സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്; ഗുരുവിനെക്കുറിച്ച് മഹ്മൂദിന്റെ കവിതക്ക് സ്‌നേഹത്തിന്റെ നിറവ്‌

0
2444
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ മര്‍കസ് കശ്മീരി ഹോം വിദ്യാര്‍ത്ഥികളായ മഹ്മദൂദ് അഹ്മദ്, അല്‍ത്താഫ് ചൗധരി, വഖാര്‍ അഹ്മദ് എന്നിവര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ മര്‍കസ് കശ്മീരി ഹോം വിദ്യാര്‍ത്ഥികളായ മഹ്മദൂദ് അഹ്മദ്, അല്‍ത്താഫ് ചൗധരി, വഖാര്‍ അഹ്മദ് എന്നിവര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം

കോഴിക്കോട്: മഹ്മൂദ് അഹമ്മദിന് സംസ്ഥാന ഹയര്‍സെക്കണ്ടറി വിഭാഗം കവിതയ്ക്ക് കിട്ടിയ വിഷയം ‘ഗുരുവഴി’ എന്നായിരുന്നു. ഒട്ടും ആലോചിക്കേണ്ടി വന്നില്ല. തെളിമയുള്ള ഗുരു മുന്നില്‍ നില്‍ക്കുന്നത് കണ്ടു മഹമൂദ്. ആ വരികള്‍ പകര്‍ത്തി. ഇരുട്ട് മുമ്പില്‍ കനത്തപ്പോള്‍, പ്രകാശമായി വന്നു പ്രിയഗുരു/ ലോകം അറിഞ്ഞവരായിരുന്നു ഗുരു/ അതിനാല്‍ ലോകത്തോളം വളരുകയാണ് ഞാനും അന്‍പത് വരികള്‍ ഉള്ള ഈ കവിത രചിച്ച മഹ്മൂദ് അഹ്മദിന്റെ ജീവിത കഥ കഥനങ്ങളുടെ മധ്യേയായിരുന്നു. കശ്മീരിലെ പൂഞ്ചിലാണ് ജന്മദേശം. അതിര്‍ത്തി ഗ്രാമം. വെടിയൊച്ച ഉണ്ടാകുന്ന ഭീതി പലപ്പോഴും ഉറക്കം കെടുത്തിയിട്ടുണ്ട്. നാട്ടിലെ വിദ്യാലയത്തില്‍ കഷ്ടിച്ച് അഞ്ചുവരെ പഠിച്ചു. പിതാവ് കര്‍ഷകനാണ്. അല്ലലോടെ കഴിയുന്ന കുടുംബം. അഞ്ചാം ക്ലാസ് കഴിഞ്ഞയിടെ അങ്ങാടിയില്‍ പോയപ്പോള്‍ ഉര്‍ദുവില്‍ പതിപ്പിച്ച ഒരു പോസ്റ്റര്‍ കണ്ടു അവന്‍. ‘കേരളത്തില്‍ എല്ലാവിധ സൗകര്യങ്ങളോടെയും സൗജന്യമായി ഉന്നത നിലവാരത്തിലുള്ള പഠനം നടത്താന്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. സ്ഥാപനം മര്‍കസ്. ബന്ധപ്പെടുക’ അവനാ നമ്പര്‍ നോട്ടുചെയ്തു. വീട്ടിലെത്തിയ ഉടനെ വിളിച്ചു. കശ്മീരിലെ മര്‍കസ് പ്രതിനിധിയുമായി സംസാരിച്ചു. അടുത്ത മാസം അവന്‍ ഒരുപാട് സ്വപ്നങ്ങളും പേറി മര്‍കസിലെത്തി.
