ശ്രേഷ്ടകരം ഈ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍: ഡോ. കെ.ടി അജ്മല്‍

0
1003
SHARE THE NEWS

ജീവിതം സന്തോഷകരവും ആനന്ദകരവുമാകുന്നത് ആരോഗ്യമുള്ള കാലത്താണ്. ശാരീരിക ക്ഷമത നഷ്ടപെട്ടാല്‍ നാം സ്വായത്തമാക്കിയ സര്‍വ്വവും നിഷ്ഫലമാകും. ‘ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്ഥിതിചെയ്യുകയുള്ളൂ’ ഈ മഹദ് വചനം തീര്‍ത്തും അന്വര്‍ത്ഥമാണ്. ആരോഗ്യപരിപാലനം വ്യക്തി ജീവിതത്തില്‍ പരമപ്രധാനമാണ്. ആരോഗ്യമുള്ള വ്യക്തി സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമ്പത്താണെന്ന് തന്നെ പറയാം. രോഗാതുരമായ ജനത ഏതൊരു രാജ്യത്തിന്റെയും മുറിവാണ്. ലോക രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് ആരോഗ്യ സംരക്ഷണത്തിനാണ്. ലോകാരോഗ്യ സംഘടന നിര്‍വഹിക്കുന്ന സേവനങ്ങളും പദ്ധതികളും ഉദാഹരണം.
ആരോഗ്യ പരിപാലനത്തിനും ശുചിത്വത്തിനും മഹത്വം കല്‍പ്പിച്ച ആരോഗ്യ ശാസ്ത്രം കൂടിയാണ് ഇസ്ലാം. ദൈനംദിന ആരാധനാകര്‍മങ്ങളിലേക്കു പ്രവേശിക്കുമ്പോള്‍ ശുദ്ധിയും വൃത്തിയും ഉറപ്പുവരുത്തണമെന്ന് ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. ചെറുതും വലുതുമായ മാനവികവും ശാരീരികവുമായ സര്‍വ മാലിന്യങ്ങളില്‍ നിന്നും ശരീരത്തെയും ഹൃദയത്തെയും വൃത്തിയാക്കി മാത്രമെ ദൈവത്തിനുള്ള ആരാധന സാധുവാക്കുകയുള്ളൂ എന്നാണ് ഇസ്ലാമിന്റെ നിഷ്ഠയും നിഷ്‌കര്‍ശതയും. മുഹമ്മദ് നബി(സ) ആരോഗ്യ രംഗത്ത് നല്‍കിയ കാഴ്ചപാടുകള്‍, രോഗശുശ്രൂഷാ നിര്‍ദേശങ്ങള്‍, വൈദ്യപാഠങ്ങള്‍ എല്ലാം നിസ്തുലമാണ്.
തിരുജീവിതം ആരോഗ്യപരമായിരുന്നു. സ്വജീവിതത്തിന്റെ ഓരോ നിമിഷത്തിലും സസൂക്ഷമമായ അടുക്കും ചിട്ടയും പുലര്‍ത്തിയിരുന്നു. വൃത്തിയും ശുചിത്വനും ശാരീരിക പരിപോഷണത്തിനുള്ള മരുന്നും മന്ത്രവും വ്യായാമവും പരിപാലന പാഠങ്ങളും തിരുനബി ലോകത്തിന് സ്വജീവിത കര്‍മങ്ങളിലൂടെ തന്നെ പകര്‍ന്നു കൊടുത്തു.
‘യുനാനി ചികിത്സാ’ ശാസ്ത്രം പ്രവാചക ജീവിതത്തിന്റെ ആരോഗ്യ പാഠങ്ങള്‍ കോര്‍ത്തിണക്കി രൂപപ്പെട്ട വൈദ്യശാസ്ത്രമായി തന്നെ ലോകം അംഗീകരിച്ചു. ഇന്ന് വൈദ്യശാസ്ത്ര രംഗത്ത് അവിഭാജ്യ സാന്നിധ്യവും പ്രധാന ഘടകവുമായി യൂനാനി വൈദ്യചികിത്സാ ശാസ്ത്രം വളര്‍ന്നു കഴിഞ്ഞു. ഈ വൈദ്യശാസ്ത്രത്തെ പരിപോഷിപ്പിക്കുന്നതില്‍ കേരളം പലകാരണത്താല്‍ പിറകിലായി എന്നത് ഖേദകരമായ വസ്തുതയാണ്. ഈ വൈദ്യശാസ്ത്രത്തിന് ഊടും പാവും നല്‍കാന്‍ പലരും വിമുഖത കാട്ടി. ഈ പശ്ചാതലത്തിലാണ് മര്‍കസ് യൂനാനി ഹോസ്പിറ്റല്‍ എന്ന പദ്ധതിയുമായി ആരോഗ്യമേഖലയില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. വൈജ്ഞാനിക വിനിമയങ്ങളുടെ ഊര്‍ജ്ജസ്രോതസായി സര്‍വാംഗീകാരം നേടിയ മര്‍കസ് സൃഷ്ടിച്ചെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശ്രേഷ്ഠകരമാണ്. ഈ വഴിയിലെ ഔന്നിത്യ സോപാനമാണ് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്.
കേരളത്തിനു പുറത്തു മാത്രം ബിരുദമെടുക്കാനും പഠിക്കാന്‍ തന്നെയും സൗകര്യമുണ്ടായിരുന്ന യൂനാനി മെഡിസിന്‍ വൈദ്യശാസ്ത്രപഠനത്തിനായി മെഡിക്കല്‍ കോളജ് തന്നെ മര്‍കസിനു സ്ഥാപിക്കാനായി എന്നത് ചാരിതാര്‍ഥ്യ ജനകമാണ്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് കേരളത്തിലെ പ്രഥമ കോളജാണ്. ഈ രംഗത്ത് പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ സംവിധാനമുള്ളതാണ് മര്‍കസ് നോളജ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന യൂനാനി മെഡിക്കല്‍ കോളജ്. മുഹമ്മദ് നബി(സ)യുടെ ആരോഗ്യ കാഴ്ചപ്പാടുകള്‍ക്ക് നിറം പകര്‍ന്ന് ആതുര ശുശ്രൂഷാ മേഖലയില്‍ മര്‍കസ് കാഴ്ചവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണ്. ശരീരത്തിനും മനസ്സിനും ഒരു പോലെ ഗുണം ലഭിക്കുന്ന ആരോഗ്യ ചികിത്സാ രീതിയാണ് യൂനാനി. ഈ മേഖലയെ പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും മര്‍കസ് മുന്നിട്ടത് മതം കല്‍പിച്ച ആരോഗ്യ പാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്നു കൊടുക്കാനാണ്. നന്മയുടെ നിറവില്‍ റൂബി ജൂബിലി ആഘോഷിക്കുന്ന മര്‍കസ് ആരോഗ്യ രംഗത്തും നവീനമായൊരു കേന്ദ്രമായി മാറിയിരിക്കുന്നു.


SHARE THE NEWS