വനിതാ വിദ്യാഭ്യാസത്തിന് മര്‍കസിന്റെ പുതുസംരംഭം; അക്കാദമിയ മദീന ഉദ്ഘാടനം ചെയ്തു

0
914

സുല്‍ത്താന്‍ ബത്തേരി: വനിതകളുടെ ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കി വയനാട് ജില്ലയില്‍ മര്‍കസിന്റെ സംരംഭം ആരംഭിച്ചു. ചിറക്കമ്പം ദാറുല്‍ ബയാന്‍ കാമ്പസില്‍ വിശാലമായ സൗകര്യങ്ങളോടെ ആരംഭിച്ച ആക്കാദമിയ മദീന പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ യു.എ.ഇ റെഡ്ക്രസന്റ് സൊസൈറ്റി വെല്‍ഫെയര്‍ വിഭാഗം മേധാവി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ശേഹി ഉദ്ഘാടനം ചെയ്തു.
എട്ട് ക്ലാസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, കാന്റീന്‍, ഐ.ടി ലാബ്, ലൈബ്രറി, അഡ്മിന്‍ ബ്ലോക്ക് തുടങ്ങിയവ ആധുനികസജ്ജീകരണങ്ങളോടെ 2100 ചതുരശ്ര മീറ്ററില്‍ രണ്ടരക്കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം പണിപൂര്‍ത്തിയാക്കിയത്.
ഈ അധ്യയന വര്‍ഷം മുതല്‍ പുതിയ കോഴ്‌സുകളും പരിശീലന പരിപാടികളും ഇവിടെ ആരംഭിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുകയാണ് അക്കാദമിയ മദീന കാമ്പസിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥിനികളുടെ വ്യക്തിത്വവികാസം, സാങ്കേതിക പരിജ്ഞാനം, ഭാഷാപഠനം തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള ഹ്രസ്വകാല കോഴ്‌സുകളും ഇവിടെ ആവിഷ്‌കരിക്കുന്നുണ്ട്.
റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ആര്‍.സി.എഫ്.ഐ)യുടെ സഹകരണത്തോടെയാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെയും തമിഴ്‌നാട്ടിലെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെയും പിന്നോക്കപ്രദേശങ്ങളിലെ ഇരുനൂറ് വിദ്യാര്‍ത്ഥിനികള്‍ നിലവില്‍ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെയും കുടുംബങ്ങളുടെയും വിദ്യാഭ്യാസപരവും ധൈഷണികവുമായ ഉന്നമനം ലക്ഷ്യമാക്കി ആര്‍.സി.എഫ്.ഐ രാജ്യത്താകെ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ കാമ്പസ് പണിതത്.


യു.എ.ഇ റെഡ്ക്രസന്റ് ചീഫ് എഞ്ചിനിയര്‍ ഫത്ഹി ബാസിം, ഡോ. മൂസ ഗുബാഷ് ഗാനം, മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ആര്‍.സി.എഫ്.ഐ റീജിയണല്‍ മാനേജര്‍ റശീദ് പുന്നശ്ശേരി, മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ ഉനൈസ് മുഹമ്മദ്, മര്‍കസ് പ്രൊജക്റ്റ് ഓഫീസര്‍ മുഹമ്മദ് ഹൈദര്‍, സൈദ് ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി, യൂസുഫ് നുറാനി പ്രസംഗിച്ചു.