പറയുമ്പോള്‍ ഇടക്ക് ഇടറുന്നുണ്ടായിരുന്നു മഹ്മൂദ് അഹമ്മദ്. ‘അന്ന് വരുമ്പോള്‍ എ.ബി.സി.ഡി പോലും അറിയില്ലായിരുന്നു. എല്ലാം ഉസ്താദ് തന്നു. ഭക്ഷണവും വസ്ത്രവും പുസ്തകങ്ങളും, സ്‌നേഹനിധികളായ അധ്യാപകരും എല്ലാമായ വസന്തമയമായ ജീവിതത്തിന്റെ തുടക്കമായിരുന്നു പിന്നീട്. ഇന്ന്, പഠനത്തില്‍ഏറെ മിടുക്കനാണ് മഹ്മൂദ്. ഇംഗ്ലീഷ്, അറബി, ഉറുദു, ഹിന്ദി ഭാഷകള്‍ അനായേസേന കൈകാര്യം ചെയ്യും. മലയാളം നന്നായി സംസാരിക്കും. ഈ വര്‍ഷം യുവജനോത്സവത്തില്‍ കവിത രചനയില്‍ എ. ഗ്രെഡോടെ സെക്കന്‍ഡ് ആണ് മഹ്മൂദിന്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഉറുദു പ്രസംഗം, കവിതരചന എന്നീയിനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞു ഒരു ഡോക്ടര്‍ ആവാനാണ് അവന്റെ സ്വപ്നം.
മഹ്മൂദ് മര്‍കസ് ജീവിതത്തിന്റെ സമാധാനവും നിലവാരവും അനുഭവിച്ചറിഞ്ഞു. 2011ല്‍ പൂഞ്ചില്‍ തന്നെയുള്ള ബന്ധുവായ അല്‍താഫ് ചൗധരിയെകൂടി കൊണ്ടുവന്നു. അല്‍ത്താഫിനാണ് ഈ വര്‍ഷം ഉറുദു പ്രസംഗത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനം കരസ്ഥമാക്കാന്‍ ആയത്. ഉറുദു ഭാഷയുടെ പ്രാധാന്യം എന്ന വിഷയമായിരുന്നു പ്രസംഗിക്കാന്‍ ഉണ്ടായിരുന്നത്.
പ്ലസ്ടുവില്‍ പഠിക്കുന്ന ജമ്മുവില്‍ നിന്നുള്ള വഖാര്‍ അഹമ്മദിന് ആണ് ഹയര്‍സെക്കണ്ടറി വിഭാഗം പ്രസംഗത്തില്‍ എ ഗ്രെഡോടെ ഒന്നാംസ്ഥാനം. കാശ്മീരില്‍ മര്‍കസിന്റെ കീഴിലുള്ള ഇരുപതോളം സ്‌കൂളുകളില്‍ ഒന്നില്‍ സ്‌കൂള്‍ പഠനം ആരംഭിച്ചവനാണ് വഖാര്‍. എല്ലാ ക്ലാസിലും അവന്‍ ഒന്നാമനായിരുന്നു. ഏഴില്‍ എത്തിയപ്പോള്‍ കേരളത്തില്‍ വന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ നേരില്‍ കാണാനും മര്‍കസിന്റെ സെന്‍ട്രല്‍ കാമ്പസില്‍ പഠിക്കാനും അവന് മോഹമായി. അങ്ങനെ തുടങ്ങിയ പഠനം അഞ്ചാം വര്‍ഷത്തിലാണ് ഇപ്പോള്‍. ഒരു ഐ.എ.എസ് ഓഫീസറാവാന്‍ ഉള്ള മോഹം ഉസ്താദിനോട് പങ്കുവച്ചപ്പോള്‍ പ്രോത്സാഹിപ്പിച്ചതും, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതും വഖാര്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. 
കലോത്സവം കഴിഞ്ഞു മൂന്നുപേരും നേരെ എത്തിയത് ഗുരുസന്നിധിയിലേക്കാണ്. ഉര്‍ദുവില്‍ എഴുതിയ ആ കവിത ഗുരുവിനെ ചൊല്ലിക്കേള്‍പ്പിച്ചു മഹ്മൂദ്. പ്രാര്‍ത്ഥിക്കുകയും, ഉന്നതമായി മുന്നേറാന്‍ ആശീര്‍വദിക്കുകയും ചെയ്തു ഉസ്താദ്.