രാജ്യാന്തര ഫിഖ്ഹ് സംഗമം; കാന്തപുരം അതിഥി

0
1272

മസ്‌കത്ത്: ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ശാസ്ത്ര വിജ്ഞാന വികസന സിമ്പോസിയ(ഫിഖ്ഹ് സംഗമം)ത്തിന് ഞായറാഴ്ച മസ്‌കത്തില്‍ തുടക്കമാവും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അതിഥിയായി പങ്കെടുക്കും. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുഫ്തികള്‍ പങ്കെടുക്കും.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സിമ്പോസിയത്തില്‍ ജലത്തിന്റെ കര്‍മ്മ ശാസ്ത്ര സംബന്ധമായ ശരീഅത്ത് നിയമങ്ങള്‍, വിധിവിലക്കുകള്‍, നാഗരിക മുന്നേറ്റങ്ങള്‍, ആധുനിക പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കും.
ഞായറാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന പ്രഥമ സെഷനില്‍ വെള്ളത്തിന്റെ കര്‍മ്മശാസ്ത്രത്തില്‍ ഇസ്ലാമിക ഫിഖ്ഹിന്റെ അടിസ്ഥാനങ്ങള്‍ എന്ന വിഷയത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കും. റഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് നാജു ഐനുദ്ദീന്‍ അധ്യക്ഷത വഹിക്കും. വിവിധ മദ്ഹബുകളിലുള്ള ജലത്തെക്കുറിച്ചുള്ള വിധിവിലക്കുകള്‍, ജലത്തിന്റെ കാര്യത്തില്‍ ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍, ജല ഉപയോഗ മേഖലയിലെ ഭീഷണികള്‍, ജലസംരക്ഷണത്തിന് ഇസ്‌ലാം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍, ജല സമ്പത്ത് നശീകരണവും മലിനീകരണവും, പരിസ്ഥിതി സംരക്ഷണത്തില്‍ ജലത്തിന്റെ സ്വാധീനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും സിമ്പോസിയം ചര്‍ച്ച ചെയ്യും.
മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, തറയിട്ടാല്‍ ഹസന്‍ സഖാഫി തുടങ്ങിയവര്‍ കാന്തപുരത്തെ അനുഗമിക്കും.