ദൈവിക സാമീപ്യം കാംക്ഷിച്ച് പതിനായിരങ്ങള്‍ മര്‍കസില്‍

0
1318
SHARE THE NEWS

കോഴിക്കോട് : ആത്മീയ ചിന്തകള്‍ സജീവമാക്കിയും ദൈവിക സാമീപ്യത്തിന്നായി മനമുരുകി പ്രാര്‍ഥന നടത്തിയും മര്‍കസ് റൂബി ജൂബിലി ആത്മീയ സംഗമം പ്രൗഡമായി. ഭൗതികമായ തൃഷ്ണകളെ നിയന്ത്രിക്കുകയും ആത്മീയ ചിന്തയിലൂടെ മനസ്സിനെ പാകപ്പെടുത്താനും പ്രതിസന്ധികളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നുള്ള രക്ഷ യഥാര്‍ഥ ദൈവിക സ്മരണകളിലൂടെ മാത്രമാണെന്നും വിശ്വാസികള്‍ക്ക് പ്രചോദിപ്പിച്ചുമാണു ആയിരങ്ങള്‍ പങ്കെടുത്ത സംഗമം സമ്മേളന നഗരിയെ ധന്യമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സാദാത്തുക്കളും ആത്മീയ നേതാക്കളും സംഗമ വേദിയെ ധന്യമാക്കി.
അല്ലാഹുവിന്റെ കുറിച്ചുള്ള സ്മരണ മനസ്സി ല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തെറ്റുകളുമായി ഇടപഴകാന്‍ വിശ്വാസിക്ക് സാധിക്കുകയില്ലെന്ന് സംഗമത്തില്‍ സന്ദേശം നല്‍കിയ പണ്ഡിതര്‍ ഉത്‌ബോധിപ്പിച്ചു. ദൈവിക സ്മരണ മനസ്സില്‍ നിന്ന് മറഞ്ഞുപോവുമ്പോഴാണ് തെറ്റു സംഭവിക്കുന്നതെങ്കില്‍ ആ തെറ്റിന്റെ പ്രായശ്ചിത്തം എന്ന നിലയില്‍ ദിനചര്യയായി ദിക് റുകള്‍ വിശ്വാസിയെ നയിച്ചു കൊണ്ടിരിക്കണം. മനസ്സുകളെ നൈര്‍മല്യപ്പെടുത്തി സമൂഹത്തിനു ഗുണകരമായ ജീവിതം നയിക്കാന്‍ ഈ സ്മരണകള്‍ വിശ്വാസിക്ക് ബലം നല്‍കും. നിത്യജീവിതത്തില്‍ പകര്‍ത്തേണ്ട ദിക് ര്‍ സമാഹാരമായ മഹ് ളറത്തും ബദ് രിയ്യയുടെ ഇജാസത്ത് ഏറ്റുവാങ്ങിയാണു വിശ്വാസികള്‍ ആത്മീയ സംഗമ വേദി വിട്ടത്.
വൈകുന്നേരം അഞ്ച് മണിക്ക് സായാഹ്നപ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതന്‍മാരും കേരളത്തിലെ പ്രശസ്തരായ ആധ്യാത്മിക നേതാക്കളും നേതൃത്വം നല്‍കി. സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കുറ പ്രാരംഭപ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് തന്‍വീര്‍ ഹാശിമി ബീജാപ്പൂര്‍, സയ്യിദ് ശഹീദ് ബശീര്‍ ഹൈദരാബാദ്, ഡോ.മുഹമ്മദ് മുജീബ് റഹ്മാന്‍ ആരിഫി തുടങ്ങിയവര്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍,കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി.മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. രാത്രി പത്ത് മണിയോടെ ആത്മീയ സമ്മേളനം സമാപിച്ചു.


SHARE THE NEWS