വിദ്യാർഥികാലം ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു: സി മുഹമ്മദ് ഫൈസി

0
518
സംസ്ഥാന തല മഴവിൽകൂട്ടം ഉദ്‌ഘാടനം മർകസ് റൈഹാൻ വാലിയിൽ സി മുഹമ്മദ് ഫൈസി നിർവ്വഹിക്കുന്നു

കോഴിക്കോട്:  വിദ്യാർത്ഥികാലത്തെ വായനകളും അറിവു സമ്പാദന രീതികളും സൗഹൃദങ്ങളും  ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക ഘടകമാണെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ്  ഫൈസി പറഞ്ഞു. മർകസ് റൈഹാൻ വാലിയിൽ സംഘടിപ്പിച്ച മഴവിൽ കൂട്ടം ത്വയ്‌ബ സംസ്ഥാന തല ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികാലഘട്ടം സർഗാത്മകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി  ഭാവിയെ നിർണ്ണയിക്കാൻ പറ്റുന്ന ഉപദേശങ്ങൾ നൽകാൻ കഴിയുന്ന കൂട്ടായ്മകളിൽ വിദ്യാർഥികൾ സജീവമാകണം. മഴവിൽ കൂട്ടം കേരളത്തിലെ ബോർഡിങ് കാമ്പസുകളിൽ നിർവ്വഹിക്കുന്നത് ക്രിയാത്മകമായ ഇടപെടലുകളാണ്: അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫിന് കീഴിലായി, നാല് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസ്സുകളിൽ ബോർഡിങ് കാമ്പസുകളിൽ പഠിക്കുന്ന സുന്നി വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് മഴവിൽ കൂട്ടം. ത്വയ്‌ബ കാമ്പയിന്റെ ഭാഗമായി ‘തിരുനബി: കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ’  റബീഉൽ അവ്വലിലിൽ വിവിധ പദ്ധതികൾ ഓരോ കാമ്പസിലും മഴവിൽ കൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ  എ.കെ.എം സഫ്വാന്‍ കോട്ടുമല പറഞ്ഞു. സംസ്ഥാന മഴവിൽ സെക്രട്ടറി ഹാമിദ് അലി സഖാഫി ആമുഖ ഭാഷണം നടത്തി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് നിയാസ് ഏഴംഗ വിബ്ജിയോർ അംഗങ്ങളെ പ്രഖ്യാപിച്ചു. സഈദ് ശാമിൽ ഇർഫാനി, സി പി സിറാജുദ്ദീൻ സഖാഫി, അബ്ദുൽ ജലീൽ സഖാഫി പ്രസംഗിച്ചു.