റഷ്യൻ ഭാഷയിൽ കാന്തപുരത്തിന്റെ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തും

ഒരു കേരളീയ പണ്ഡിതന്റെ ഗ്രന്ഥം റഷ്യനില്‍ വരുന്നത് ആദ്യമായി. ദാഗിസ്താനിൽ ഗ്രാൻഡ് മുഫ്‌തിക്ക് വൻവരവേൽപ്പ്

0
1000
ദാഗിസ്താനിലെ പ്രമുഖ പണ്ഡിതനായ ശൈഖ് അൻവർ അബൂബക്കർ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സ്വീകരിച്ചപ്പോൾ

ദാഗിസ്താൻ: റഷ്യൻ പര്യടനത്തിന്റെ ഭാഗമായി ദാഗിസ്താനിലെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് വൻവരവേൽപ്പ് . ദാഗിസ്താൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹ്മദ് അഫന്ദിയുടെ ക്ഷണപ്രകാരമാണ് കാന്തപുരം ദാഗിസ്താൻ സന്ദർശിച്ചത്. ദാഗിസ്താൻ ഗ്രാൻഡ് മുഫ്തിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിലെയും ദാഗിസ്താനിലെയും ഇസ്‌ലാമിക സംസ്‌കാരങ്ങളുടെ സമാനതയും, നാലിലൊരു മദ്ഹബു പിന്തുടർന്ന് വിവിധ ത്വരീഖത്തുകൾ സ്വീകരിച്ചു സമാധാനപരമായി ജീവിക്കുന്ന മുസ്‌ലിംകളുടെ പൊതുസ്വഭാവത്തെകുറിച്ചും ചർച്ചകൾ നടന്നു. കാന്തപുരത്തിന്റെ അറബി ഗ്രന്ഥങ്ങളിൽ ചിലത് റഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യുമെന്നും, ശാഫിഈ മദ്ഹബ് പ്രകാരം ജീവിക്കുന്ന ദാഗിസ്താൻ മുസ്‌ലിംകളുടെ വൈജ്ഞാനിക വിപുലീകരണത്തിനു അത് സഹായകമാകുമെന്ന് ശൈഖ് അഹ്മദ് അഫന്ദി അഭിപ്രായപ്പെട്ടു. ഒരു കേരളീയ പണ്ഡിതന്റെ ഗ്രന്ഥം റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. തുടർന്ന് ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയിലെ രാജ്യത്തെ ഏറ്റവും പള്ളിയായ യൂസുഫ് മസ്‌ജിദിലും കാന്തപുരം സന്ദർശനം നടത്തി. 17000 വിശ്വാസികൾക്ക് ഒരേസമയം നിസ്കരിക്കാൻ പറ്റുന്ന ഈ പള്ളി, തുർക്കിഷ്-റഷ്യൻ വാസ്തുവിദ്യയുടെ സങ്കലനമായാണ് നിർമിച്ചിരിക്കുന്നത്. പള്ളിയിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ കാന്തപുരം പ്രഭാഷണം നടത്തി.

ദാഗിസ്താനിലെ പ്രമുഖ പണ്ഡിതനായ ശൈഖ് അൻവർ അബൂബക്കറുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വിജ്ഞാന രീതികളെക്കുറിച്ച് അന്വേഷിച്ച അദ്ദേഹം മർകസിന്റെ വിദ്യാഭ്യാസ രീതി മനസിലാക്കാൻ ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചു. മുസ്‌ലിംകൾ വളരെ സമാധാനപരമായിയും ഇസ്‌ലാമിക മൂല്യങ്ങൾ പിന്തുടർന്നും ജീവിക്കുന്ന ദാഗിസ്താനിലെത്താൻ സാധിച്ചതിലുള്ള സന്തോഷം കാന്തപുരം
ശൈഖ് അഹ്മദ് അഫന്ദിയെ അറിയിച്ചു. ചെച്നിയൻ പ്രസിഡന്റ് റമദാൻ കാദ്യറോവ് നിർമിച്ച യൂറോപ്പിലെ ഏറ്റവും വലിയ ഇസ്‌ലാമിക മസ്ജിദിന്റെ ഉദ്‌ഘാടനത്തിൽ കാന്തപുരം പ്രസിഡന്റിന്റെ അതിഥിയാണ്. ചെച്നിയയിൽ എത്തിയ കാന്തപുരത്തെ ചെചൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് സലാഹ് മസീവ് സ്വീകരിച്ചു. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് യു.എ.ഇ കറസ്‌പോണ്ടന്റ് അലി അസ്ഗർ സഖാഫി, മർകസ് യു.എ.ഇ കമ്മറ്റി വൈസ് പ്രസിഡന്റ് മഹമൂദ് ഹാജി എന്നിവരും കാന്തപുരത്തെ അനുഗമിക്കുന്നു.