വൈജ്ഞാനിക മികവിന്റെ നാലു പതിറ്റാണ്ട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

0
957
SHARE THE NEWS

നന്മയുടെ നിറവില്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യ നാല്‍പത് വര്‍ഷം പിന്നിട്ടിരിക്കുന്നു.നാലു പതിറ്റാണ്ടിന്റെ സേവന കര്‍മങ്ങളുടെയും വൈജ്ഞാനിക വിനിമയത്തിന്റെയും മികവില്‍ ‘റൂബി ജൂബിലി’ ആഘോഷിക്കാനൊരുങ്ങുകയാണ് മര്‍കസ്. ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന സമ്മേളനം മര്‍കസ് നേടിയെടുത്ത നന്മയാര്‍ന്ന അധ്യായങ്ങളുടെയും പകര്‍ന്നു കൊടുത്ത പ്രബുദ്ധതയുടെയും സമ്മേളനമാണ്. ‘പര്യവേക്ഷണം വൈജ്ഞാനിക മികവിന’ എന്ന പ്രമേയത്തെ അധികരിച്ചാണ് നാല്‍പതാം വാര്‍ഷിക സമ്മേളനം മൂന്നു ദിനങ്ങളിലായി നടക്കുന്നത്. പരിശുദ്ധ ഖുര്‍ആനാണ് നമ്മുടെ മാര്‍ഗ ഗ്രന്ഥം. വിശുദ്ധ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയവുമില്ല. ശാസ്ത്രലോകത്തിന് വഴിവെളിച്ചം പകര്‍ന്ന് ഖുര്‍ആനുശ്ശരീഫ് ഇന്നും ലോകത്തിന് മാര്‍ഗ ദര്‍ശനം നല്‍കുന്നു. പ്രപഞ്ച സത്യങ്ങളെകുറിച്ചും പ്രകൃതിയെകുറിച്ചും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ സംബന്ധിച്ചും മനുഷ്യസൃഷ്ടിപ്പിനെ വിശകലനം ചെയ്തും ഖുര്‍ആന്‍ വിവിധ തരത്തിലുള്ള പ്രമേയങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വൈജ്ഞാനിക മികവിന് ‘പര്യവേക്ഷണം’ അനിവാര്യമാണെും ഖുര്‍ആന്‍ പാഠം നല്‍കുന്നു. വിജ്ഞാനാര്‍ജനവഴികളുടെ ശാസ്ത്രീയ മാനങ്ങളെ ഖുര്‍ആന്‍ ചിന്തോദ്ദീപകമായി അവതരിപ്പിക്കുന്നുമുണ്ട്. ഈ സാരാംശങ്ങളുടെ വെളിച്ചമാണ് വൈജ്ഞാനിക മുേന്നറ്റങ്ങള്‍ക്ക് മര്‍കസിന് പ്രചോദനം.
നാല്‍പത് വര്‍ഷം പിന്നിട്ട പാതകളെകുറിച്ച് ചിന്തിക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നത്. ‘അറിവാണ് മനുഷ്യന്റെ ആയുധമെന്ന’ തിരുവചനത്തിന്റെ അരികുപറ്റി യാത്ര തുടങ്ങിയപ്പോള്‍ അല്ലാഹു അവന്റെ അനുഗ്രഹ കവാടം തുറുന്നു തന്നു. സത്യവിശ്യാസികളുടെ നിര്‍ലോഭ പിന്തുണയും സഹായവുംകൂടി ലഭിച്ചതോടെ ‘വൈജ്ഞാനിക വിപ്ലവത്തിന്റെ’ പുതിയൊരു ഭൂപടം തന്നെ മര്‍കസിന് സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു.അനാഥകള്‍ക്ക് അന്നവും അറിവും നല്‍കി തുടക്കം കുറിച്ച മര്‍കസ് നാലു പതിറ്റാണ്ടു പിന്നിടുമ്പോള്‍ സാംസ്‌കാരിക ലോകത്തിന്റെ വൈജ്ഞാനിക സിരാകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിനു പുറമെ ഇരുപതിലധികം സംസ്ഥാനങ്ങളില്‍ മര്‍കസ് സ്വന്താമായൊരു മേല്‍വിലാസം അടയാളപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാന വിനിമയത്തിന്റെവിവിധ തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് വ്യത്യസ്ത രൂപത്തില്‍ മര്‍കസ് ഇന്ത്യയൊട്ടാകെ ആവിഷ്‌കരിച്ചിരിക്കുന്നത്. അറിവിനു പുറമെ ആഹാരവും സുരക്ഷിത ജീവിതവും മര്‍കസ് നല്‍കിയതോടെ സമൂഹത്തില്‍ പുറം തള്ളപ്പെട്ട നിസ്സഹായ ജീവിതങ്ങള്‍ പതിയെ മുഖ്യധാരയിലെത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ആദരിച്ചും അംഗീകരിച്ചും മനുഷ്യനെന്ന കാഴ്ച്ചപ്പാട് മുന്‍നിറുത്തിയാണ് മര്‍കസ് സാമൂഹ്യ സേവന രംഗങ്ങളില്‍ പ്രവര്‍ത്തനം നടത്തിയത്. കേരളത്തിനു പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതിനു പുറമെ നിരാലംബരും നിര്‍ധനരുമായ കുടുംബങ്ങളുടെ സംരക്ഷണവും കൂടി മര്‍കസ് ഏറ്റെടുത്തു. