സൂഫികൾ മുസ്‌ലിംകളെ പ്രവാചകനിലേക്കു അടുപ്പിച്ചു: ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി

0
1783
മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ മൊറോക്കോയിലെ മഡഗിൽ സംഘടിപ്പിച്ച പതിമൂന്നാമത് അന്താരാഷ്‌ട്ര സൂഫീ സമ്മേളനത്തിൽ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തുന്നു
മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ മൊറോക്കോയിലെ മഡഗിൽ സംഘടിപ്പിച്ച പതിമൂന്നാമത് അന്താരാഷ്‌ട്ര സൂഫീ സമ്മേളനത്തിൽ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തുന്നു

മൊറോക്കോ: മുസ്‌ലിംകളുടെ ആത്മീയമായ ജീവിതത്തെ സജീവമാക്കുകയും, മുഹമ്മദ് നബി(സ്വ)യുടെ അപാദാനങ്ങൾ വാഴ്‌ത്തുകയും നിർദേശങ്ങൾ പൂർണ്ണമായും പിൻപറ്റുകയും ചെയ്യുന്ന ഔന്നത്യത്തിലേക്ക് ഉയർത്തിയതിൽ സൂഫികൾക്ക് വലിയ പങ്കുണ്ടെന്ന് മർകസ് ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രസ്‌താവിച്ചു. മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ മൊറോക്കോയിലെ മഡഗിൽ സംഘടിപ്പിച്ച പതിമൂന്നാമത് അന്താരാഷ്‌ട്ര സൂഫീ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റബീഉൽ അവ്വലിന്റെ ഭാഗമായി മൊറോക്കോയിൽ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ചടങ്ങാണ് ഈ സമ്മേളനം. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത നൂറു അക്കാദമിക പണ്ഡിതരും മുസ്‌ലിം പണ്ഡിതരുമാണ് സമ്മേളനത്തിലെ ക്ഷണിതാക്കൾ.

ഇന്ത്യയിലെ സൂഫികളുടെ പ്രബോധന രീതികൾ എന്ന വിഷയത്തിലാണ് ഡോ. അസ്ഹരി സമ്മേളനത്തിൽ സംസാരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകൾ അധിവസിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ഇസ്‌ലാം വളർന്നത് ഖാജാ മുഈനുദ്ധീൻ ചിശ്ത്തിയെ പോലുള്ള സൂഫികൾ നടത്തിയ സമാധാനപൂർണ്ണവും ബഹുസ്വരവുമായ ജീവിതത്തിലൂടെയാണ്. ആ മാതൃകയിലാണ് മർകസ് പോലെയുള്ള സ്ഥാപനങ്ങൾ രാജ്യത്ത് മുഴുവൻ സഹിഷ്ണുതയും സമാധാനവും വികസിപ്പിക്കുന്നതും, അദ്വിതീയമായ വൈജ്ഞാനിക സേവന പ്രവർത്തനങ്ങൾ നടത്തുന്നതും. മൊറോക്കോയിലെ പൗരാണിക നഗരിയായ ഫെസ് മർകസ് നോളജ് സിറ്റിയുടെ മാതൃകൾ രൂപപ്പെടുത്തുവാൻ ആശ്രയിച്ച കേന്ദ്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഡയറക്ടർ ഡോ. മുനീർ ഖാദിരി , സൂഫീ വളർച്ചക്ക് സംഭാവന നൽകുന്ന യുവപണ്ഡിതൻ എന്ന ബഹുമതി നൽകി ഡോ. അസ്‌ഹരിയെ ആദരിച്ചു.