ലോക സഹിഷ്ണുതാ സമ്മേളനം: കാന്തപുരം അതിഥി

0
1486

കോഴിക്കോട്: യു.എ.ഇ ഭരണകൂടത്തിന് കീഴിൽ ഇന്ന് ദുബൈയിൽ ആരംഭിക്കുന്ന രണ്ടാമത് ലോക സഹിഷ്ണുതാ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അതിഥിയായി പങ്കെടുക്കും. ‘സാംസ്കാരികവൈവിധ്യത്തിലെ സഹിഷ്ണുത: സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ നേട്ടങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ ലോകത്തെ നൂറു രാജ്യങ്ങളിൽ നിന്നുള്ള പ്രധാന നയതന്ത്ര പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ പ്രവർത്തകരുമാണ് പങ്കെടുക്കുന്നത്.

യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സാംസ്കാരികവൈവിധ്യത്തെ ഉൾക്കൊള്ളുകയും വ്യത്യസ്തകളിൽ ജീവിക്കുമ്പഴും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും കഴിയുന്ന വിധത്തിൽ ലോകത്തെ പ്രധാനപ്പെട്ട നേതാക്കൾക്ക് പുതിയ ആശയങ്ങൾ നൽകുക എന്നതാണ് സമ്മേളന ലക്ഷ്യം.

യു.എ.ഇ ഭരണകൂടം വൈജ്ഞാനികവും സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളിൽ സ്വീകരിക്കുന്ന സമീപനം ആഗോള സമൂഹത്തിന് മാതൃകയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കഴിഞ്ഞ വര്ഷം നടന്ന ഒന്നാം സഹിഷ്ണുതാ സമ്മേളനത്തിലും കാന്തപുരം അതിഥിയായിരുന്നു.

യു.എ.ഇ ഫത്‌വ കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ബയ്യ, ടോളറൻസ് സമ്മിറ്റ് ചെയർമാൻ ഡോ. ഹമദ് ബിൻ അശൈഖ് അഹ്മദ്, മഹ്മൂദ് വഹീദ് അബ്ദുൽ ഹാമിദ് ഈജിപ്ത്, ആഫ്രിക്കൻ യൂത്ത് നെറ്റവർക്ക് സ്ഥാപകൻ മൗലൽ ബോൽ കീർ സുഡാൻ തുടങ്ങിയവർ സമ്മേളനത്തിൽ പ്രഭാഷണം നടത്തും. ‘ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്‌തൂം- സമാധാന സന്ദേശ വാഹകൻ’ എന്ന ഡോക്യൂമെന്ററി സമ്മേളനത്തിൽ പ്രദർശിപ്പിക്കും.