റോഹിങ്ക്യൻ മുസ്‌ലിംകളെ തള്ളി ഏത് മതന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യ അഭയം നൽകുന്നത്: കാന്തപുരം

0
1294
SHARE THE NEWS

തിരുവനന്തപുരം: നമ്മുടെ അയൽ രാജ്യത്ത് ക്രൂരമായ പീഡനം അനുഭവിക്കുന്ന റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് പോലും അഭയം നൽകാതെ, ഏത് പീഡിത ന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യൻ ഗവൺമെന്റ്  പൗരത്വം നൽകുന്നെതെന്ന്  ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. 2020 ഏപ്രിൽ 9,10,11,12 തിയ്യതികളിൽ നടക്കുന്ന മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി  തിരുവനന്തപുരം അധ്യാപകഭവനിൽ സംഘടിപ്പിച്ച സംസ്ഥാനതല പ്രചാരണോദ്‌ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം.

പൗരത്വനിയമത്തിനായി സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ ബാലിശവും വാസ്തവവിരുദ്ധവുമാണ്. ലോകത്തേറ്റവും വലിയ പീഡനം അനുഭവിക്കുന്ന റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കി. അത്തരം പീഡിത വിഭാഗങ്ങൾ അടക്കമുള്ള മുസ്‌ലിംകളെ പുറത്താക്കി മറ്റുള്ള മതവിഭാഗങ്ങൾക്ക്  പൗരത്വം നൽകുന്ന നിയമം ലോകത്ത് ഇന്ത്യയുടെ ഖ്യാതിക്ക് വലിയതോതിൽ പരിക്കേൽപ്പിച്ചിരിക്കുന്നു. നമ്മുടെ മതേതരത്വ സ്വഭാവം നിലനിറുത്താനും ഭരണഘടനയെ സംരക്ഷിക്കാനും നടത്തുന്ന സമാധാന പരമായ സമരങ്ങൾ തുടരണം. ഇക്കാര്യത്തിൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന സമരങ്ങൾ മാതൃകാപരമാണ്: കാന്തപുരം പറഞ്ഞു.

43 വർഷം കൊണ്ട് ഇന്ത്യയിലെ എല്ലാ വിഭാഗം മനുഷ്യർക്കും വൈജ്ഞാനികമായും സാമൂഹിക ക്ഷേമപരമായും ബൃഹത്തായ  സംഭാവനകൾ  നൽികിയ സ്ഥാപനമാണ് മർകസ്. ജനങ്ങൾക്കിടയിൽ ഒരുമയും വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വവും ഉണ്ടാക്കുന്നതിൽ മർകസ് വലിയ പങ്കുവഹിച്ചു.:കാന്തപുരം പറഞ്ഞു. 2020 ജനുവരി 1 സംസ്ഥാനത്താകെ നടക്കുന്ന മർകസ് ദിനത്തിന്റെ പ്രഖ്യാപനവും കാന്തപുരം നിർവ്വഹിച്ചു.

തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  വിദ്യാഭ്യാസ രംഗത്ത് മർകസ് നടത്തിയ മാറ്റം കേരളത്തിന്റെ സമൂലമായ വികസനത്തിന് സഹായകമായതാണെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്താകെ പത്തുലക്ഷം വൃക്ഷത്തൈ നടുന്ന മില്യൺ ട്രീസ് കാമ്പയിന്റെ  സംസ്ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരം മേയർ വി.കെ ശ്രീകുമാർ  നിർവ്വഹിച്ചു.  ‘സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം’  എന്ന സമ്മേളന പ്രമേയം വിശദീകരിച്ച് മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സംസാരിച്ചു. ഹൈദ്രോസ് ഫൈസി കൊല്ലം പ്രാർത്ഥന നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ പ്രഭാഷണം നടത്തി. എ. സൈഫുദ്ധീൻ ഹാജി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം,  സിദ്ധീഖ് സഖാഫി നേമം, അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം പ്രസംഗിച്ചു.


SHARE THE NEWS