സുന്നി ഐക്യത്തിനായി സാദാത്തീങ്ങൾ യത്നിക്കണം: കാന്തപുരം

0
1729
മർകസിൽ സംഘടിപ്പിച്ച സാദാത്ത് സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
മർകസിൽ സംഘടിപ്പിച്ച സാദാത്ത് സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
കുന്നമംഗലം: സുന്നി ഐക്യം സാധ്യമാക്കാൻ നേതൃതലത്തിൽ ഊർജസ്വലമായ  ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് സാദാത്തീങ്ങൾ അതിനായി യത്നിക്കണമെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മുഹറം ഒന്പതിന് മർകസിൽ സംഘടിപ്പിച്ച സാദാത്ത് സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കേരളത്തിൽ സാദാത്തീങ്ങൾക്ക് സജീവമായ പങ്കാളിത്തം വഹിക്കാൻ കഴിയുന്ന വിഷയമാണ് സുന്നികൾ തമ്മിലുള്ള ഐക്യം. ഓരോ പ്രദേശത്തും മതപരമായും സാമൂഹികമായും നേതൃത്വം നൽകുന്നവരാണ് സയ്യിദന്മാർ. അവർ മുഹമ്മദ് നബി (സ്വ)യുടെ കുടുംബം എന്ന നിലയിൽ ഏറെ ആദരവോടെ വിശ്വാസികൾ അവരെ കാണുന്നു. അതിനാൽ പ്രാദേശികമായ  ഐക്യവും മനപ്പൊരുത്തവും ഊട്ടിയുറപ്പിക്കാൻ സാദാത്തീങ്ങൾ ശ്രദ്ധിക്കണം.
 
കേരളത്തിലെ ഇസ്‌ലാമിക വളർച്ചക്ക് പ്രധാന നിമിത്തമായത് സയ്യിദന്മാർ നടത്തിയ സമാധാനപരവും എല്ലാവരിലും മതിപ്പ് വളർത്തുന്നതുമായ പ്രവർത്തങ്ങളാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും അത്താണികളായിരുന്നു തങ്ങന്മാർ എന്ന് വിളിക്കപ്പെട്ട പ്രവാചക പരമ്പരകൾ. മുസ്‌ലിംസമുദായം അവരെ ആദരിക്കുന്നത് അഹ്‌ലു ബൈത്തിനെ പരിഗണിക്കാനും സ്രേഷ്ടതയോടെ കാണാനും ഇസ്‌ലാം പഠിപ്പിക്കുന്നത് കൊണ്ടാണ്. മർകസ് പോലുള്ള കേരളത്തിലെ മുഴുവൻ സുന്നി സ്ഥാപങ്ങളുടെയും വിജയകരമായ വളർച്ചക്ക് നിമിത്തം സയ്യിദന്മാരുടെ നിറഞ്ഞ പിന്തുണയാണ്: കാന്തപുരം പറഞ്ഞു.
 
പ്രളയത്തിൽ നശിച്ച വീടുകൾ നവീകരിക്കാനുള്ള പദ്ധതിയിൽ  ഇരുപത്തിയഞ്ചു വീടുകൾ ഏറ്റെടുത്തു സയ്യിദന്മാർ പങ്കുചേർന്നു.
കേരളത്തിൽ അധിവസിക്കുന്ന പ്രവാചക കുടുംബത്തിലെ വ്യത്യസ്ത ഖബീലകളിൽ നിന്നുള്ള ആയിരത്തോളം സയ്യിദന്മാർ സമ്മേളനത്തിൽ സംബന്ധിച്ചു. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച സമ്മേളനം വൈകുന്നേരം  മുഹറം നോമ്പ് തുറയോടെ സമാപിച്ചു. 
 
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ,  സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് കെ.എസ്.കെ  തങ്ങൾ കൊല്ലം, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ,   സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ മുത്തനൂർ, ആലപ്പുഴ, ഇരിട്ടി , സയ്യിദ് മുല്ലക്കോയ തങ്ങൾ കൊളശ്ശേരി ,സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ചാവക്കാട്, സയ്യിദ് കെ.കെ.എസ് തങ്ങൾ കൊളപ്പുറം, സയ്യിദ്  അലി ബാഖവി ആറ്റുപുറം, അബൂബക്കർ സഖാഫി വെണ്ണക്കോട് പ്രസംഗിച്ചു. കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ സ്വാഗതവും ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ നന്ദിയും പറഞ്ഞു.