ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് നോളജ് സിറ്റിയില്‍

0
1204
മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റിന്റെ ലോഗോ മുന്‍ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ചടങ്ങില്‍ പ്രകാശിപ്പിക്കുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പ്രമുഖ അന്താരാഷ്ട്ര പണ്ഡിതന്മാരും സമീപം
SHARE THE NEWS

കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് 2020 ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിലായി മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിയില്‍ നടക്കും. സമ്മിറ്റില്‍ ലോകത്തെ നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രധാനപ്പെട്ട ശാഫിഈ മുഫ്തിമാരും അക്കാദമീഷ്യരും എഴുത്തുകാരും പങ്കെടുക്കും. ആഗോള തലത്തില്‍ ആദ്യമായാണ് ശാഫിഈ പണ്ഡിതര്‍ക്കായി ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.

ഫിഖ്ഹ് സമ്മേളനത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജോര്‍ദാന്‍ തലസ്ഥാന നഗരിയായ അമ്മാനില്‍ നടന്നു. മുന്‍ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ ലോഗോ പ്രകാശനം ചെയ്തു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, യെമനിലെ ദാറുല്‍ മുസ്തഫ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഡീന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് , സിറിയന്‍ എഴുത്തുകാരനും മുഫ്തിയുമായ മുഹമ്മദ് തൗഫീഖ് റമളാന്‍ ബൂത്വി, ഈജിപ്ത് പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. ഉസാമ അസ്ഹരി, ഡോ. അബ്ദുല്ല മുഹമ്മദ് ഹസന്‍ മക്ക എന്നിവര്‍ പങ്കെടുത്തു.

ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ ജീവിതവ്യവസ്ഥയുടെ സമ്പൂര്‍ണ്ണമായ നിര്‍വ്വഹണത്തിനുള്ള നാലിലൊരു ധാരയായ ശാഫിഈ മദ്ഹബ് വിവിധ ഭൂഖണ്ഡങ്ങളിലെ അന്‍പത് കോടിയോളം മുസ്ലിംകള്‍ അവലംബിക്കുന്നു. ശാഫിഈ സരണി പ്രകാരം വിശ്വാസികള്‍ക്ക് ഓരോ രാഷ്ട്രങ്ങളിലും മതകാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പണ്ഡിതരാണ് സമ്മേളനത്തില്‍ സംബന്ധിക്കുക. ജോര്‍ദാനിലെ പ്രധാന ശാഫിഈ ഫത്വാ കാര്യാലയമായ അല്‍ മആരിജ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനത്തിനു വേദിയാവുന്നത്. ഇസ്ലാമിക മതമീമാംസയില്‍ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ പഠനത്തിന് സൗകര്യമൊരുക്കുന്ന നോളജ് സിറ്റിയിലെ ശരീഅ സിറ്റിയാണ്.

ലോകത്തെ മുഖ്യധാരാ ശാഫിഈ പണ്ഡിതരുടെ ഏറ്റവും പ്രധാന അക്കാദമിക സമ്മേളനം എന്ന നിലയില്‍ മര്‍കസ് സമ്മേളനത്തിലെ ശ്രദ്ധേയമായ ഇനമാണ് ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് എന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ ശാഫിഈ ഫിഖ്ഹില്‍ രചിച്ച പൗരാണികവും ആധുനികവുമായ രചനകളുടെ പ്രദര്‍ശനം നഗരിയില്‍ ഒരുക്കും. കേരളീയ കര്‍മ്മശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന സിമ്പോസിയവും സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.


SHARE THE NEWS