ഹൃദയത്തില്‍ തൊട്ട് ഒരു വാക്ക്: ടി.പി ചെറൂപ്പ

0
1111
SHARE THE NEWS

അരനൂറ്റാണ്ടിനു മുമ്പുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ-നവോത്ഥാന അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുക അതിശയകരമായിരിക്കും. അത്രക്ക് മാറിപ്പോയിരിക്കുന്നു കാര്യങ്ങള്‍ ഇന്ന്. അറബി മലയാളത്തിനപ്പുറം മാപ്പിള ഭാഷ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. സാധാരണ ജനത്തിന് മതപരമായ അറിവ് കൈയെത്തും ദൂരത്ത് പോലുമില്ലായിരുന്നു. വിദ്യാഭ്യാസ നിലവാരമാവട്ടെ മദ്രസകളിലും പള്ളി ദര്‍സുകളിലും പരിമിതപ്പെട്ടു നില്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിശയിപ്പിക്കും വേഗത്തിലാണ് മുസ്‌ലിം സമുദായത്തില്‍ മത-ഭൗതിക വിജ്ഞാനത്തിന്റെ സ്‌ഫോടനമുണ്ടായത്. ദര്‍സുകളില്‍ സജീവമായിരുന്ന  സുന്നിസമൂഹം ഇന്ന് എല്ലാ മേഘലകളിലും അതിശയകരമായ വളര്‍ച്ച പ്രാപിച്ചരിക്കുന്നു. നമ്മുടെ നവോത്ഥാന ചരിത്രത്തെതന്നെ മാറ്റി എഴുതുകയായിരുന്നു സുന്നികളുടെ ഈ മുന്നേറ്റം. അറബിക് കോളജ് സംസ്‌കാരം കുത്തകയാക്കി വെച്ചിരുന്നവരെ വളരെ വേഗം പിറകിലാക്കി എത്ര പെട്ടെന്നാണ് സുന്നത്ത് ജമാഅത്ത് സമൂഹം മുന്‍നിര പിടിച്ചു പറ്റിയത്! ഈ കുതിച്ചു കയറ്റത്തിന്റെ ചരിത്രമെടുത്ത് അതിന്റെ നായകത്വം വഹിച്ച പ്രധാനികളെ മുമ്പില്‍ നിര്‍ത്തുമ്പോള്‍ അവിടെ ഒരു മുസ്‌ലിയാരെ കാണാനാവും. ദര്‍സുകളില്‍ ഓതുകയും ദര്‍സുകളില്‍ ഓതിക്കൊടുക്കുകയും ചെയ്യുമ്പോഴൊക്കെ മതകീയ വിജ്ഞാനത്തിന്റെയും വൈജ്ഞാനിക നവോത്ഥാന ശൃംഖലകളുടെയും മഹാചക്രവാളങ്ങള്‍ സ്വപ്നം കണ്ട കാന്തപുരത്തുകാരനായ ഒരു മുസ്‌ലിയാര്‍. അഥവാ, പില്‍ക്കാലത്തെ എ.പി ഉസ്താദ്.
ഏതൊരു യുദ്ധത്തിന്റെയും പദ്ധതിയുടെയും വിജയരഹസ്യം സ്വപ്നം കാണാനുള്ള സിദ്ധിയാണ്. പലര്‍ക്കും സ്വപ്നം കാണാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ നമ്മുടെ ബള്‍ബുകള്‍ കത്തുകയോ വാഹനങ്ങള്‍ ഓടുകയോ വിമാനങ്ങള്‍ പറക്കുകയോ ഇല്ലായിരുന്നു; ലോകം ഇന്നിക്കാണുന്ന ശാസ്ത്ര വളര്‍ച്ചയില്‍ എത്തുകയില്ലായിരുന്നു. അതുകൊണ്ടു തന്നെ തീര്‍ത്തു പറയാനാവും, കാന്തപുരം എന്ന ഗ്രാമത്തിലെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന മനുഷ്യന്‍ താലോലിച്ച സ്വപ്നമാണ് രാജ്യവ്യാപകമായി തിളങ്ങി നില്‍ക്കുന്ന മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന പ്രസ്ഥാനം.
