വ്രതത്തിലൂടെ നേടിയ പരിശീലനം മറ്റുള്ളവര്‍ക്ക്‌ കൂടി പ്രായോഗികമാക്കണം: കാന്തപുരം

0
775

കോഴിക്കോട്‌: ഈദ്‌ ദിനത്തില്‍ ജാതി-മത വിത്യാസമില്ലാതെ ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും നന്മക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിലൂടെ കൈവരിച്ച പരിശീലനത്തെ പ്രായോഗിക രൂപത്തില്‍ മറ്റുള്ളവര്‍ക്ക്‌ കൂടി പകര്‍ന്ന്‌ നല്‍കണമെന്നും കാന്തപുരം ഈദ്‌ സന്ദേശത്തില്‍ പറഞ്ഞു.
തന്റെ സമ്പത്തിന്റെ ഒരു ഭാഗത്തില്‍ നിന്നും സമൂഹത്തിലെ അശരണര്‍ക്ക്‌ പകര്‍ന്ന്‌ കൊടുക്കുന്ന സക്കാത്ത്‌ പെരുന്നാളിന്റെ പ്രധാന അനുഷ്‌ഠാനമാണ്‌. പെരുന്നാള്‍ ദിനത്തില്‍ തനിക്കും താന്‍ ചെലവിന്‌ കൊടുക്കാന്‍ നിര്‍ബന്ധമായവര്‍ക്കും ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം എന്നിവ കഴിച്ചു ബാക്കി വരുന്ന സമ്പാദ്യം ഉള്ളവരെല്ലാം പ്രത്യേക സക്കാത്ത്‌ കൊടുക്കണം. നാളെ ഭക്ഷണം ഉണ്ടോ എന്നതല്ല, ഇന്ന്‌ കഴിക്കാന്‍ ഭക്ഷണം ഉണ്ടോ എന്നാണ്‌ ഇസ്‌ലാം നോക്കുന്നത്‌. മറ്റുള്ളവര്‍ക്ക്‌ ഇന്നത്തേക്ക്‌ വേണ്ട ഭക്ഷണവും വസ്‌ത്രവും തങ്ങളുടെ നാളത്തേക്ക്‌ വേണ്ടി പൂഴ്‌ത്തി വെക്കുന്നവരോടുള്ള ചോദ്യമാണ്‌ ഇസ്‌ലാം ഇവിടെ ഉയര്‍ത്തുന്നത്‌. മറ്റുള്ളവര്‍ക്ക്‌ അര്‍ഹതപ്പെട്ട ഒന്നും കൈവശം വെക്കാതെ കൊടുത്താല്‍ മാത്രമേ ഒരാള്‍ പൂര്‍ണര്‍ത്ഥത്തില്‍ വിശ്വാസിയാകുകയുള്ളൂ.
കേവലം ആഘോഷിമാക്കി പെരുന്നാള്‍ പരിമിതപ്പെടുത്താതെ, കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കാനും സൗഹൃദങ്ങള്‍ക്ക്‌ കൂടുതല്‍ മധുരം പകരാനും കഴിയണം. കുടുംബ ബന്ധങ്ങള്‍ക്ക്‌ വലിയ വിലയാണ്‌ ഇസ്‌ലാം നല്‍കുന്നത്‌. ദാരിദ്രം, യുദ്ധം, ശുദ്ധജല ക്ഷാമം, കുടിയേറ്റം, പകര്‍ച്ച വ്യാധികള്‍ തുടങ്ങി വളരെ സങ്കീര്‍ണമായ അവസ്ഥയിലാണ്‌ സമൂഹം ഇന്നുള്ളത്‌. മനുഷ്യന്‌ സംഭവിച്ച ധാര്‍മിക മൂല്യശോഷണമാണ്‌ ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനമെന്നാണ്‌ ഇസ്‌ലാം മനസ്സിലാക്കുന്നത്‌. ധാര്‍മികമായി പെരുമാറാന്‍ കഴിയുനനവര്‍ക്കേ സമൂഹത്തില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളൂ. അടിസ്ഥാനപരമായി ഭക്ഷണത്തിന്‌ വേണ്ടിയാണ്‌ മനുഷ്യന്‍ തന്റെ ജീവിത സാഹചര്യങ്ങളുമായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നത്‌. അത്‌ വയറിനോ, അധികാരത്തിനോ, സമ്പത്തിനോ, ലൈംഗികതക്കോ വേണ്ടിയുള്ള വിശപ്പുകളാകാം. ഇത്തരം വിശപ്പുകളെ നിയന്ത്രിക്കുക വഴി അവയുടെ നിരര്‍ഥകത മനുഷ്യനെ ബോധ്യപ്പെടുത്തുക കൂടിയാണ്‌ റമസാന്‍ മാസത്തിലെ വ്രതത്തിലൂടെ ഇസ്‌ലാം ചെയ്‌തത്‌. വ്രതത്തിലൂടെ ഈ ദാഹങ്ങളെ കെടുത്തിക്കളയാനാണ്‌ ഇസ്‌ലാം വിശ്വാസികളെ പരിശീലിപ്പിക്കുന്നത്‌. ഈ പരിശീലനത്തിന്റെ പരിസമാപ്‌തിയാണ്‌ പെരുന്നാളെന്നും കാന്തപുരം പറഞ്ഞു.