ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥന: ഡോ. രവിപിള്ള

0
858
SHARE THE NEWS

വൈജ്ഞാനിക വിനിമയത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെയും നാലു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന മര്‍കസ് റൂബി ജൂബിലി ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. അറിവാണ് ശക്തി. ഇത് സര്‍വവേദഗ്രന്ഥങ്ങളും മാനവരാശിക്ക് ബോധനം ചെയ്യുന്ന കാര്യമാണ്. പരിശുദ്ധ ഇസ്‌ലാം മത വേദഗ്രന്ഥമായ ഖുര്‍ആന്‍ വിജ്ഞാനത്തിനു നല്‍കുന്ന പ്രാധാന്യം സുവിദിതമാണ്. വായനയ്ക്കും സാഹിത്യപരമായ സര്‍ഗാത്മകതയ്ക്കും ഖുര്‍ആന്‍ വളരെയധികം മഹത്വവും ശ്രേഷ്ഠതയും കല്‍പിക്കുന്നു. സര്‍വതലങ്ങളിലും അറിവും കഴിവും ആര്‍ജ്ജിക്കുമ്പോള്‍ മാത്രമെ ജീവിതത്തെ സചോതനമാക്കാന്‍ സാധിക്കുകയുള്ളൂ. സാമൂഹ്യസേവന രംഗത്ത് മൂല്യവല്‍ക്കരണം സാധ്യമാക്കുന്നു എന്നിടത്താണ് മര്‍കസ് പ്രസ്ഥാനത്തിന്റെ വിജയം. ഏതൊരു ചെറിയ വിഷയമാണെങ്കിലും അതില്‍ സമൂഹത്തിലെ താഴെ തട്ടിലുള്ളവരെകൂടി മര്‍കസ് പങ്കാളികളാക്കാന്‍ ശ്രമിക്കുന്നുവെന്നതും ഞാന്‍ മനസ്സിലാക്കിയ കാര്യമാണ്. സമൂഹമാണ് എല്ലാറ്റിന്റെയും പ്രയോജകരാവേണ്ടത്. താഴെ തട്ടിലുള്ളവരെയും ഉന്നത ശ്രേണിയിലുള്ളവരെയും മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഒരുപോലെ പരിഗണിക്കുന്നുവെന്ന കാര്യമാണ് മറ്റ് പണ്ഡിതന്മാരില്‍ നിന്നും അദ്ദേഹത്തെ വ്യതിരിക്തമാക്കുന്ന ഘടകം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് താങ്ങും തണലുമായി മര്‍കസ് പ്രസ്ഥാനം വര്‍ത്തിക്കുന്നുവെന്ന വസ്തുത ബഹുമാന്യനായ കാന്തപുരവുമായി നടത്തിയ സംസാരത്തിലും മര്‍കസ് സന്ദര്‍ശിച്ച സമയത്തും ബോധ്യപ്പെട്ട കാര്യമാണ്. റാവിസ് ഗ്രൂപ്പിന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും ഒരര്‍ത്ഥത്തില്‍ മര്‍കസ് വിഭാവനം ചെയ്ത ലക്ഷ്യങ്ങളോട് സാമ്യപ്പെടുന്നതാണ്. നാല്‍പത് വര്‍ഷം മര്‍കസ് പൂര്‍ത്തിയാക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഞങ്ങളുടെ ഗ്രൂപ്പിന്റെ സാമൂഹ്യ സേവനങ്ങള്‍ കൂടിയാണ്. ആര്‍.പി ഗ്രൂപ്പിനും നാല്‍പത് തികയുകയാണ്. കരുണാരവം എന്ന പേരില്‍ ആര്‍.പി ഗ്രൂപ്പ് നടത്തുന്ന സമൂഹ വിവാഹം, നിര്‍ധനരും നിരാലംബരുമായ ജനങ്ങള്‍ക്ക് നല്‍ജീവിത കൈതാങ്ങ് മര്‍കസ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് തുലനം ചെയ്യാവുന്നതാണ്. ആര്‍.