വ്രതശുദ്ധിയുടെ പുണ്യംപേറി നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

0
753

കോഴിക്കോട്‌: വ്രതശുദ്ധിയുടെ പുണ്യംപേറി നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. അതിരാവിലെ തന്നെ കുട്ടികളടക്കമുള്ള വിശ്വാസികള്‍ പള്ളികളിലേക്ക്‌ ഒഴുകി. മിക്കയിടങ്ങളിലും പള്ളിക്കകം നിറഞ്ഞതിനാല്‍ വിശ്വാസികളുടെ നിര പുറത്തേക്കും നീണ്ടു.
കോഴിക്കോട്‌ ചാലിയം മസ്‌ജിദില്‍ നടന്ന നമസ്‌കാരത്തിന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വ്രതാനുഷ്‌ഠാനം മനുഷ്യനെ പൂര്‍ണമായി ശുദ്ധീകരിച്ചു. തുടര്‍ജീവിതത്തില്‍ ഈ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. ഏറെ വിഷമകരമായ സന്ദര്‍ഭത്തിലൂടെയാണ്‌ മനുഷ്യ സമൂഹം കടന്നു പോകുന്നത്‌. അസഹിഷ്‌ണുതയും അസ്വസ്ഥതയും ദിനംപ്രതി വര്‍ധിച്ചു വരുന്നു. ലോകസമാധാനത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും കാന്തപുരം പറഞ്ഞു.
കോഴിക്കോട്‌ മര്‍കസ്‌ കോംപ്ലക്‌സ്‌ മസ്‌ജിദില്‍ നടന്ന ഈദ്‌ നമസ്‌കാരത്തിന്‌ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി നേതൃത്വം നല്‍കി. ഗുരുതരമായ സ്‌ത്രീസുരക്ഷാ വീഴ്‌ചകള്‍ക്ക്‌ തടയിടാന്‍ ഇസ്‌ലാമിന്റെ സര്‍വകാലികമായ നിലപാടുകള്‍ ലോകം അംഗീകരിക്കേണ്ടതുണ്ടെന്നും മാനവ സമൂഹത്തിന്റെ അധ്യാത്മിക മൂല്യങ്ങളെ നിരാകരിച്ച്‌ സാമൂഹിക ചുറ്റുപാടുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനെ മാനവസമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയിലെമ്പാടുമുള്ള മര്‍കസിന്റെ വിവിധ മസ്‌ജിദുകളില്‍ പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ ഈദു നമസ്‌കാരത്തില്‍ പങ്കെടുത്തു. രാവിലെ പള്ളികളിലെ നമസ്‌കാരത്തിന്‌ ശേഷം കബറിടങ്ങളിലെത്തി മണ്‍മറഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും രോഗികളെ സന്ദര്‍ശിച്ചും പെരുന്നാള്‍ ദിനത്തിന്‌ മഹത്വമേകി. സന്ദര്‍ശകര്‍ക്കായി വീടുകളിലെല്ലാം പലഹാരങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. മര്‍കസില്‍ കശ്‌മീരി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി, ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, വൈസ്‌ ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ തുടങ്ങിയവര്‍ ഈദ്‌ ആശംസകള്‍ നേര്‍ന്നു.