വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദൗത്യനിർവഹണ കേന്ദ്രങ്ങളാവണം: കാന്തപുരം

0
1040
യു.എ.ഇ ഭരണകൂടത്തിന് കീഴിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സഹിഷ്ണുതാ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു
യു.എ.ഇ ഭരണകൂടത്തിന് കീഴിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സഹിഷ്ണുതാ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു

ദുബൈ: സമാധാനവും ശാന്തിയും ഉറപ്പിക്കുവാനും പരസ്‌പര സഹവർത്തിത്വം ദൃഢപ്പെടുത്തുവാനുമായി യു എ ഇ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സഹിഷ്ണുതയോടെയുള്ള സഹവർത്തിത്വമാണു സമൂഹത്തിനു അനുഗുണമായത്. യു.എ.ഇ ഭരണകൂടത്തിന് കീഴിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സഹിഷ്ണുതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ സഹവർത്തിത്വവും സഹകരണ മനോഭാവവും വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അത്തരത്തിലുള്ള ക്രമീകരണങ്ങളും പദ്ധതികളും ഉൾപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന മർകസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ഇതിനാവശ്യമായ പദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ വ്യാപന കാലഘട്ടത്തിൽ സഹിഷ്ണുതക്കും ശാന്തിക്കും വിഘാതമാവുന്ന ഇടപെടലുകളിൽ നിന്ന് യുവസമൂഹം മാറിനിൽക്കണം.
സഹവർത്തിത്വത്തിന്റെ ഇസ്‌ലാമിക മാതൃകയും പാരമ്പര്യവും മുറുകെപ്പിടിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സഹവർത്തിത്വത്തിന് ഉത്തമമാതൃകയാണ് മുഹമ്മദ് നബി (സ)യിൽ നമുക്ക് ദർശിക്കാനാവുക. മദീനയിൽ അവിടുന്ന് ഇത്തരമൊരു സമൂഹത്തിന് ഉത്തമമാതൃക കാണിക്കുകയുണ്ടായി. ലോകത്ത് ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് പരിഹാരം പ്രവാചകചര്യ ഉൾക്കൊള്ളുക എന്നതാണെന്ന് അദ്ദേഹം ഉണർത്തി.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിൽ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ മുബാറക് അൽ നഹ്‌യാൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അടക്കം ഭരണതലത്തിലെ ഉന്നത വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ സംബന്ധിച്ചു.