വി.പി.എം ഫൈസി വില്യാപ്പള്ളി: പാണ്ഡിത്യവും പ്രവര്‍ത്തനവും മേളിച്ച ഗുരുവിന് ജന്മനാടിന്റെ ആദരം ഇന്ന്

0
893
SHARE THE NEWS

കോഴിക്കോട്: പാണ്ഡിത്യവും സംഘടനാപ്രവര്‍ത്തനവും മേളിച്ച വി.പി.എം ഫൈസി വില്യാപ്പള്ളിയെ ഇന്ന് ജന്മനാട് ആദരിക്കുകയാണ്. സുന്നി സംഘടനാ രംഗത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന പേരുകളിലൊന്നാണ് വി.പി.എം ഫൈസിയുടേത്. 1970കളുടെ ആദ്യം മുതലേ, സംഘടനാ പ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമാണ്. എസ്.എസ്.എഫിന്റെ പിറവി നടക്കുമ്പോള്‍ ഭരണഘടനാ സമിതി അംഗമായിരുന്നു. 1972ല്‍ തന്നെ എസ്.വൈ.എസ് സംസ്ഥാന സമിതിയിലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടങ്ങോട്ട് വിശ്രമില്ലാത്ത കര്‍മ്മമേഖലയിലാണ് ഫൈസി.

ശ്രദ്ധേയനായ പണ്ഡിതനും എഴുത്തുകാരനും സംഘാടകനും എന്ന നിലയിലാണ് വി.പി.എം ഫൈസി പണ്ടുമുതലേ അറിയപ്പെട്ടത്. കൃത്യതയുള്ള നിലപാടുകള്‍ ഉള്ള അദ്ദേഹം, കഴിഞ്ഞ നാല് പതിറ്റാണ്ടു കാലത്തെ മുതിര്‍ന്ന ആലിമീങ്ങളുടെ സാന്നിധ്യമുള്ള അനേകം യോഗങ്ങളില്‍ സംബന്ധിച്ചു. കൃത്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മാധ്യമങ്ങള്‍ക്കു നല്‍കി. സംഘടനയുടെ പ്രസിദ്ധീകരണങ്ങളായ സിറാജിലും സുന്നിവോയ്സിലും സുന്നത്തിലും രിസാലയിലും എല്ലാം മനോഹരമായ ഭാഷയില്‍ എഴുതി പൊതുസമൂഹത്തിലേക്ക് എത്തിച്ചു.

1973-ല്‍ ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടിയ ശേഷം ദര്‍സ് രംഗത്തേക്ക് വന്ന വി.പി.എം 1986 വരെ വിവിധ മഹല്ലുകളില്‍ മുദരിസായി സേവനം ചെയ്തു. 1986-ഇല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ക്ഷണപ്രകാരം മര്‍കസ് മുദരിസായി. തുടര്‍ന്നിങ്ങോട്ട് ഇതുവരെ മര്‍കസിലെ പ്രധാന മുദരിസുമാരിലൊരാളും ശരീഅ കോളജ് സ്റ്റാഫ് സെക്രട്ടറിയുമാണ്.

1970 മുതലേ കാന്തപുരം ഉസ്താദുമായി അടുത്ത ബന്ധമാണ് വി.പി.എമ്മിന് ഉണ്ടായിരുന്നത്. പിന്നീട് നടന്ന പല സംവാദങ്ങളിലും വ്യവസ്ഥ തയ്യാറാക്കാനും, ഖാദിയാനികളെയും തബ്ലീഗ് ജമാഅത്തിനെയും പ്രതിരോധിക്കുന്ന സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കാനും എല്ലാം വി.പി.എം എ.പി ഉസ്താദിന്റെ കൂടെയുണ്ടായിരുന്നു.

സമസ്ത പുനസംഘാടനം നടന്ന ശേഷം സുന്നിപ്രസ്ഥാനത്ത് മദ്രസാ പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിനും മുഅല്ലിം ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനും മുന്നില്‍ നിന്ന ഒരാളാണ് ഫൈസി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആരംഭകാലം മുതലുള്ള ട്രഷററാണ്.സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി അംഗവുമാണ്. സിറാജിന്റെ ഭരണസമിതിയിലെ ആരംഭകാലം മുതലുള്ള അംഗവുമാണ്.

എഴുത്തുകാരന്‍ എന്ന നിലയില്‍ സുന്നി പ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ ചെയ്ത പണ്ഡിതനാണ് വി.പി.എം. 1981 മുതല്‍ സുന്നത്ത് മാസികയുടെ ചീഫ് എഡിറ്ററാണ്. ആത്മസംസ്‌കരണം, ദാറുന്നദ്വഃയിലെ രഹസ്യയോഗവും നബിയുടെ ഹിജ്റയും തുടങ്ങി ആറു ഗ്രന്‍ഥങ്ങളുടെ രചയിതാവാണ്. ഏഴരപതിറ്റാണ്ടായുള്ള ജീവിത കാലത്തിനിടയില്‍ ഫൈസി ചെയ്ത വൈജ്ഞാനികവും സംഘടനപരവുമായ നിരവധി സേവനങ്ങള്‍ക്കുള്ള ജന്മനാടിന്റെ ആദരവ് പരിപാടികള്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം ഉസ്താദ്, സുലൈമാന്‍ ഉസ്താദ്, ഖലീല്‍ തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും.


SHARE THE NEWS