പി ഗ്രൂപ്പിനു കീഴില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇതിനേക്കാളുപരി സാമൂഹ്യ സേവനങ്ങള്‍ മര്‍കസിന് ചെയ്യാനാവും. അഡ്‌നോക് കമ്പനികളില്‍ ജോലി നോക്കുവരില്‍ മഹാഭൂരിപക്ഷവും മര്‍കസ് വഴി എത്തിയവരാണെന്നുള്ളത് ശ്രദ്ധേയമാണ്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ആഹ്ലാദത്തോടെയാണ് ഞാന്‍ വീക്ഷിക്കാറ്. പല അലുംനി പരിപാടികള്‍ക്കും ക്ഷണിതാവാക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ജലീല്‍ മാട്ടൂല്‍ മുഖേനയാണ് ഞാന്‍ മര്‍കസില്‍ പ്രഥമ സന്ദര്‍ശനം നടത്തുന്നത്. ബഹുമാന്യനായ കാന്തപുരവുമായി സൗഹൃദം പങ്കിടാനും മര്‍കസിനെ കൂടുതല്‍ അടുത്തറിയാനും ഈ സന്ദര്‍ശനം കാരണമായി. ഇതിന് അവസരമൊരുക്കിയ ജലീല്‍ മാട്ടൂലിന് പ്രത്യേകം നന്ദിപറയുന്നു. പിന്നീട് ഷാര്‍ജ ശൈഖ് കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍വെച്ചും കാന്തപുരത്തെ കണ്ടിരുന്നു. ആര്‍.പി ഗ്രൂപ്പ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് കാന്തപുരം ചോദിച്ചറിഞ്ഞു. അദ്ദേഹത്തിനുള്ള മതിപ്പും പിന്തുണയും അറിയിച്ചു.
പഠിച്ചറിഞ്ഞ വിജ്ഞാനത്തെയും സ്വായത്തമാക്കിയ കഴിവിനെയും രാജ്യത്തെ മൊത്തം ജനങ്ങളുടേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയുമ്പോഴാണ് ഏതൊരു നേതാവും ജനഹൃദയങ്ങളില്‍ പ്രതിഷ്ഠനാവുന്നത്. ആര്‍.പി. ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോഴൊക്കെ ഹൃദയത്തില്‍ നിറയുന്ന ചിത്രം നമ്മുടെ രാജ്യവും അവിടെ വസിക്കുന്ന ജനങ്ങളുമാണ്. നേട്ടങ്ങള്‍ അവര്‍ക്കുകൂടി ഉപകാര പ്രദമാക്കാനുള്ള വഴിയും വെളിച്ചവും നല്‍കണേ എന്ന പ്രാര്‍ത്ഥനയോടെയാണ് എന്റെ ഓരോ പദ്ധതികള്‍ക്കും തുടക്കം കുറിക്കാറ്. ഇത്തരമൊരു വിചാരപ്പെടലുകള്‍ കാന്തപുരത്തിനുമുണ്ടെന്നാണെന്റെ വശ്വാസം. പ്രാര്‍ഥന മാത്രം പോരാ ജീവിതവിജയത്തിന്, മറിച്ച് ത്യാഗനിഷ്ഠമായ പ്രവര്‍ത്തനം കൂടി അനിവാര്യമാണ്. നിരന്തരമായ പ്രയത്‌നവും അക്ഷീണ പ്രയാണവും ദീര്‍ഘവീക്ഷണവുമുണ്ടെങ്കില്‍ നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. വിശ്വാസ്യതയും നിസ്വാര്‍ഥതയും സമൂഹത്തോടും രാജ്യത്തോടുമുള്ള പ്രതിബദ്ധതയും ധാര്‍മിക ബോധവുമുണ്ടെങ്കില്‍ ദൈവം നാം ഇച്ഛിക്കുന്നിടത്തേക്ക് നമ്മെ എത്തിക്കും. ഇതെന്റെ ജീവിത പാഠമാണ്. ഈ അവസ്ഥ തന്നെയായിരിക്കും കാന്തപുരത്തിന്റേതെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
നന്മയിലധിഷ്ഠിതമായ സമൂഹത്തിന്റെ പരിപോഷണത്തിനും ഉന്നമനത്തിനും മര്‍കസ് സൃഷ്ടിച്ചെടുക്കുന്ന വൈജ്ഞാനിക പദ്ധതികള്‍ ഏതര്‍ത്ഥത്തിലും അഭിനന്ദനാര്‍ഹമാണ്. സാമുദായിക ഉന്നമനത്തോടൊപ്പം രാജ്യത്തിന്റെ നിര്‍മാണാത്മകമായ പുരോഗതി കൂടി മര്‍കസ് പ്രവര്‍ത്തനങ്ങളില്‍ പ്രകടമാണ്. ഈയൊരു നന്മയുടെ തിരയിളക്കം തീര്‍ച്ചയായും ദൈവത്തമാണ്. നാല്‍പതാം വാര്‍ഷിക നിറവില്‍ ജ്വലിച്ചു നില്‍ക്കു മര്‍കസിനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.


SHARE THE NEWS