ഖാൻ ബറേൽവിയുടെ നൂറാം ഉറൂസിന്റെ ഭാഗമായി നാഗ്പൂരിൽ നടന്ന ത്രിദിന ലോക സുന്നി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു
SHARE THE NEWS

മൂംബൈ: രാജ്യത്ത് ബീഫിന്റെയും മറ്റും പേരിൽ നടക്കുന്ന കൊലപാതകങ്ങൾ അപലപനീയമാണ്. മുസ്‌ലിമായി എന്നതിന്റെ പേരിൽ ജീവിക്കാൻ കഴിയാത്ത  അവസ്ഥ രൂപപ്പെടുന്നത് അപകടകരമാണെന്ന്   അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.  ലോകപ്രശസ്‌ത ഇന്ത്യൻ മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനും സുന്നത്ത് ജമാഅത്തിന്റെ വലിയ നേതാവും ആയിരുന്ന ഇമാം അഹ്‌മദ്‌ റസാ ഖാൻ ബറേൽവിയുടെ നൂറാം ഉറൂസിന്റെ ഭാഗമായി നാഗ്പൂരിൽ നടന്ന ത്രിദിന ലോക സുന്നി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദക്ഷിണ ഡൽഹിയിൽ എട്ടുവയസ്സുകാരനായ അസീമിനെ വധിച്ചവരെ കണ്ടെത്തി ശക്തമായ ശിക്ഷ നൽകണം. എല്ലാ മത വിഭാഗങ്ങളെയും മനുഷ്യരെയും തുല്യരായി പരിഗണിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. മതത്തിന്റെയോ ജാതിയുടെയോ ഭിന്നതകൾക്കു അപ്പുറം മനുഷ്യരെ സംരക്ഷിക്കുന്ന നിലപാടുകൾ സർക്കാരുകൾ സ്വീകരിക്കണം. ഇന്ത്യയിലെ മുസ്‌ലിംകൾ സമാധാന രംഗത്ത് സ്‌തുത്യർഹമായ ഇടപെടലുകൾ നടത്തുന്നവരാണ്. മദ്‌റസകൾ പോലുള്ള വ്യവസ്ഥപിത മത വൈജ്ഞാനിക കേന്ദ്രങ്ങൾ വഴി വിവിധ വിഷയങ്ങളിൽ ആഴമുള്ള അറിവാണ് വിനിമയം ചെയ്യപ്പെടുന്നത്.
ഇമാം അഹ്‌മദ്‌ റസാഖാൻ ബറേൽവി ഇന്ത്യയിൽ സുന്നത്ത് ജമാഅത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കിയ മഹാ ജ്ഞാനിയും കവിയും ആയ പണ്ഡിതനുമായിരുന്നു . ഇസ്‌ലാമിന്റെ പേരിൽ തെറ്റായ പ്രചാരണവമായി വന്ന പുത്തൻ പ്രസ്ഥാനങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. ആധ്യാത്മിക മാർഗത്തിലൂടെ ഇന്ത്യൻ മുസ്‌ലിംകളെ വഴിനടത്തിയതിൽ  ബറേൽവി ഇമാമിന് മഹാ പങ്കുണ്ട്. അദ്ദേഹം കാണിച്ച വഴി സൂക്ഷ്മമായി അനുധാവനം ചെയ്‌ത്‌ മുസ്‌ലിംകൾ മുന്നോട്ടു പോവണം.
ബറേൽവി ഇമാമിന്റെ ശിഷ്യനായ അഹ്മദ് കോയ ശാലിയാത്തിക്കു സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുണ്ട്. കേരളത്തിലെ സമസ്‌തയുടെ നേതൃത്വത്തിൽ നടത്തുന്നത് യഥാർത്ഥമായ ഇസ്‌ലാമിന്റെ പ്രചാരണമാണ്. ബറേൽവി ഇമാമിന്റെ വഴിയേ, പുത്തൻ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുന്ന ശക്തമായ രീതി ശാസ്ത്രമാണ് സമസ്‌തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ നടക്കുന്നത്: കാന്തപുരം പറഞ്ഞു.
ഷാഹുൽ ഹമീദ് ബാഖവി ശാന്തപുരം അദ്ദേഹത്തെ അനുഗമിച്ചു.  പ്രഗത്ഭരായ 150  പണ്ഡിതർ  സമ്മേളനത്തിൽ മൂന്നു ദിവസങ്ങളിലായി  പ്രസംഗിച്ചു. ലക്ഷക്കണക്കിന് വിശ്വാസികൾ  സമ്മേളനത്തിൽ സംബന്ധിച്ചു.


SHARE THE NEWS