റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി മർകസിൽ പ്രാർത്ഥന സമ്മേളനം

0
783

കാരന്തൂർ : ജന്മനാട്ടിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി അഭയമന്വേഷിച്ചു അലയുന്ന റോഹിൻഗ്യയിലെ പത്തുലക്ഷത്തോളം മുസ്ലിംകൾക്ക് വേണ്ടി മർകസിൽ ഐക്യദാർഢ്യ-പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു.മർകസ് അഹ്ദലിയ്യ ദിക്‌റ് ഹൽഖയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു.അഭ്യർത്ഥികളോടും സഹായം തേടി എത്തുന്നവരോടും മാനുഷിക പരിഗണനയോടെ പെരുമാറുകയും ആവശ്യമായ നടപടികൾ നടത്തുകയും ചെയ്‌തിരുന്ന മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും റോഹിഗ്യൻ ജനതയോട് കരുണാർദ്രമായ സമീപനമാണ് ഭരണകൂടം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി വംശഹത്യയുടെ ഭീകരത അനുഭവിക്കുന്നവരാണ് മ്യാൻമറിലെ രാഖിനെ സംസ്ഥാനത്തെ റോഹിഗ്യൻ മുസ്ലിംകൾ.എന്നാൽ സമാധാനത്തിനു നോബൽ നേടിയ സൂചി അധികാരത്തിൽ വന്നതുമുതലാണ് എല്ലാ മാനുഷികത മൂല്യങ്ങളെയെയും നിരാകരിച്ചുള്ള കടുത്ത വംശഹത്യ അവിടെ നടന്നത്. മേഖലയിലെ ഏറ്റവും ശക്തമായ  അയൽരാജ്യമെന്ന  നിലയിൽ സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഐക്യരാഷ്ട്ര സഭയിൽ സമ്മർദ്ധം ചെലുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹരിയാന, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിയുന്ന റോഹിൻഗ്യക്കാർക്കു ഭക്ഷണവും വസ്ത്രവും ഒക്കെ നൽകി മർകസ് അവരുടെ കൂടെ നിന്നിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്,മൂസ്സ സഖാഫി പാതിരാമണ്ണ പ്രസംഗിച്ചു.