സ്നേഹത്തെ സാധ്യമാക്കുന്ന സാമൂഹിക സാഹചര്യങ്ങൾ ദുർബലപ്പെടുന്നു: ഖലീലുൽ ബുഖാരി

0
894
കോഴിക്കോട്: മാനസികമായ ഒരവസ്ഥ എന്ന നിലയിൽ നിന്നും ഭൗതികമായ ആവിഷ്കാരമായി സ്നേഹം മാറി എന്നതാണ് മനുഷ്യ സമൂഹം നേരിടുന്ന വലിയ വെല്ലുവിളി എന്ന് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി. മർകസ് റൂബി ജൂബിലിയോടനുബന്ധിച്ച്  മർകസ് നോളേജ് സിറ്റിയിലെ ഗവേഷണ സംരംഭമായ മലൈബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിൽ  നടക്കുന്ന പ്രഭാഷണ പരമ്പരയിൽ   സ്നേഹത്തിന്റെ ഇസ്‌ലാമിക മാനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികളെ അതിജയിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം സ്നേഹമാണ്. ആ സ്നേഹത്തിനു വന്ന മാറ്റം   മനുഷ്യ ജീവിതത്തെയും പ്രകൃതിയും സമ സൃഷ്ടികളുമായുള്ള  അവന്റെ ബന്ധത്തെയും അഴിച്ചു പണിതു. സ്നേഹത്തെ  സാധ്യമാക്കുന്ന ജൈവികമായ സാമൂഹിക സാഹചര്യങ്ങൾ  ദുർബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്നേഹത്തിന്റെ അഭാവത്തിലാണ് വൈരുധ്യങ്ങളും വൈവിധ്യങ്ങളും പരസ്പരം കലഹിക്കാനും അക്രമിക്കാനുമുള്ള കാരണമായി തീരുന്നത്.  സ്നേഹമുള്ളിടത്ത് വൈരുധ്യങ്ങൾക്കു സൗന്ദര്യം കൂടും.  
പ്രവാചകരോടുള്ള സ്നേഹമാണ് മുസ്ലിമിന്റെ സാമൂഹിക ഭാവനകളെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. ആ ഭാവനയിൽ നിന്നും വഴിമാറി നടക്കുന്നവരാണ് ഇസ്‌ലാമിന്റെ പേരു  ദുരുപയോഗപ്പെടുത്തി അതിക്രമങ്ങൾ നടത്തുന്നത്: ഖലീലുൽ ബുഖാരി പറഞ്ഞു.
കേരളത്തിലെ വിവിധ വിദ്യാഭ്യാസ -ഗവേഷണ സ്ഥാപനങ്ങളുടെ  സഹകരണത്തോടെയാണ് പ്രഭാഷണ പരമ്പര  സംഘടിപ്പിക്കുന്നത്. പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം ‘ഇസ്‌ലാമിക ശരീഅത്തും ആധുനിക നിയമ വ്യവസ്ഥയും; സംഘർഷവും സഹവർത്തിത്തവും’ എന്ന വിഷയത്തിൽ ഡിസംബർ 15  നു കോഴിക്കോട് കെ.പി കേശവ മേനോൻ ഓഡിറ്റോറിയത്തിൽ  ഡോ. ചുള്ളിക്കോട് ഹുസ്സൈൻ സഖാഫി നിർവ്വഹിക്കും.