ലോക ഖുർആൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കാന്തപുരം ഇറാഖിൽ

0
4838

കോഴിക്കോട്: ഇറാഖ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നാളെ നടക്കുന്ന ലോക ഖുർആൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ബാഗ്ദാദിൽ എത്തി. ഇറാഖ് സുന്നി പണ്ഡിത സംഘടന ഹെഡ് ഡോ. അബ്ദുല്ലത്തീഫ് അൽ ഹിമയിo കാന്തപുരത്തെ സ്വീകരിച്ചു. ബാഗ്ദാദിൽ നടക്കുന്ന സമ്മേളനത്തിൽ ‘ഖുർആനിന്റെ ആഗോള പഠനങ്ങളുടെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ കാന്തപുരം സംസാരിക്കും. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവരും സമ്മേളനത്തിൽ പ്രസംഗിക്കും. മർകസ് ശരീഅ ഡിപ്പാർട്ടമെന്റ് പ്രഫസർമാരായ ഡോ. എ.എ ഹകീം സഅദി കരുനാഗപ്പള്ളി, പിലാക്കൽ ബസ്വീർ സഖാഫി, റഹീം സഖാഫി എന്നിവർ വിവിധ ഖുർആനിക വിഷയങ്ങളെ അധികരിച്ചു പ്രബന്ധങ്ങൾ അവതരിപ്പിക്കും. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന പണ്ഡിതരും ആധ്യാത്മിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. ഇസ്‌ലാമിക ലോകത്തെ ഔലിയാക്കളുടെ കേന്ദ്രവും, ജ്ഞാന മുന്നേറ്റത്തിന് വലിയ സംഭാവനകൾ അർപ്പിച്ച നഗരവുമായ ബാഗ്ദാദിൽ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിക്കുന്നത് അനുഗ്രഹമാണെന്നും, ഖുർആനുമായി ബന്ധപ്പെട്ട സമകാലികമായ സംവാദങ്ങളെയും ഇസ്‌ലാമിന്റെ യഥാർത്ഥ നിലപാടിനെയും കുറിച്ച് സമ്മേളനത്തിൽ സംസാരിക്കുമെന്നും കാന്തപുരം പറഞ്ഞു.