ലോക മതാന്തര സമ്മേളനത്തില്‍ കാന്തപുരം പ്രസംഗിക്കും

0
4411

കോഴിക്കോട്: യു.എ.ഇ ഗവൺമെൻറ് സംഘടിപ്പിക്കുന്ന ലോക മതാന്തര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തും.
നാളെ (ഞായർ ) മുതൽ അബുദാബിയിൽ ആരംഭിക്കുന്ന ലോകത്തെ പ്രമുഖരായ മതപണ്ഡിതർ പങ്കെടുക്കുന്ന ത്രിദിന സമ്മേളനത്തിയിൽ മാനവ സൗഹൃദത്തിന്റെ തത്വങ്ങൾ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

പോപ്പ് ഫ്രാൻസിസ് മുഖ്യാതിഥിയായി പങ്കടുക്കുന്ന സമ്മേളനം അറബ് ലോകത്തെ ഏറ്റവും വലിയ മത സൗഹൃദ സമ്മേളനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈജിപ്ത് ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ത്വയ്യിബ്, യു.എ.ഇ മതകാര്യ വകുപ്പ് ഉപദേശകൻ ശൈഖ് അബ്ദുല്ല ബിൻ ബയ്യ എന്നിവർ സമ്മേളനം നിയന്ത്രിക്കും. ലോകത്ത് മതവിഭാഗങ്ങൾക്കിടയിൽ പാരസ്‌പര്യവും സർഗാത്മകമായ ഇടപെടലുകളും സജീവമാക്കുക എന്നതാണ് സമ്മേളന ലക്‌ഷ്യം. ഇന്ത്യയെ പ്രതിനിധീകരിച്ചു സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയും സമ്മേളനത്തിൽ പങ്കെടുക്കും.

യു.എ.ഇ ഭരണകൂടം നേരിട്ടു നടത്തുന്ന പ്രധാനപ്പെട്ട എല്ലാ അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കുന്ന നേതാവായി കാന്തപുരം മാറിയിട്ടുണ്ട്. അറബ് ഭാഷയിലുള്ള അഗാധമായ കഴിവും, ഇസ്‌ലാമിക ജ്ഞാനശാസ്‌ത്രത്തിലുള്ള ആഴമുള്ള അറിവുമാണ് ഇതിനു കാരണം. കഴിഞ്ഞ രണ്ട്‌ വർഷങ്ങൾക്കിടയിൽ യു.എ.ഇ സർക്കാർ സംഘടിപ്പിച്ച പത്തു സമ്മേളങ്ങളിൽ കാന്തപുരം പ്രധാന അതിഥികളിൽ ഒരാളായിരുന്നു. സമ്മേളനത്തിൽ പോപ്പുമായി കൂടിക്കച്ചാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.