വികസനത്തിന്റെ ജനപക്ഷം: മര്‍കസ് റൂബി ജൂബിലി സെമിനാര്‍ ഇന്ന്

0
794

കോഴിക്കോട്: ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന റൂബി ജൂബിലി സമ്മേളന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് മര്‍കസ് സംഘടിപ്പിക്കുന്ന ‘വികസനത്തിന്റെ ജനപക്ഷം’ സെമിനാര്‍ ഇന്ന്(വ്യാഴം) ഉച്ചക്ക് 2 മണി മുതല്‍ മര്‍കസ് കാരന്തൂര്‍ ഐ.ടി.ഐ കാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, പരിസ്ഥിതി, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ സമഗ്ര വികസനാവശ്യാര്‍ഥം നടപ്പിലാക്കുന്ന പദ്ധതികളുടെ ആവശ്യകതയും പ്രശ്നങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഇ.പി ജയരാജന്‍ എം.എല്‍.എ, വി.ഡി സതീശന്‍ എം.എല്‍.എ, ഡോ ആസാദ്, മുസ്തഫ പി. എറയ്കല്‍ എന്നിവര്‍ സെമിനാറില്‍ ഇടപെട്ട് സംസാരിക്കും.
നാല്‍പത് വര്‍ഷമായി വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് രാജ്യത്തെ ഇരുപത്തിരണ്ടു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്ന മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ റൂബി ജൂബിലിയുടെ ഭാഗമായി ബഹുമുഖ പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ‘പര്യവേക്ഷണം വൈജ്ഞാനിക മികവിന്’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന റൂബി ജൂബിലി സമ്മേളനത്തോടെ അക്കാദമിക ഗവേഷണ രംഗത്ത് വിപുലമായ പദ്ധതികള്‍ മര്‍കസിന് കീഴില്‍ ആരംഭിക്കും.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും, യൂണിവേഴ്‌സിറ്റി കാമ്പസുകളിലും, മിഡില്‍ ഈസ്റ്റിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് സെമിനാറോടെ ഔദ്യോഗിക തുടക്കം കുറിക്കുമെന്ന് മര്‍കസ് മാനേജ്‌മെന്റ് അറിയിച്ചു. മര്‍കസ് മീഡിയ ചെയര്‍മാന്‍ അഡ്വ. സമദ് പുലിക്കാട്, റൂബി ജൂബിലി പ്രചാരണ സമിതി കണ്‍വീനര്‍ മുഹമ്മദലി സഖാഫി വള്ളിയാട്, മര്‍കസ് ഇവന്റ്സ് കോര്‍ഡിനേറ്റര്‍ കെ.കെ ശമീം ലക്ഷദ്വീപ്, മര്‍കസ് മീഡിയ കോര്‍ഡിനേറ്റര്‍ ലുഖ്മാന്‍ കരുവാരക്കുണ്ട് പത്രസമ്മേളത്തില്‍ പങ്കെടുത്തു.