സാംസ്‌കാരിക മുന്നേറ്റം സുന്നി ആദര്‍ശത്തോടൊപ്പം: സി. മുഹമ്മദ് ഫൈസി

0
1243

സാംസ്‌കാരിക കേരളത്തെ വൈജ്ഞാനിക വിജയവേഗങ്ങളുടെ അര്‍ഥതലങ്ങളിലേക്ക് ആനയിച്ച സമുന്നത സാരഥ്യത്തിന്റെ അടയാള വാക്യമാണ് മര്‍കസു സ്സഖാഫത്തി സുന്നിയ്യ. വ്യഥയും വേവലാതിയും ഉറക്കി കിടത്തിയ ഹൃദയങ്ങളെ സാന്ദര്‍ഭിക സാധ്യതകളിലൂടെ ഉയര്‍ത്തികൊണ്ടുവന്ന ചരിത്രമാണ് മര്‍കസിനു പറയാനുള്ളത്. സുന്നി ആദര്‍ശം കൊണ്ടു തന്നെയാണ് സാംസ്‌കാരിക മുന്നേറ്റവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനങ്ങളും മര്‍കസ് കാഴ്ച വെച്ചത്. ഭൗതികതയോട് സമരസപ്പെടാന്‍ പാരമ്പര്യ പാഠങ്ങളെയും ആശയ സംസ്‌കൃതികളെയും സുന്ന്യേതര പ്രസ്ഥാനങ്ങളെപ്പോലെ മര്‍കസിനു കൈയൊഴിയേണ്ടി വന്നിട്ടില്ല. മറിച്ച് കണിശമായ ചിന്താധാരയിലൂന്നി നിന്നുകൊണ്ടു തന്നെ പാരമ്പര്യ ആദര്‍ശത്തിന്റെ ഉദാത്ത മുല്യങ്ങളിലേക്ക് സമൂഹത്തെ വഴി നടത്തിക്കാനാണ് മര്‍കസ് ശ്രമിച്ചത്. ഈ ദൗത്യം സമകാലിക സമൂഹം നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.
നാല്‍പത് വര്‍ഷം മര്‍കസ് നട്ടുനനച്ച നന്മയുടെ പാഠങ്ങള്‍ ചരിത്ര സുവിദിതമാണ്. ആത്മീയവും ഭൗതികവും സാങ്കേതികവുമായ സംവിധാനങ്ങളും സംഭാവനകളും കേരളത്തിനപ്പുറം ലോകം അനുഭവിക്കുന്നത് മര്‍കസ് സൃഷ്ടിച്ച സാമൂഹ്യ പരിവര്‍ത്തനത്തിന്റെ നേര്‍ സാക്ഷ്യമാണ്. ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മര്‍കസ് സ്ഥാപനങ്ങളില്‍ നിന്നും അധ്യായനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ സേവനമനുഷ്ടിക്കുന്നത്. നാലു പതിറ്റാണ്ടിനിടയില്‍ നിര്‍മ്മാണാത്മകമായ നിരവധി പദ്ധതികളും സമര്‍പ്പിക്കാന്‍ കഴിഞ്ഞു. മത ദര്‍ശനങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ടുതന്നെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുകയും പുതിയകാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് മര്‍കസ് പ്രാധാന്യം നല്‍കിയത്. ഇസ്‌ലാമിനെ സമ്പൂര്‍ണ്ണമായി വീക്ഷിക്കുമ്പോള്‍ അത് വിശ്വാസ ധാര മാത്രമല്ല, ഒരു ജീവിത പദ്ധതി തന്നെയാണ്. പരമകാരുണികനായ പ്രപഞ്ച നാഥനില്‍ സര്‍വ്വസ്വവും അര്‍പിക്കുന്ന വിശ്വാസധാര. ഇതിന്റെ പേരില്‍ നിര്‍ദേശിക്കപ്പെടുന്ന ആവാസ വ്യവസ്ഥ സകല ജീവജാലങ്ങളുടെയും അതിജീവനത്തിനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു. മനുഷ്യ ജീവിതവുമായി അക്കാലത്ത് ബന്ധമുണ്ടായിരുന്നതും പില്‍കാലത്ത് ബന്ധമുണ്ടാവാന്‍ ഇടയുള്ളതുമായ സകലതിനെയും ഈ ദര്‍ശനം (ഇസ്‌ലാം) താത്വികമായി പറഞ്ഞുവെക്കുന്നു.
ഭക്ഷണ രീതി മുതല്‍ വസ്ത്രധാരണം വരെ, നിയമ വ്യവസ്ഥ മുതല്‍ സാമ്പത്തിക രീതി ശാസ്ത്രം വരെ, ചുരുക്കത്തില്‍ ആത്മീയ ധാരയില്‍ വിശ്വസികളെ ഉറപ്പിച്ചു നിറുത്തുന്നതിനൊപ്പം അവരുടെ ഭൗതിക ജീവിതത്തിനു വേണ്ട സകല നിര്‍ദ്ദേശങ്ങളും സമകാലികതയ്‌കൊപ്പം നിന്നുകൊണ്ടു തന്നെ ഇസ്‌ലാം-ഖുര്‍ആനുശ്ശരീഫ് സമര്‍പ്പിക്കുന്നു. ഈ ദാര്‍ശനികതയുടെ വെളിച്ചത്തിലാണ് മര്‍കസ് വൈജ്ഞാനിക വിപ്ലവത്തിന്റെ നവീന പാതകള്‍ ഒന്നൊന്നായി നിര്‍മിച്ചെടുത്തത്. ”എല്ലാം ഉള്‍ക്കൊള്ളുന്ന വളര്‍ച്ച’ ഈ തത്വനശാസ്ത്രം ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് ഇസ്‌ലാമാണ്. ഈ അര്‍ഥ ശാസ്ത്രത്തെ സാമൂഹികമായി പ്രാവര്‍ത്തികമാക്കുക എന്ന യജ്ഞം മര്‍കസ് ഏറ്റെടുത്ത് നാല്‍പത് വര്‍ഷത്തിനിടയില്‍ പലതലത്തിലും തരത്തിലുമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടിടം പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീര്‍ന്നു എന്ന ആപ്ത വാഖ്യത്തെ അന്വര്‍ഥമാക്കുന്നതാണ് മര്‍കസിന്റെ ചരിത്രം. ‘മര്‍കസ്’ എന്ന നാമം അടയാളപ്പെടുത്തുന്നതുപോലെ കേരളത്തിലെ മുസ്‌ലിം മുഖ്യധാരയായ സുന്നികളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ നവോത്ഥാനത്തിന്റെ സിരാകേന്ദ്രമായാണ് മര്‍കസ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. നാല്‍പത് വര്‍ഷത്തിനിടയില്‍ മര്‍കസ് പണിതെടുത്ത സേവന ദൗത്യങ്ങളെ അടുത്തറിയാന്‍ സമൂഹത്തിന് അവസരം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 40-ാം വാര്‍ഷികം സമുചിതം ആഘോഷിക്കുത്.