ലോക മുസ്‌ലിം ന്യൂനപക്ഷ സമ്മേളനം: കാന്തപുരം പ്രഭാഷണം നടത്തി

0
1652
യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാന്റെ ആതിഥ്യത്തിൽ അബുദാബിയിൽ സംഘടിപ്പിച്ച പ്രഥമ അന്തരാഷ്ട്ര മുസ്‌ലിം ന്യൂനപക്ഷ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭഷണം നടത്തുന്നു
യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാന്റെ ആതിഥ്യത്തിൽ അബുദാബിയിൽ സംഘടിപ്പിച്ച പ്രഥമ അന്തരാഷ്ട്ര മുസ്‌ലിം ന്യൂനപക്ഷ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭഷണം നടത്തുന്നു
SHARE THE NEWS

അബുദാബി : യു.എ.ഇ സഹിഷ്ണുതാ  വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാന്റെ ആതിഥ്യത്തിൽ  അബുദാബിയിൽ സംഘടിപ്പിച്ച പ്രഥമ അന്തരാഷ്ട്ര  മുസ്‌ലിം ന്യൂനപക്ഷ സമ്മേളനം അബുദാബിയിൽ ആരംഭിച്ചു. ലോകത്തെ 130 രാജ്യങ്ങളെ പ്രതിനിധീകരിച്ചു  വിവിധ മത, സാമൂഹിക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖരായ 400  രാഷ്ട്രീയ, വൈജ്ഞാനിക, സാംസ്കാരിക വ്യക്ത്വങ്ങളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ‘ലോകത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഭാവി: അവസരങ്ങളും വെല്ലുവിളികളും’ എന്ന ശീർഷകത്തിലാണ് പതിനൊന്നു സെഷനുകളിലായി നടക്കുന്ന ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ  ‘അന്താരാഷ്ട്ര സാഹചര്യത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ : സാധ്യതകളും പ്രശ്‌നങ്ങളും’ എന്ന ശീർഷകത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തി. മുസ്‌ലിംകൾ ന്യൂനപക്ഷമായ ദേശങ്ങളിൽ നിരവധി പ്രതിസന്ധികളുടെ മധ്യയാണ് അവരുടെ ജീവിതം. ലോകത്ത് വർധിച്ചു വരുന്ന ഇസ്‌ലാമോഫോബിയ ഏറിയും കുറഞ്ഞും മുസ്‌ലിം ന്യൂനപക്ഷങ്ങളെ ബാധിക്കുന്നു. അതോടൊപ്പം ചില രാഷ്ട്രങ്ങളിൽ മുസ്‌ലിം പേരിൽ തീവ്രവാദ സംഘടനകൾ വളരുന്നത് സമാധാനപരമായി  ജീവിക്കുന്ന മുസ്‌ലിംകളെ മറ്റുള്ളവർ സംശയത്തോടെ വീക്ഷിക്കാൻ കാരണമാവുന്നു. ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സഹിഷ്ണുതാപരവും ബഹുസ്വരവുമായ  ജീവിതം അനുവർത്തിക്കുന്നവരായി വിശ്വാസികൾ മാറണം. മറ്റു മത സമൂഹങ്ങളുമായി സൗഹൃദം ശക്തമാക്കണം. കുഴപ്പങ്ങളും സംഘർഷങ്ങളും ഉണ്ടാക്കുന്നവരെ കരുതിയിരിക്കണം. ചെറിയൊരു വിഭാഗം ചെയുന്ന പാതകങ്ങൾക്ക് മുസ്ലിംകളെ മുഴുവൻ അധിക്ഷേപിക്കുന്നത് ശരിയല്ല. എല്ലാ മത പ്രത്യയ ശാസ്ത്രങ്ങളിലുമുണ്ട്
ശരിയല്ലാത്ത മാർഗത്തിൽ സഞ്ചരിക്കുന്നവർ. അവരെ നേരായ വഴിലേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടങ്ങളുടെ പ്രധാന കർത്തവ്യം: കാന്തപുരം പറഞ്ഞു. വിവിധ മതന്യൂനപക്ഷങ്ങൾക്ക് സമാധാന പൂർണ്ണവും സുസ്ഥിരവുമായ ജീവിതത്തിനു അവസരം നൽകുന്ന യു.എ.ഇ ഭരണകൂടത്തിന്റെ നിലപാടുകൾ പ്രശംസനീയമാണെന്നും ന്യൂനപക്ഷ സമ്മേളനം സംഘടിപ്പിച്ചു അന്തരാഷ്ട്ര മുസ്‌ലിംകളുടെ മുന്നോട്ടുള്ള പ്രയാണം സുഭദ്രമാക്കാൻ നടത്തുന്ന യത്നങ്ങൾ മാതൃകാപരമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രവും വർത്തമാനവും ഉദാഹരിച്ചു ന്യൂനപക്ഷമായിരിക്കുമ്പോൾ തന്നെ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എങ്ങനെ മുസ്ലിംകൾക്ക് ഉയർന്നുവരാമെന്നും അദ്ദേഹം പരാമർശിച്ചു.
ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച സമ്മേളനം യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി  ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ഉദ്‌ഘാടനം ചെയ്‌തു. അൽബേനിയയുടെ മുൻ പ്രസിഡന്റ് റേക്സ്ഹെപ് മെയ്‌തീനി, ഐക്യരാഷ്ട്ര സഭ ന്യൂനപക്ഷ വിഭാഗ സമ്മേളന പ്രസിഡന്റ്  താരിഖ് അൽ ഖുർദി, ജപ്പാനിലെ അന്താരഷ്ട്ര ബുദ്ധിസ്റ്റ് പ്രസ്ഥാന പ്രസിഡന്റ്  കേഷോ നവാനോ, യൂറോപ്യൻ കൗൺസിൽ പ്രാദേശിക അതോറിറ്റി സെക്രട്ടറി ആൻഡ്രിയാസ് ക്രാവർ, ന്യൂനപക്ഷ സമ്മേളന ചെയർമാൻ ഡോ അലി റാഷിദ് അൽ നുഐമി  എന്നിവർ ഉദ്‌ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചു.  സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വിവിധ രാഷ്ട്രീയ- വൈജ്ഞാനിക  പ്രമുഖരുമായി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർസംവദിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക് ആരംഭിക്കുന്ന ‘മുസ്‌ലിം സമൂഹത്തിനിനിടയിലെ സുസ്ഥിത പ്രവർത്തനങ്ങൾ’ എന്ന  സമ്മേളനത്തിന്റെ അഞ്ചാം സെഷനിൽ മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി സംസാരിക്കും.


SHARE THE NEWS