സിൽക്കറൂട്ടിലെ സൗകുമാര്യതയിലൂടെ മർകസ് എക്‌സലൻസി ക്ലബ് സംഘം

0
933
താഷ്കന്റ്: അറിവിന്റെയും സംസ്കാരത്തിന്റെയും നാഗരികതയുടെയുടെയും രാജ്യമായ ഉസ്ബക്കിസ്ഥാന്റെ ചരിത്ര- വർത്തമാനങ്ങൾ തേടി മർകസ് സംഘം നടത്തുന്ന യാത്ര ശ്രദ്ധേയമാകുന്നു.   ഇന്ത്യയിലെ പ്രധാന സംരഭകരുടെയും വ്യാവസായിക പ്രമുഖരുടെയും  കൂട്ടായ്മയിൽ രൂപം കൊണ്ട മർകസ് എക്സലൻസി ക്ലബ്ബിനു കീഴിൽ  സിൽക്ക് റൂട്ടിലെ വാണിജ്യ വൈജ്ഞാനിക സാദ്ധ്യതകൾ അന്വേഷിച്ചു നടത്തുന്ന യാത്രക്ക്  മർകസ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരിയാണ് നേതൃത്വം നൽകുന്നത് .
ഇബ്നു സീനയുടെ ജന്മനാടായ  ജന്മനാടായ അഫ്‌ഷോനയിൽ സംഘം സന്ദർശനം നടത്തി. ഇബ്നു സീനയുടെ പേരിലുള്ള മ്യൂസിയത്തിൽ അദ്ദേഹം നിർമിച്ച വൈദ്യ ശാസ്ത്ര ഉപകാരണങ്ങളുടെ മാതൃകകളും പൗരാണിക ശസ്‌ത്രക്രിയ ഉപകരണങ്ങളും സന്ദർശിച്ചു.തുടർന്ന്  ഇബ്നു സീന മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിവേഴ്‌സിറ്റിയുടെ പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇബ്നു സീനയുടെ യുഗം പിന്നിട്ട ആയിരം വർഷം പൂർത്തിയാവുന്ന ഈ ഘട്ടത്തിൽ മർകസ് യൂനാനി മെഡിക്കൽ കോളേജുമായി സഹകരിച്ചു അന്തരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നതിന് ചടങ്ങിൽ ധാരണയായി. 
ഉസ്‌ബാക്കിസ്ഥാനിലെ പ്രധാന പൗരാണിക മതപഠന കേന്ദ്രമായിരുന്ന മീർ അറബ് മദ്രസയിൽ നടന്ന ഒരുക്കിയ സ്വീകരണ യോഗത്തിൽ ഡോ ഹകീം അസ്ഹരി പ്രസംഗിച്ചു. ഇപ്പോഴും പാരമ്പര്യ തനിമയോടെ ഇസ്‌ലാമിക ക്ലാസിക്കൽ വിജ്ഞാനം പഠിപ്പിക്കുന്ന ഈ പാഠശാല ലോകപ്രശസ്തരായ അനേകം പണ്ഡിതന്മാർക്കും ഗ്രന്ഥകർത്താക്കൾക്കും   ജന്മം നൽകിയിട്ടുണ്ട്.
 ബുഖാരി ഇമാമിന്റെ മഖ്‌ബറ സന്ദർശിച്ചു സ്വഹീഹുൽ ബുഖാരി അവിടെ നിന്ന് പാരായണം ചെയ്‌തു. അതിനു സമീപമുള്ള ഉസ്‌ബാക്കിസ്ഥാനിലെ പ്രമുഖ ഇസ്ലാമിക പഠന ശൃഖലയായ ഇസ്‌ലാമിക് മദ്രസ്സ പ്രോജക്റ്റ് അധികൃതരുമായി സംസാരിച്ചു. തുടർന്നു ബഹാഉദ്ധീൻ നഖ്ശബന്ദി , സൈഫുദ്ധീൻ ബാ ഖസ്രജി തുടങ്ങി അനേകം സൂഫികളുടെ മഖ്ബറകളും സംഘം സന്ദർശിച്ചു.
 
 ഉസ്ബക്കിസ്ഥാനിലെ പ്രധാന സാംസ്കാരിക നഗരികളായ ബുഖാറ, സമർഖന്ദ്, താഷ്കാന്റ് തുടങ്ങിയ ഇടങ്ങിലൂടെയുള്ള സഞ്ചാരമാണ് പുരോഗമിക്കുന്നത്  . മർകസ് എക്‌സലൻസി ക്ലബ് പ്രസിഡന്റായ ആപ്‌കോ ഗ്രൂപ്പ് ചെയർമാൻ ചാലിയം എ.പി അബ്ദുൽ കരീം ഹാജിയുടെ നേതൃത്വത്തിൽ വിവിധ വാണിജ്യ നാഗരികളിൽവെച്ച്  ഉസ്ബെക് വ്യവസായ പ്രമുഖരുമായി സംരംഭകചർച്ചകൾ താഷ്‌ക്കന്റിൽ  നടത്തും  .   മർകസ് നോളേജ് സിറ്റിയിലെ ടൈഗ്രിസ് വാലി പ്രോജക്ട് ഡയറക്ടർമാർ, നോളേജ് സിറ്റിയിലെ സാംസ്കാരിക നിർമിതിയായ  ടാലെന്റ്റ് മാർക്കിന്റെ  ഡയറക്ടർമാർ,   മധ്യപ്രദേശിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ് ആയ പാക്കിസ, ഗുജറാത്തിലെ പ്രമുഖ  വ്യവസായി യൂസുഫ് ജുനൈജ തുടങ്ങി പതിനഞ്ചുപേരാണ്  സംഘത്തിൽ ഉള്ളത്.