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജീവിത പ്രശ്‌നങ്ങള്‍ക്ക് മാനുഷികമായ പരിഹാരം കണ്ടെത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു.ഇന്ന് കേരളം മുതല്‍ കാശ്മീര്‍ വരെ മര്‍കസിന്റെ സേവനപാത നീണ്ടു കിടക്കുകയാണ്. വെടിയൊച്ച നിലക്കാത്ത കാശ്മീരിന്റെ പ്രാന്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് ദേശീയബോധം വളര്‍ത്താനും ധാര്‍മിക ശിക്ഷണം നല്‍കി കാശ്മീരികള്‍ക്ക് നിര്‍ഭയത്വത്തിന്റെ പാതകള്‍ കാണിച്ച് കൊടുക്കാനും മര്‍കസിന് സാധിച്ചു.
ജനാധിപത്യത്തിന്റെ മഹിത സന്ദേശം ഭാരതീയ ജനങ്ങള്‍ക്ക് പകര്‍ന്ന് കൊടുത്ത് ദേശീയോദ്ഗ്രഥന പ്രക്രിയയില്‍ സജീവ പങ്കാളിത്തം വഹിക്കാനും മര്‍കസിന് കഴിഞ്ഞിട്ടുണ്ട്. മത വിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിജ്ഞാനവും ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ധാര്‍മ്മിക ബോധവും സദാചാരനിഷ്ഠയുമുള്ള സമൂഹസൃഷ്ടിപ്പ് സാധ്യമാവുകയുള്ളൂ. ഈ സന്ദേശമാണ് മര്‍കസ് ലോകത്തിന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചത്. രാജ്യത്തോടും, രാഷ്ട്രത്തോടും, സമൂഹത്തോടും, സമുദായത്തോടും, കുടുംബത്തോടും പ്രതിപത്തിയും പ്രതിബദ്ധതയുമുള്ള ഹൃദയങ്ങളെ, ജീവിതങ്ങളെ പണിതെടുക്കാനുള്ള മാനവീയ യജ്ഞം. നാലു പതിറ്റാണ്ട് മര്‍കസ് നടത്തിയത് ഈ കര്‍മമായിരുന്നു. ഈ സാംസ്‌കാരിക പോരാട്ടത്തില്‍ മര്‍കസ് വിജയിച്ചു എന്നാശ്വസിക്കാം. അതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. നന്‍മയുടെ സര്‍വ്വതലത്തിലും മര്‍കസ് മാതൃകയാക്കപ്പെടുന്നു എന്നത്തന്നെ മര്‍കസ് നേടിയെടുത്ത പ്രവര്‍ത്തന വിജയവും ലോകാംഗീകാരവുമാണ്. ഈ വളര്‍ച്ചക്ക് സഹായകമായിവര്‍ത്തിച്ച സുമനസ്സുകള്‍, പ്രാസ്ഥാനിക പ്രവര്‍ത്തകര്‍, വ്യപാര വ്യവസായികള്‍, ഉമറാക്കള്‍, പണ്ഡിതന്‍മാര്‍, രാഷ്ടീയ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്ര തലവന്‍മാര്‍, പ്രവാസികള്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, വിമര്‍ശകര്‍ പോലും മര്‍കസിന്റെ വിജയഗാഥയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. നാല്‍പതാം വാര്‍ഷികാഘോഷ വേള അഭിമാനപൂര്‍വ്വം നമുക്ക് ആഘോഷിക്കാനുള്ളതാണ്. മര്‍കസ് നോളജ്‌സിറ്റിയില്‍ നേരത്തെ ആരംഭിച്ച യുനാനി മെഡിക്കല്‍ കോളജ,് ലോ കോളജ് എന്നിവക്ക് പുറമെ ശരീഅ സിറ്റി, ക്വൂന്‍സ് ലാന്റ്, മസ്‌റ എന്നീ മൂന്ന് സംരംഭങ്ങള്‍ കൂടി നാല്‍പതാംവാര്‍ഷികത്തിന്റെ ഭാഗമായി മര്‍കസ് സമര്‍പ്പിക്കുന്നു. ഈ ശുഭ മുഹൂര്‍ത്തത്തിലേക്കും ത്രിദിന സമ്മേളനത്തിലേക്കും സ്‌നേഹ ജനങ്ങളെ ക്ഷണിക്കുന്നു. പ്രാര്‍ത്ഥനയോടെ. കാന്തപുരംഎ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.


SHARE THE NEWS