വെളിച്ചത്തിന്റെ പൂമരം: അബ്ദുല്ല പേരാമ്പ്ര

0
881

ലോക പ്രശസ്ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സയ്യിദ് അലവി മാലികി മര്‍കസിന് ശിലാസ്ഥാപനം നടത്തുമ്പോള്‍ ഒരു പക്ഷേ അദ്ദേഹം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഈ സ്ഥാപനം ഇങ്ങനെയൊക്കെ വളര്‍ന്ന് പന്തലിക്കുമെന്ന്. നാല് ദശാബ്ദക്കാലം ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ നിര്‍ണ്ണയിക്കുന്ന കാലയളവല്ലെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിച്ചു കൊണ്ടാണ് ഇത്ര കാലവും അത് തല ഉയര്‍ത്തി നിന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ജനത വിശിഷ്യാ മുസ്‌ലിം സമുദായം നേരിട്ട രാഷ്ട്രീയപരവും സാമൂഹ്യപരവും സാമ്പത്തികപരവുമായ മുരടിപ്പിനെ മന:ക്ലേശത്തോടെ നോക്കിക്കണ്ടാണ് മര്‍കസ് അതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. സമൂഹത്തിന്റെ മുഖ്യശ്രേണിയിലേക്ക് ആ സമുദായത്തെ കൈപിടിച്ചുയര്‍ത്തുക എന്ന ശ്രമകരമായ ദൗത്യം മര്‍കസിന്റെ അമരക്കാരനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റെടുക്കുന്നതാണ് പില്‍ക്കാലം ലോകം സാക്ഷ്യം നിന്നത്. അങ്ങനെ ആശയറ്റവരും അശരണരുമായ പ്രാന്ത വത്കൃത സമൂഹത്തെ അദ്ദേഹം തന്നാല്‍ കഴിയും വിധം ജാതിയോ മതമോ വര്‍ണ്ണമോ നോക്കാതെയുള്ള ആ വലിയ മനുഷ്യന്റെ സമീപനം മര്‍ക്കസിനെ ജനകീയമാക്കുതിലും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനമായി പരിവര്‍ത്തിപ്പിക്കാനും സഹായിച്ചു.
മര്‍കസിനെ ഒരു വന്‍ വൃക്ഷത്തോട് ഉപമിക്കാനാണ് എനിക്കിഷ്ടം. അതിന്റെ തണല്‍ പലപ്പോഴും കേരളത്തിന്റെ അതിര്‍ത്തിയും കടന്ന് ഇന്ത്യയിലും അന്യ രാജ്യങ്ങളിലേക്കും ചെന്നെത്തിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ലോകത്തിലെ കണ്ണീര്‍ വാര്‍ക്കുന്ന മാനവന്റെ നേര്‍ക്കാണ് മര്‍കസിന്റെ കൈകള്‍ നീണ്ടു ചെന്നത്. അതിന് ചരിത്രത്തിലും സമീപകാലത്തും ധാരാളം ഉദാഹരണങ്ങളുണ്ട്. മത ഭ്രാന്തന്മാരുടെ കൊലക്കത്തിക്കും കൊലവിളിക്കും ഇരയാക്കപ്പെട്ട അഭയമില്ലാതെ നെട്ടോട്ടമോടിയ റോഹിംഗ്യന്‍ ജനതക്ക് വേണ്ടിയും ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയും ഗുജറാത്തില്‍ വംശഹത്യക്ക് വിധേയരായ മുസ്‌ലിം പിന്നോക്കക്കാര്‍ക്കു വേണ്ടിയും ആ സഹായഹസ്തം നീണ്ടു ചെന്നു. കാശ്മീരിലെ നിരക്ഷരരായ പരശ്ശതം പാവങ്ങളെ വിദ്യ പകര്‍ന്നും ഭക്ഷണം നല്‍കിയും മര്‍കസ് സഹായിക്കുന്നുണ്ടെന്നത് അസൂയാലുക്കളെ പോലും നിര്‍വൃതി കൊള്ളിക്കുന്നുണ്ട്. ചുവന്ന കളിമണ്ണ് കൊണ്ട് ചാന്ത് തേച്ച മണ്‍ചുമരില്‍ നിന്ന് ഇന്നത്തെ മര്‍കസിന്റെ വളര്‍ച്ചയുടെ കാലഘട്ടം കേരള ചരിത്രത്തിന്റെ കൂടി വാങ്ങ്മയ ചിത്രമാണെത് ഒരു നിയോഗമാകാം.
