രാജ്യാന്തര അക്കാദമിക കൊളോക്വിയം നവംബർ 24-ന് മർകസ് നോളജ് സിറ്റിയിൽ

ഇന്റർനാഷണൽ മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു.

0
882

കോഴിക്കോട്: നവംബർ 25-നു നടക്കുന്ന ഇന്റർനാഷണൽ മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാജ്യാന്തര അക്കാദമിക കൊളോക്വിയം നവംബർ 24 ശനിയാഴ്ച രാവിലെ 9 മണി മുതൽ മർകസ് നോളജ് സിറ്റിയിൽ നടക്കും. മർകസും നോളജ് സിറ്റിയിലെ ശരീഅ സിറ്റിയും സംഘടിപ്പിക്കുന്ന പരിപാടിക്ക് ലോകപ്രശസ്‌ത അക്കാദമിക പണ്ഡിതരും യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരും നേതൃത്വം നൽകും.

അക്കാദമിക രംഗത്ത് മുസ്‌ലിം സമൂഹം ആഗോളവ്യാപകമായി വ്യവഹരിക്കുന്ന വ്യത്യസ്ത ജ്ഞാന മണ്ഡലങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്ന വേദി ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ ഉന്നതമായ കോഴ്‌സുകളിൽ ഡോക്റ്ററേറ്റും, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും നേടാനുള്ള പരിശീലനക്കളരിയാവും. ‘ഇസ്‌ലാമും ശാസ്‌ത്രവും: മുസ്‌ലിം ലോകത്തിലെ സമകാലിക ചർച്ചകൾ’ എന്ന തലക്കെട്ടിലാണ് ഒരു ദിനം നീണ്ടു നിൽക്കുന്ന കൊളോക്വിയം നടക്കുന്നത്.

കിർഗിസ്ഥാനിലെ ഇന്റർനാഷ്ണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി റെക്ടർ ഡോ. റോസ അമനോവ, തുർക്കിയിലെ ഉസ്കുദാർ യൂണിവേഴ്‌സിറ്റി വൈസ് റെക്റ്റർ പ്രൊഫ. മെഹ്‌മത് സൽക, ഹംദർദ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്‌താസ്‌ ഹസ്‌നൈൻ, കിർഗിസ്ഥാൻ മുൻ പ്രധാനമന്ത്രി കുബാനിച്ചെക് സുമാലിവ്, കാനഡയിലെ മുസ്‌ലിം ചിന്തകൻ ശൈഖ് മഹ്മൂദ് അസദ്, ബ്രൂണൈ ഇന്ത്യൻ ഹൈ കമ്മീഷണർ ദത്തോ പദുക സിദക് എന്നീ പ്രമുഖർ കൊളോക്വിയത്തിൽ അതിഥികളായി എത്തും.

മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അമീർ ഹസൻ, പ്രഫ. ഉമറുൽ ഫാറൂഖ്, ഉനൈസ് മുഹമ്മദ്, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല തുടങ്ങിയവർ സംബന്ധിക്കും.
കൊളോക്വിയത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ശരീഅ സിറ്റി വെബ്‌സൈറ്റ് ആയ www.shariacity.com എന്ന വെബ്‌സൈറ്റിൽ ഈ മാസം 21 നു മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.