ഷാഫി നൂറാനിക്ക് എൻ.ഐ.ടിയിൽ നിന്ന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്

0
1019

കോഴിക്കോട്: മർകസ് പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് ഷാഫി നൂറാനി ആക്കോടിന് എൻ.ഐ.ടി വാറങ്കലിൽ നിന്ന് ഫൈനാൻസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ചു. “ബിസിനസ് കറസ്പോണ്ടൻ്റ് പ്രാദേശിക രംഗത്ത് നടപ്പാക്കുന്ന സാമ്പത്തിക ഉൾച്ചേർക്കലിൻ്റെ പ്രായോഗികത” എന്ന വിഷയത്തിലാണ് പി. എച്ച്. ഡി. അവാർഡ് ലഭിച്ചത്. എൻ.ഐ.ടി വാറങ്കലിലെ മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് മേധാവി പ്രൊഫസർ എം.രവീന്ദർ റെഢിയുടെ കീഴിൽ മൂന്ന് വർഷം കൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്. പൂനൂർ മർകസ് ഗാർഡനിലെ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസിൽ നിന്ന് ഏഴ് വർഷത്തെ മുഖ്തസർ പഠനവും കാലിക്കറ്റ് യൂനിവേഴ്സിറ്റി കൊമേഴ്‌സ് ഡിഗ്രിയും പൂർത്തിയാക്കിയ ഷാഫി നൂറാനി മൗലാന ആസാദ് നാഷ്ണൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് കോമേഴ്സിൽ ബിരുദാനന്തര ബിരുദംനേടിയത്. നിലവിൽ എൻ.ഐ.ടി വാറങ്കലിലെ സ്കൂൾ ഓഫ് മാനേജ്മെൻ്റിൽ അഡ്ഹോക് പ്രൊഫസറായി സേവനം ചെയ്യുന്നു.

സംരഭകത്വ വിദ്യാഭ്യാസത്തെക്കുറിച്ച് യു.എസ് കോൺസുലേറ്റ് ജനറലും മൗലാനാ ആസാദ് നാഷണൽ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ “നിലവിലെ സ്‌റ്റോക് ബ്രോക്കിങ്ങ് സ്ഥാപനങ്ങളിലെ പ്രശ്നങ്ങളും ശരീഅ ബദൽ സംവിധാനങ്ങളും” എന്ന വിഷയത്തിൽ പ്രൊജക്ട് അവതരിപ്പിച്ച് ‘ബെസ്റ്റ് ഇന്നോവേറ്റീവ് ഐഡിയ 2017’ അവാർഡ് അദ്ധേഹത്തിന് ലഭിച്ചിരുന്നു. മലപ്പുറം ജില്ലയിലെ ആക്കോട് അബൂബക്കർ ബാഖവിയുടെയും ആയിഷാബിയുടെയും മകനാണ്.ഷാഫി നൂറാനിയെ മർകസ് ഗാർഡൻ ഡയറക്ടർ ഡോ.എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അഭിനന്ദിച്ചു.