വയനാട് മെഡിക്കൽ കോളേജ് നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കണം : കാന്തപുരം

0
1958
SHARE THE NEWS

കോഴിക്കോട്: വയനാട്ടിൽ മെഡിക്കൽ കോളേജ് നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു. ബത്തേരിയിൽ സ്‌കൂളിൽ  പാമ്പുകടിയേറ്റ  ഷെഹ്‌ലക്ക്  താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകാതെ കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയും കുട്ടി വഴിയിൽ മരണപ്പെടുകയും ചെയ്ത സംഭവം വേദനാജനകമാണ്.  ഗൗരവതരമായ ആരോഗ്യപ്രശ്ങ്ങൾ പരിഹരിക്കാൻ വയനാട്ടിൽ സംവിധാനം ഇല്ലാത്തതിനാൽ  90 കി.മീ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ദീർഘമായ യാത്രയിൽ  അത്യാസന്ന നിലയിലുള്ള രോഗികൾ മരണപ്പെടുന്നത് സങ്കടകരമാണ്. താമരശ്ശേരി  ചുരത്തിൽ യാത്രാതടസ്സം നേരിടാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ, വയനാട്ടിൽ മെഡിക്കൽ കോളേജിനായി സർക്കാർ കണ്ടുവെച്ച   ചേലോട്‌ എസ്‌റ്റേറ്റിൽ പെട്ടെന്ന് തന്നെ  അതിന്റെ നിർമ്മാണം നടത്തുകയും, എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുകയും വേണം. നിർമ്മാണം പൂർത്തീകരിക്കുന്നത് വരെ വായനാട്ടെ  സർക്കാർ  ജില്ലാ, താലൂക്ക് ആശുപത്രികളിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ നൽകുകയും, അനുഭവ സമ്പന്നരായ ധാരാളം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയും വേണം.

ഷഹല പാമ്പുകടിയേറ്റ് മരണപ്പെട്ട സംഭവം അതീവ ദുഖകരമാണ്. ക്ലാസ്മുറിയിലെ മാളങ്ങൾ, കുട്ടിക്ക് അപകടം സംഭവിച്ചിട്ടും വേണ്ടത്ര ഗൗരവത്തിൽ എടുക്കാത്ത അധ്യാപകരുടെ സമീപനം, താലൂക്കാശുപത്രിയിൽ നിന്ന് ആവശ്യമായ ചികിത്സ നൽകാതെ വൈകിപ്പിച്ചത്, എല്ലാം ഈ ദാരുണമായ മരണത്തിനു കാരണമായതായി മനസ്സിലാവുന്നു. നമ്മുടെ വിദ്യാലയങ്ങളിൽ ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ രീതികളും ഗുണനിലവാരവും കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമ്പോഴും, അപൂർവ്വം ചിലവ ഇങ്ങനെ പരിതാപകരമായ അവസ്ഥയിൽ കാണുന്നു. കുട്ടികളുടെ ജീവിന് സുരക്ഷ നൽകുന്ന ഭൗതിക സാഹചര്യങ്ങൾ മുഴുവൻ വിദ്യാലയങ്ങളിലും ഉണ്ടെന്നു സർക്കാർ ഉറപ്പുവരുത്തണം. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം.  വിദ്യാലയങ്ങളിലെയും പരിസരങ്ങളിലേയും സുരക്ഷ കുറ്റമറ്റതാണ് എന്ന് ജനപ്രതിനിധിനികളും പി.ടി.എ ഭാരവാഹികളും ഇടയ്ക്കിടെ സന്ദർശിച്ചു ഉറപ്പുവരുത്തണം.: കാന്തപുരം പറഞ്ഞു


SHARE THE NEWS