വിദ്യാഭ്യാസരംഗത്ത് മര്‍കസിന്റെ പ്രവര്‍ത്തനം വിപ്ലവാത്മകം: കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

0
950

കാരന്തൂര്‍: വിദ്യാഭ്യാസ രംഗത്ത് മര്‍കസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിപ്ലവാത്മകവും മാതൃകാപരവുമാണെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രസ്താവിച്ചു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ വനിതകള്‍ക്കുള്ള വിദ്യാഭ്യാസ സംരംഭമായ ക്വൂന്‍സ് ലാന്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും ധൈഷണികമായ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി ക്വൂന്‍സ് ലാന്‍ഡ് എന്ന ഉജ്ജ്വലമായ സ്ഥാപന സംരംഭം തുടങ്ങി നവീനമായ മാര്‍ഗങ്ങളിലൂടെ വനിതാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതില്‍ മര്‍കസിനുള്ള പങ്ക് പ്രശംസനീയമാണ്. വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമൂഹിക ശാക്തീകരണം എന്നിവയിലൂടെയാണ് ശക്തമായൊരു സമൂഹം രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
മര്‍കസ് നോളേജ് സിറ്റിയില്‍ പത്തേക്കറില്‍ നാല് സമുച്ചയങ്ങളിലായി 125,000 സക്വയര്‍ഫീറ്റില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരുങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി കാമ്പസാണ് ക്വീന്‍സ് ലാന്റെന്ന് കാന്തപുരം പറഞ്ഞു. അന്തര്‍ദേശീയ സര്‍വ്വകലാശാലകളുടെ അക്കാദമിക സഹകരണത്തോടെ ആരംഭിക്കുന്ന ക്വീന്‍സ് ലാന്റില്‍ സ്‌കൂള്‍ ഓഫ് ഫാമിലി മാനേജ്മെന്റ് ആന്റ് പാരന്റിംഗ്, റിസര്‍ച്ച് സെന്റര്‍, സ്റ്റുഡന്റ്സ് വില്ലേജ്, മള്‍ട്ടി ലിംഗ്വസ്റ്റിക് സ്റ്റഡി സെന്റര്‍, ഡിജിറ്റല്‍ ലൈബ്രറി, സ്‌കില്‍ ഡവലപ്മെന്റ് അക്കാദമി, സയന്‍സ് തീയ്യേറ്റര്‍, ഹെല്‍ത്ത് ക്ലിനിക്ക്, ഷോപ്പിംഗ് ഹബ്ബ്, ഫിഖ്ഹുല്‍ മര്‍അഃ, ഖുര്‍ആനിക് പ്ലാനറ്റ് എന്നിവ നിര്‍മിക്കും. സ്ത്രീ ശാക്തീകരണ രംഗത്ത് പരമ്പരാഗത മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സര്‍ഗാത്മകമായ മുന്നേറ്റമാണ് മര്‍കസ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സി.മുഹമ്മദ് ഫൈസി മന്ത്രിക്കുള്ള ഉപഹാരം നല്‍കി. മര്‍കസ് നോളേജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുസലാം ക്വൂന്‍സ് ലാന്‍ഡ് പ്രൊജക്ട് അവതരിപ്പിച്ച് സംസാരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, പി.ടി.എ റഹീം എം.എല്‍.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ കുഞ്ഞി മുഹമ്മദ് മൗലവി, ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി, ടി.പി ജയചന്ദ്രന്‍, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, അഡ്വ. നൗഷാദ് പ്രസംഗിച്ചു.