വിശുദ്ധ റമളാനിൽ വിപുലമായ പദ്ധതികളുമായി മർകസ്

0
2095
SHARE THE NEWS

കോഴിക്കോട്:  വിശുദ്ധ റമളാനിലെ ഒന്ന് മുതൽ മുപ്പത് വരെയുള്ള ദിവസങ്ങളിൽ വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികളുമായി മർകസ്.  ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഇരുനൂറിലധികം വരുന്ന മർകസ് സ്ഥാപനങ്ങൾ, മർകസ് നിർമിച്ച ആയിരക്കണക്കിന് പള്ളികൾ, സ്‌കൂളുകൾ, ജീവകാരുണ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം സന്ദേശമെത്തിക്കുന്ന വിധത്തിലാണ് മർകസ് റമളാൻ പരിപാടികൾ സവിധാനിച്ചിരിക്കുന്നത്. 
            മെയ് 23 ചൊവ്വ മുതൽ 27 ഞായർ വരെ മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിയുടെ ഇസ്‌ലാമിക ആധ്യാത്മിക  പ്രഭാഷണം    മർകസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും. റമളാനിൽ വിശ്വാസികൾ സ്വീകരിക്കേണ്ട ജീവിത ചിട്ടവട്ടങ്ങളെക്കുറിച്ചും മുസ്‌ലിമിന്റെ ദൈനംദിന ജീവിതത്തിന്റെ പൊരുളുകളെ പറ്റിയുമാണ് പ്രഭാഷണം. മർകസ് കാമസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിൽ  സ്ത്രീകൾക്കും പങ്കെടുക്കാൻ സൗകര്യമുണ്ടായിരിക്കും. 
             റമളാൻ ഒന്ന് മുതൽ മർകസ് കാമ്പസിലും കോഴിക്കോട് മർകസ് കോംപ്ലക്സ് പള്ളിയിലും യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിപുലമായ നോമ്പുതുറ ഒരുക്കും. അതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ അനാഥ അഗതി വിദ്യാർത്ഥികളുടെ നോമ്പ് തുറയും മർകസ് സജ്ജമാക്കും. കോഴിക്കോട്ടെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും മർകസ് പരിസര പ്രദേശങ്ങളിലെ  പൊതുജനങ്ങളുടെയും സഹകരത്തോടെയാണ് നോമ്പ് തുറ ഒരുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ, വിവിധ കാമ്പസ് ഹോസ്റ്റലുകളിൽ പഠിക്കുന്നവർ തുടങ്ങിയവർക്കും മർകസിൽ നടക്കുന്ന ഇഫ്താറിൽ പങ്കെടുക്കാൻ അവസരം നൽകും. ഇന്ത്യയുടെ പലഭാഗങ്ങളിലും പാവങ്ങളും ദുർബലരുമായ മുസ്ലിംകൾ അധിവസിക്കുന്ന ഇടങ്ങളിലും മർകസ് ഇഫ്താർ സൗകര്യവും ബോധവത്കരണാർത്ഥമുള്ള വിവിധ പദ്ധതികളും നടപ്പിലാക്കും.
         റമളാൻ ഇരുപത്തിയഞ്ചാം രാവിൽ നടക്കുന്ന മർകസ് ആത്മീയ സമ്മേളനം പതിനായിരങ്ങൾ പങ്കെടുക്കുന്ന വേദിയായി മാറും.  ചടങ്ങിൽ  മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസികൾ പങ്കെടുക്കും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും നേതൃത്വം നൽകും.
        വിശുദ്ധ ഖുർആനിന്റെ പഠനവും പാരായണവുമായി ബന്ധപ്പെട്ടു വ്യത്യസ്ത പരിപാടികളും റമളാനിൽ മർകസിൽ ഒരുക്കിയിട്ടുണ്ട്. മെയ് 19 മുതൽ 31 വരെ എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം മർകസ് മസ്ജിദുൽ ഹാമിലിയിൽ ഖുർആൻ പാരായണ പഠന ക്ലാസ് നടക്കും. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതൽ മർകസ് സൈത്തൂൻ വാലി കാമ്പസിൽ സ്ത്രീകൾക്കുള്ള ഖുർആൻ വിശദീകരണ , പാരായണ  പഠനക്ലാസ് സംഘടിപ്പിക്കും. എല്ലാ ഞായറാഴ്ചകളിലും സുബ്ഹിക്ക് ശേഷം   പുരുഷന്മാർക്കുള്ള പ്രത്യേക പഠനക്ലാസും നടക്കും. 
       റമളാൻ സന്ദേശങ്ങൾ വിവിധ ഭാഷകളിൽ ജനങ്ങളിലേക്കെത്തിക്കാൻ ആവശ്യമായ പദ്ധതികൾ മർകസ് മീഡിയ ഡിപ്പാർട്ട്മെന്റ് വഴിയും ആവശീകരിച്ചിട്ടുണ്ട്. 
         മർകസ് റമളാൻ പദ്ധതികളുടെ വിജയത്തിന് വേണ്ടി സംഘടിപ്പിക്കുന്ന വിപുലമായ സ്വാഗത സംഘ രൂപീകരണം നാളെ (തിങ്കൾ) രാവിലെ പത്തു മണിക്ക് മർകസ് കാമ്പസിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. മർകസ് ജനറൽ മാനേജർ  സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, പി സി ഇബ്രാഹീം മാസ്റ്റർ, പ്രഫ എ.കെ അബ്ദുൽ ഹമീദ്, മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയവർ പ്രസംഗിക്കും.  റമളാനിൽ നടക്കുന്ന മർകസിന്റെ  വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം പരിപാടിയിൽ നടക്കും.

SHARE THE NEWS