ഒരു സമൂഹത്തെ സംസ്‌കരിക്കണമെങ്കില്‍ വിദ്യാഭ്യാസം അത്യന്താപേക്ഷികമാണെന്ന് ഉറച്ചു വശ്വസിച്ചു കൊണ്ടാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതികള്‍ക്ക് വഴിമരുന്നിട്ടത്. എന്നാല്‍ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയതയും അദ്ദേഹം വിളക്കിച്ചേര്‍ത്തു മനുഷ്യനെ പുതുക്കി പണിയുകയാണ്. അറിവിന്റെ ഇസ്‌ലാമികമായ പാരമ്പര്യത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുകയും ആ പാന്ഥാവിലൂടെ അനേകായിരങ്ങളെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നടത്തിക്കുകയും ചെയ്തു. ദീര്‍ഘ ദൃഷ്ടിയുള്ള ഒരു പണ്ഡിത ശ്രേഷ്ഠന്റെ പ്രയത്‌നം മര്‍കസ് എന്ന സ്ഥാപനത്തെ ഏഷ്യയിലെ തന്നെ പുകള്‍പെറ്റ ഒരു യൂണിവേഴ്‌സിറ്റിയാക്കി വളര്‍ത്തിയെടുത്തു. മര്‍കസില്‍ നിന്ന്പഠിച്ചിറങ്ങുന്ന ഒരു കുട്ടി സാമൂഹിക പ്രതിബദ്ധതയുള്ളവനായും നാടിനോടും വീടിനോടും ഐക്യപ്പെടുവനായും മാറുന്നത് അതുകൊണ്ടാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താത്പര്യത്തിനും അഭിരുചിക്കും ഉതകും പ്രകാരം കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം മര്‍കസിലുണ്ട്.
കേരളം മതപണ്ഡിതന്മാര്‍ക്ക് പഞ്ഞമില്ലാത്ത സമൂഹമാണ്. അവരില്‍ നന്നെല്ലാം കാന്തപുരത്തെ മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങളിലുള്ള അവഗാഹം തന്നെയാണെന്ന് പലപ്പോഴും എനിക്ക് തോിയിട്ടുണ്ട്. സാഹിത്യവും സംഗീതവുമെല്ലാം അദ്ദേഹത്തിന് അന്യമല്ല. പാവപ്പെട്ടവരോട് കാണിക്കുന്ന കരുണയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റിനിര്‍ത്തു ഘടകം എങ്കില്‍ മര്‍കസും മര്‍കസിന്റെ അമരക്കാരനും ആത്മാഭിമാനം കൊള്ളാന്‍ അവകാശമുണ്ട്. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ പാരമ്പര്യാധിഷ്ഠിത പാതകള്‍ വെട്ടിയെടുക്കാന്‍ സമസ്തയിലൂടെയും അതിന്റെ ഭാഗമായ മര്‍കസിലൂടെയും കഴിഞ്ഞിട്ടുണ്ട.് അതു കൊണ്ടാണ് പലരും അപ്രാപ്യമെന്ന് കരുതിയ പല നേട്ടങ്ങളും നാല്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞത്. കര്‍മ്മ നിരതയും ദിഷണാ വൈഭവവും അതിന് സഹായിച്ചിട്ടുണ്ട്. മര്‍കസിന് 40 വയസ്സ് പൂര്‍ത്തിയാകുന്നുവെന്ന വസ്തുത കേരളചരിത്രത്തിന്റെ ഭാഗമാകുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടത്തിന്റെ കണക്ക് പുസ്തകത്തേക്കാള്‍ നേട്ടത്തിന്റെ വിളവെടുപ്പാണ് എണ്ണപ്പെടുക എന്നു തോന്നുന്നു. മുന്നില്‍ അത്രയൊന്നും വിശേഷപ്പെട്ടതല്ല വഴികള്‍. ഇനിയും പരിഹരിക്കപ്പെടാന്‍ ധാരാളം പ്രശ്‌നങ്ങളുണ്ട്. സന്മാര്‍ഗ ദീപമായ വിശുദ്ധ ഖുര്‍ആനും കാലാതീതമായ തിരുവചനങ്ങളും വഴി കാട്ടാന്‍ ഈ സ്ഥാപനത്തിനുണ്ടെങ്കില്‍ വഴികളില്‍ വെളിച്ചം പ്രകാശ പൂരിതമാകും തീര്‍ച്ച.