വയനാട്: പ്രളയം കനത്ത നാശം വിതച്ച വയനാട്ടിലെ മേപ്പാടി ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ആതുരസേവനവുമായി മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍. 25 വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘമാണ് കേരള ആരോഗ്യവകുപ്പിന് കീഴിലായി ക്യാമ്പിലെ ഹോമിയോ ഡിസ്പന്‍സറിയില്‍ സേവനം ചെയ്യുന്നത്. ഫിസിയോ തെറാപ്പി, അത്യാവശ്യ മരുന്നുകള്‍ ലഭ്യമാവുന്ന മിനി ഫാര്‍മസി, ഇതര ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഇവരുടെ കീഴിലായി പ്രവര്‍ത്തിക്കുന്നു.
വയനാട്ടിലെ ക്യാമ്പുകള്‍ക്ക് പുറമെ മലപ്പുറം ജില്ലയിലെ കവളപ്പാറ, മമ്പാട്, കോഴിക്കോട് ജില്ലയിലെ ഈര്ക്കടവ് ഭാഗങ്ങളിലെ ക്യാമ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്തുകയും ബോധവത്കണ ക്ലാസുകളും ഭക്ഷണം, വസ്ത്രം, അണുനശീകരണ സാമഗ്രികള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്തു.
മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ചാരിറ്റി വിംഗായ ഡാസിലിന്റെയും ടീം സ്പര്‍ശത്തിന്റെയും സഹകരണത്തോടെയാണ് ദുരിതാശ്വാസ പദ്ധതികള്‍ നടപ്പിലാക്കിയത്. സ്റ്റുഡന്‍സ് യൂണിയന് ചെയര്മാന് മുഹമ്മദ് അസ്ഹറുദ്ദീനും സെക്രട്ടറി ഉവൈസ് മുഹമ്മദും സംഘത്തെ അനുഗമിച്ചു.