ഹൃദയത്തില്‍ പതിഞ്ഞ സ്‌നേഹാകൃതം: ഡോ. അബ്ദുസ്സലാം റിയാദ്

0
1644
SHARE THE NEWS

കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന തസ്തികയിലിരുന്ന് മര്‍കസിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിറവാര്‍ന്ന അധ്യായങ്ങളാണ് ചിന്തയില്‍ നിറയുന്നത്.
ഉപ്പയുടെ വിയോഗാനന്തരം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ബാല്യത്തില്‍ നിന്നും ഇന്ന് ഉന്നത ശ്രേണിയിലെത്താന്‍ സഹായകമായത് മര്‍കസിന്റെ സ്‌നേഹവും തണലുമായിരുന്നു. അറുപത് എഴുപത് കാലങ്ങളില്‍ ഭൗതിക വിദ്യാഭ്യാസം ചില വിഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന സാഹചര്യമായിരുന്നു. ഈ അവസ്ഥയില്‍ നിന്നും സര്‍വജനങ്ങള്‍ക്കും വിദ്യാഭ്യാസം സാധ്യമാക്കുക എന്ന വിപ്ലവത്തിന് തുടക്കം കുറിച്ചത് മര്‍കസായിരുന്നു. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരെ കണ്ടുപിടിച്ച് അവര്‍ക്ക് വളരാനും പഠിക്കാനുമുള്ള സൗകര്യം എല്ലാതലത്തിലും ഒരുക്കുന്നു എന്നിടത്താണ് മര്‍കസ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വ്യതിരിക്തമാകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും നിദാനം മര്‍കസായിരുന്നു. മക്കളെ എങ്ങനെ പഠിപ്പിക്കുമെന്ന് ആകുലപ്പെട്ട മാതാവിനു മുന്നില്‍ ഏക പോംവഴി മര്‍കസായിരുന്നു. എനിക്കും സഹോദരനും പഠിക്കാനുള്ള എല്ലാ വിധ സൗകര്യ സഹായവും ഉസ്താദ് നല്‍കി. മര്‍കസ് എന്ന ചിറകില്ലായിരുന്നെങ്കില്‍ എനിക്കും കൂട്ടുകാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ സാധിക്കില്ലായിരുന്നു.
ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളും മറ്റു പ്രായാസങ്ങളും ഏറ്റെടുക്കാനുള്ള ലൈഫ് സ്‌കില്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്കില്ല. പക്ഷേ, ഇരുപത് വര്‍ഷത്തോളം ഹോസ്റ്റല്‍ ജീവിതം നയിച്ച എനിക്ക് പറയാനുള്ളത് മര്‍കസ് ഹോസ്റ്റല്‍ ജീവിതം മികച്ച ലൈഫ് സ്‌കിലും അച്ചടക്കവും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നു. മര്‍കസില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ ചിന്താചക്രവാളം പ്രവിശാലമാണ്.അന്താരാഷ്ട്ര സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരോട് വരെ ക്രിയാത്മകമായി സംവദിക്കാനുള്ള അറിവനുഭവങ്ങള്‍ സ്വായത്തമാക്കാന്‍ സാധിക്കുന്നു. ഇതിനു പറ്റിയ ഒരന്തരീക്ഷം/പഠന ബോധന/പ്രയോഗ രീതിയാണ് മര്‍കസിലുള്ളത്. മര്‍കസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളിലധികവും താഴെ തട്ടിലുള്ളവരാണ്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും അവര്‍ക്ക് നന്നായി ബോധ്യപ്പെടുന്നുണ്ട്. സമൂഹത്തില്‍ വരുത്താവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന അവബോധവും തിരിച്ചറിവുകളും മര്‍കസിലെ പഠനം വഴി ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്നു.
വ്യക്തമായ കാഴ്ച്ചപ്പാടുകളും വൈജ്ഞാനിക വിനിമയങ്ങളുടെ പ്രയോഗവല്‍ക്കരണവുമാണ് മര്‍കസെന്ന വിദ്യാഭ്യാസ കേന്ദ്രത്തെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം. ‘എജ്യുക്കേഷന്‍ വിത്ത് എ വിഷന്‍’ പഠനകാലത്ത് മര്‍കസ് വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുത്തുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്ധ്യാര്‍ത്ഥിത്വത്തിന്റെ സൃഷ്ടിപ്പാണ് മര്‍കസ് സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിത വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും മര്‍കസ് ഇടപെടുന്നു. അഥവാ വിദ്യാര്‍ത്ഥി ജീവിതത്തിനും തുടര്‍ന്നും എല്ലാ രീതിയിലുള്ള ശാക്തീകരണത്തിനും മര്‍കസ് വഴിയൊരുക്കുന്നുണ്ട്.
അനാഥാത്വത്തിനു മുന്നില്‍ പകച്ചുപോയ എന്നെയും സഹോദരനെയും മര്‍കസ് പോറ്റി വളര്‍ത്തിയത് സ്‌നേഹവാത്സല്യത്തോടെയായിരുന്നു. ഞാനിന്ന് ഈ നിലയിലെത്താനുള്ള സര്‍വ്വ വഴികളും ശൈഖുനാ കാന്തപുരം ഉസ്താദാണ് കാണിച്ചു തന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഹൃദയ വിങ്ങല്‍ എല്ലാ അര്‍ത്ഥത്തിലും മര്‍കസ് കേള്‍ക്കുന്നു. അനാഥകള്‍ക്കൊപ്പം അഗതികള്‍ക്കും ഈ കാരുണ്യനികേതം അഭയസ്ഥാനമാകുന്നു എന്നിടത്താണ് മര്‍കസ് രാജ്യത്തിന്റെ തന്നെ അത്യാവശ്യ ഘടകമായി മാറുന്നത്. വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക വഴികള്‍ അടഞ്ഞവര്‍ക്കും തുടര്‍പഠനം കേവല സ്വപ്‌നമായി തീര്‍ന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കും മര്‍കസ് നല്‍കുന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും കിരണങ്ങള്‍ മറ്റൊരു പ്രസ്ഥാനത്തിനും സ്ഥാപനത്തിനും നല്‍കാനാകില്ലെന്നുറപ്പാണ്. മര്‍കസ് സര്‍വ്വര്‍ക്കും സ്‌നേഹതുരുത്തും അഭയസ്ഥാനവുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍കസ് അടയാളപ്പെടുന്നതും ഈയൊരു വിലാസത്തിലാണ്. ഈ നാമവും ഖ്യാതിയും ഇനിയും ഉയരങ്ങളില്‍ ആലേഖനം ചെയ്യാന്‍ മര്‍കസിനാവട്ടെ.


SHARE THE NEWS