അസൂയാവഹമായിരുന്നു അതിന്റെ വളര്‍ച്ച. നാലുപതിറ്റാണ്ടിനകമുള്ള ആ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ടോ കേട്ടോ അനുഭവിച്ചോ അറിയാന്‍ കഴിഞ്ഞ എളിയ വ്യക്തിയാണ് ഈ കുറിപ്പികാരന്‍. അക്ഷരങ്ങളുടെ താക്കോലിട്ട് അറിവിന്റെ അറ തുറക്കാനുള്ള അതിന്റെ ത്വരയും വേഗവും എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. 1974-ല്‍ മുസ്‌ലിം ലീഗ് പിളര്‍ന്നപ്പോള്‍ അന്നത്തെ അഖിലേന്ത്യാ ലീഗ് ഒരു പത്രം തുടങ്ങി – ലീഗ് ടൈംസ്. കലാനിലയം കൃഷ്ണന്‍ നായരില്‍ നിന്ന് വാങ്ങിയതായിരുന്നു അതിന്റെ അച്ചടിയന്ത്രം. 1984-ല്‍ മുസ്‌ലിം ലീഗ് ഒന്നായപ്പോള്‍ ലീഗ് ടൈംസ് നിര്‍ത്തി. ജീവനക്കാരെയും മറ്റും ചന്ദ്രികയില്‍ ലയിപ്പിച്ചു. ഈ സമയത്ത് ആ പ്രസ്സ് വാങ്ങി സിറാജ് പത്രം തുടങ്ങാന്‍ തീരുമാനിച്ചു എ.പി ഉസ്താദ്. സുന്നികള്‍ക്ക് ഒരു ദിനപത്രം എന്ന ആശയം മൂന്നു പതിറ്റാണ്ടു മുമ്പ് പ്രാവര്‍ത്തികമാക്കിയത് എ.പിയാണ്.  പ്രസ്ഥാന ബലത്തിന്റെ ഭാഗമായി ഇപ്പോഴും അദ്ദേഹം സിറാജ് പത്രം നടത്തി വരുന്നു. ഏതു സംരംഭത്തിന്റെയും വിജയത്തിനു പിന്നിലെ വിഷന്‍ സ്ഥാപിക്കാനാണ് ഇതിവിടെ ഓര്‍ത്തത്. അക്ഷരങ്ങളിലൂടെയേ വിദ്യയും വിപ്ലവവും ഉണ്ടാക്കാന്‍ കഴിയൂ എന്ന് സുന്നി സമൂഹത്തെ പ്രായോഗികമായി പഠിപ്പിച്ച ഗുരുവും എ.പി ഉസ്താദാണ്. അക്ഷര വിരോധികളെന്ന് സുന്നികളെ അപഹസിച്ചവരെ അക്ഷരത്തിന്റെ അമ്പുകളാല്‍ എയ്ത് വീഴ്ത്തിക്കൊണ്ടിരിക്കുകയുമാണ് അദ്ദേഹമിപ്പോള്‍.
സുന്നികള്‍ യോജിപ്പിലെത്തേണ്ടതുണ്ട്.അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ കാന്തപുരം ഉസ്താദിന്റെയും മര്കസിന്റെയും നേതൃത്വത്തില്‍ സജീവമാവട്ടെ.  നാല്‍പതാം വര്‍ഷത്തിലാണ് മര്‍ക്കസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ഇത് സര്‍വശക്തന്റെ വലിയൊരു അനുഗ്രഹമാണ്; ചിലപ്പോള്‍ പരീക്ഷണവും. ഈ അനുഗ്രഹത്തിന്റെ നന്ദി, സുന്നി ആശയങ്ങളുള്ളവരെ ഒന്നിപ്പിക്കാന്‍ മുന്‍കൈയെടുത്തു കൊണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു; ഹൃദയം തൊട്ട്.

SHARE THE NEWS