സര്‍ഗ്ഗാത്മകതയുടെ സ്‌നേഹാംബരം: കെ.പി രാമനുണ്ണി

0
914

കേരളീയ പൈതൃകം കൈവിടാതെ പരമ്പരാഗതമായ സംസ്‌കൃതിയെ പുണര്‍ന്ന് പുതുവിജ്ഞാന വഴികളെ സ്വായത്തമാക്കാന്‍ മര്‍കസില്‍ സൗകര്യമുണ്ടെന്നാണ് ഞാനറിഞ്ഞ വിവരം. ഇങ്ങനെയെങ്കില്‍ ഈ സ്ഥാപനം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും രാജ്യത്തിനും സമൂഹത്തിനും ഗുണകരമായിട്ടുള്ളതാണ്. സുന്നി പ്രസ്ഥാനത്തിന്റെ സര്‍ഗ്ഗാത്മക ഇടപെടലുകള്‍ ഏറെ മതിപ്പുളവാക്കുന്നതാണ്. മര്‍കസാണ് ഇത്തരം സാംസ്‌കാരിക വഴിത്താരകള്‍ക്ക് അവസരമൊരുക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മൂല്യബോധവും ഉയര്‍ന്ന ധാര്‍മിക ചിന്തയും വായനാശേഷിയുമുള്ള വിദ്യാര്‍ത്ഥികളാണ് സുന്നി പ്രസ്ഥാനത്തിലുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ആഴവും പരപ്പുമുള്ള വായന സ്വായത്തമാക്കിയവരാണ് മര്‍കസില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെന്ന് എന്നെ ഏറെ ആഹ്ലാദിപ്പിച്ച കാര്യമാണ്.
വിജ്ഞാനവും വിനയവും നന്മയും സ്‌നേഹവും ആദരവും സുന്നി വിദ്യാര്‍ത്ഥികളില്‍ ഏറെ പ്രകടമാണ്. സുന്നി സംഘടന സംഘടിപ്പിക്കുന്ന സര്‍ഗ്ഗാത്മക വേദികള്‍ വഴിയാണ് ഞാന്‍ മര്‍കസിനെ അറിയുന്നത്. മതഭക്തിയും ആത്മീയവുമായ ഉള്ളറിവുകളും സാംസ്‌കാരിക അവബോധവും കൃത്യമായ ചിന്തകള്‍ക്കൊത്ത് ജീവിക്കുമ്പോഴും സുന്നി സമൂഹം കൈയാളുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ഞാനും ഒരിക്കല്‍ മാത്രമാണ് ഒരു വേദിയില്‍ പങ്കിടുന്നത്. മമ്പുറം തങ്ങളും കോന്തു നായരും എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് സംഘടിപ്പിച്ചതായിരുന്നു വേദി. കാന്തപുരം സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. കാന്തപുരം സൃഷ്ടിച്ചെടുത്ത വൈജ്ഞാനിക-സാംസ്‌കാരിക-സര്‍ഗാത്മക മുേന്നറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല.
എസ്.എസ്.എഫ് എന്ന സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ എത്ര ചിട്ടയോടെയും സാംസ്‌കാരിക ഔന്നിത്യത്തോടെയും കൂടിയാണ് കാന്തപുരം മുന്നോട്ട് നയിക്കുന്നത്. എസ്.എസ്.എഫ് സാഹിത്യോത്സവം എത്ര മനോഹരവും ശാസ്ത്രീയവുമായാണ് നടത്തുന്നത്. ഈ വേദി മികച്ചൊരു സര്‍ഗാത്മക കൂട്ടായ്മയാണ്. ഈ വഴികളിലൊക്കെ മര്‍കസിന് ശക്തമായ സ്വാധീനമുണ്ടെന്നു തെന്നയാണെന്റെ വിശ്വാസം. വായനാവ്യുല്‍പത്തിക്കുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയാണ് മര്‍കസ് കാമ്പസുകള്‍ സൃഷ്ടിച്ചെടുക്കുന്നത്. മതത്തിന്റെ ആചാര്യന്മാരുടെയും മതഗ്രന്ഥങ്ങളുടെയും രചയിതാക്കളുടെയും ചരിത്രം മനസ്സിലാക്കിയ മതവിദ്യാര്‍ത്ഥികള്‍ നെരൂദയെയും കാഫ്കയേയും കുറിച്ച് വാചാലമാകുന്നത് ഏറെ സന്തോഷത്തോടെയാണ് ഞാന്‍ കേട്ടിരുന്നത്.
മുഹമ്മദ് നബിയെ കുറിച്ച് ഞാനെഴുതിയ ദൈവത്തിന്റെ പുസ്തകം എന്ന രചനയെ ഏറെ ചര്‍ച്ച ചെയ്തതും വിപുലമായി വായിച്ചതും സുന്നി വിദ്യാര്‍ത്ഥികളായിരിക്കും. അവരില്‍ നിന്നും ദിനംപ്രതി ലഭിക്കുന്ന പ്രതികരണങ്ങളാണ് ഇങ്ങനെയൊരു ചിന്തക്ക് നിമിത്തം. നല്ല മനസും സാംസ്‌കാരിക തനിമയുമുള്ള വിദ്യാര്‍ത്ഥി ലോകത്തെ വാര്‍ത്തെടുക്കാനും ധാര്‍മികതയുടെ അസ്തിത്വത്തിലൂന്നിയ സമുന്നതമായൊരു ജീവിതം കാഴ്ചവെക്കാനും സുന്നി സമൂഹത്തിന് വൈജ്ഞാനികമായ വഴിയൊരുക്കിയത് മര്‍കസാണെന്നാണെന്റെ അറിവും അനുഭവവും. നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന സുന്നി പ്രസ്ഥാനത്തിന്റെ മര്‍കസ് നവനൂറ്റാണ്ടിലെ നന്മയുടെ പ്രകാശ ഗോപുരമായി നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.